തടി കുറയ്ക്കാം; സാലഡ് ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കൂ

Mail This Article
ഡയറ്റ് ചെയ്യുന്നവരുടെയെല്ലാം ഭക്ഷണത്തിൽ സാലഡിനുള്ള പങ്കു ചെറുതല്ല. ആരോഗ്യദായകമെന്നതു മാത്രമല്ല, രുചികരവുമാണ് സാലഡുകൾ. എന്നാൽ രുചി വർധിപ്പിക്കാനായി ചിലതു ചേർക്കുമ്പോൾ സാലഡിന്റെ പോഷകഗുണങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. ഇനി പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മതിയാകും സാലഡിനെ പോഷക സമ്പുഷ്ടമാക്കാം.
പച്ചക്കറികൾ മാത്രമല്ല പഴങ്ങളും
ആരോഗ്യദായകമായ സാലഡുകൾ തയാറാക്കുന്നതിന് പച്ചക്കറികളും പഴങ്ങളും തെരഞ്ഞെടുക്കുമ്പോൾ മുതൽ തന്നെ ശ്രദ്ധിക്കണം. അവോക്കാഡോ, ബ്രോക്കോളി, കൂൺ തുടങ്ങിയവ കൂടി ഉൾപ്പെടുത്തി കൊണ്ടായിരിക്കണം സാലഡുകൾ തയാറാക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ സാലഡ് പോഷകങ്ങൾ നിറഞ്ഞതാകുമെന്നു മാത്രമല്ല, ശരീരത്തിന് ആവശ്യമായ ധാരാളം ഘടകങ്ങൾ ലഭിക്കുകയും ചെയ്യും.
സാലഡ് നിറങ്ങൾ നിറഞ്ഞതാക്കാം
പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള പച്ചക്കറികൾ കൂടി സാലഡ് തയാറാക്കുമ്പോൾ ചേർക്കണം. വിവിധ നിറങ്ങളിലുള്ള ക്യാപ്സിക്കം, ക്യാരറ്റ്, കുക്കുമ്പർ എന്നിവ കൂടി ചേർക്കാൻ മറക്കരുത്. കരോട്ടിനോയിഡുകളാൽ സമ്പന്നമാണ് ഈ പച്ചക്കറികൾ.
സിട്രസ് അടങ്ങിയ പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, ബെറി പഴങ്ങൾ, എന്നിവ ചേർക്കുന്നത് സാലഡിനു പ്രത്യേകം മണവും രുചിയും നൽകുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. രുചിയും മണവും മാത്രമല്ല, വിറ്റാമിനുകൾ നിറഞ്ഞതുമാണ് ഈ പഴങ്ങൾ. ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങൾ നല്കാൻ സിട്രസ് അടങ്ങിയ പഴങ്ങൾക്ക് കഴിയും.
നട്സും സീഡ്‌സും ചേർക്കാം, ഗുണങ്ങൾ ധാരാളമുണ്ട്
ഇടയ്ക്കിടെ കടിക്കാൻ സാലഡുകളിൽ എന്തെങ്കിലുമുണ്ടെങ്കിൽ കൂടുതൽ നന്നായിരുന്നേനെ എന്ന് ചിന്തിക്കുന്നവർക്ക് നട്സും സീഡ്‌സുമൊക്കെ ചേർക്കാം. ബദാം, വാൾനട്ട്, മത്തങ്ങയുടെ കുരു, സൂര്യകാന്തിയുടെ വിത്തുകൾ തുടങ്ങിയവ കൂടി സലാഡിൽ ഉൾപ്പെടുത്താം. കൂടുതൽ രുചികരമാകുമെന്നു മാത്രമല്ല, ഗുണങ്ങളും ധാരാളമുണ്ട്.
സാലഡ് ശ്രദ്ധയോടെ തയാറാക്കണം
സാലഡ് തയാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ശരിയായ അളവിൽ അടങ്ങിയിട്ടുണ്ടോ എന്ന് തന്നെയാണ്. ഒരു നേരത്തെ ഭക്ഷണമായി സാലഡ് കഴിക്കുമ്പോൾ അതിൽ എല്ലാ തരം പോഷകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചിരിക്കണം.
English Summary: Make Your Salad Healthier. 5 Ways To Add More Vitamins To It