സൂര്യകാന്തി പൂവ് ഗ്രിൽ ചെയ്ത് കഴിക്കുന്നു, ആശയക്കുഴപ്പത്തിൽ സോഷ്യൽ ലോകം

Mail This Article
സൂര്യകാന്തി വിത്തുകൾക്കു ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മാത്രമല്ല, ധാരാളം ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യാനും കഴിയും. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ദഹനം എളുപ്പത്തിലാക്കാനുമെല്ലാം സൂര്യകാന്തിയുടെ വിത്തുകൾ കഴിച്ചാൽ മതിയാകും. സ്മൂത്തികൾ തയാറാക്കാനും സാലഡുകളിലും സൂപ്പുകളിലും എന്നുവേണ്ട ധാരാളം വിഭവങ്ങളിൽ ഈ വിത്തുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൂര്യകാന്തി പൂവ് കഴിക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എന്നാൽ അങ്ങനെയൊരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സൂര്യകാന്തി പൂവ് വെറുതെ കഴിക്കുകയല്ല ചെയ്യുന്നത്. അത് ഗ്രിൽ ചെയ്താണ് കഴിക്കുന്നത്. എന്തായിരിക്കും ആ പൂവിന്റെ രുചിയെന്ന ആശയക്കുഴപ്പത്തിലാണ് സോഷ്യൽ ലോകം.
ഒരാൾ തന്റെ പൂന്തോട്ടത്തിൽ നിന്നും രണ്ടു സൂര്യകാന്തി പൂക്കൾ പറിച്ചെടുക്കുന്നതിൽ നിന്നുമാണ് വിഡിയോയുടെ ആരംഭം. പൂവിന്റെ മുകളിൽ കാണുന്ന പൂമ്പൊടിയും ഇതളുകളും മാറ്റിയതിനു ശേഷം അതിനു മുകളിലായി നേരത്തെ തയാറാക്കി വച്ചിരുന്ന വെളുത്തുള്ളി, മാർജോരം, ഒലിവ് ഓയിൽ എന്നിവ അടങ്ങിയ ഒരു മിശ്രിതം തേച്ചുപിടിപ്പിക്കുന്നു. തുടർന്ന് ഗ്രില്ലിലേയ്ക്ക് മാറ്റുന്ന പൂവ് പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ അതിൽ വെച്ചതിനുശേഷമാണ് പുറത്തെടുക്കുന്നത്. നേരത്തെ അടർത്തി മാറ്റിവെച്ചിരുന്ന പൂവിതളുകൾ കൂടി വെച്ച് അലങ്കരിച്ചതിനു ശേഷമാണ് ഗ്രിൽ ചെയ്ത സൂര്യകാന്തി പൂവ് കഴിക്കാനായി വിളമ്പുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ 2.4 മില്യൺ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ധാരാളം പേർ പുതുവിഭവം രുചിക്കാനുള്ള ആഗ്രഹം പങ്കുവെച്ചു കൊണ്ട് കമെന്റുകളും കുറിച്ചിട്ടുണ്ട്. ഹവായിലെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണിതെന്നു ഒരാൾ എഴുതിയപ്പോൾ കഴിച്ചു നോക്കാൻ ആഗ്രഹമുണ്ടെന്നും ഇത് ഭക്ഷ്യയോഗ്യമായ വിഭാഗത്തിൽ ഉൾപ്പെട്ട സൂര്യകാന്തി പൂവാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത് സൂര്യകാന്തി പൂവിനു നൽകാൻ കഴിയുന്ന പോഷക, ഔഷധ ഗുണങ്ങൾ എന്തെല്ലാമെന്നതായിരുന്നു.
English Summary: Can You Eat A Sunflower? This Viral Video Will Surprise You