അഞ്ചു കിലോ ലഡ്ഡുവിന് ലേലത്തില്‍ ലഭിച്ചത് 1.26 കോടി രൂപ!
Mail This Article
മുന്‍കാലത്തെ റെക്കോഡുകളെല്ലാം തകര്‍ത്തുകൊണ്ട്, ഹൈദരാബാദിലെ സണ്‍സിറ്റിയിലുള്ള റിച്ച്മണ്ട് വില്ലാസില്‍ ഈ വര്‍ഷം നടന്ന ലഡ്ഡു ലേലത്തില്‍ വിറ്റ ലഡ്ഡുവിന് ലഭിച്ചത് 1.26 കോടി രൂപ! അഞ്ചു കിലോ ഭാരമുള്ള ലഡ്ഡുവാണ് ഇത്രയും ഭീമമായ തുകയ്ക്ക് ലേലത്തില്‍ പോയത്. കർഷകനായ വംഗേട്ടി ലക്ഷ്മ റെഡ്ഡിയാണ് ഇത്രയും തുകനല്‍കി ഈ ലഡു സ്വന്തമാക്കിയത്.
ഗണേശോത്സവത്തിന്‍റെ പത്താം ദിവസം, മൂന്ന് മണിക്കൂർ നീണ്ട ലേലമാണ് ലഡ്ഡുവിന് വേണ്ടി നടന്നത്.
ഗണേശോത്സവ ആഘോഷവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും നടക്കുന്നതാണ് ഈ ലേലം. എല്ലാ വർഷവും ഗണേശ നിമജ്ജനത്തിന്‍റെ തലേദിവസമാണ് ഈ ലേലം നടക്കുന്നത്. 2019 ൽ സണ്‍ സിറ്റിയില്‍ ആദ്യമായി ആരംഭിച്ച ലേലം പിന്നീട് എല്ലാ വര്‍ഷവും മുടക്കം കൂടാതെ നടക്കുന്നു.
കഴിഞ്ഞ വർഷം ഏകദേശം 12 കിലോ ഭാരമുള്ള ഗണേഷ് ലഡ്ഡു 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ വർഷം, ലേലത്തിൽ, മുൻവർഷത്തെ തുകയേക്കാൾ ഇരട്ടിയിലധികം വിലയിൽ അമ്പരപ്പിക്കുന്ന വർധനയുണ്ടായി.
ലേലത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് വിവിധ സ്കൂളുകള്‍ക്കും വിവിധ ആരോഗ്യസേവനങ്ങള്‍ക്കും സഹായം നല്‍കും. കൂടാതെ വിവിധ എൻജിഒകൾക്ക് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാറുമുണ്ട്.
ഹൈദരാബാദിന്‍റെ മറ്റു ഭാഗങ്ങളിലും ഇത്തരം ലഡ്ഡുപ്രസാദ ലേലങ്ങള്‍ നടക്കാറുണ്ട്. ഗണേശോത്സവത്തിന്‍റെ അവസാന ദിവസമാണ് സാധാരണയായി ഈ പരിപാടി നടക്കുന്നത്. ഗണേശ് ലഡു ലേലം ചെയ്യുന്ന പാരമ്പര്യം 1994 ൽ കോലൻ മോഹൻ റെഡ്ഡി എന്ന പ്രാദേശിക കർഷകനാണ് അവതരിപ്പിച്ചത്. അന്ന് വെറും 450 രൂപയ്ക്ക് അദ്ദേഹം ലഡ്ഡു സ്വന്തമാക്കി. ഈ ലഡ്ഡു പ്രസാദം വീട്ടുകാർക്കും ഗ്രാമവാസികൾക്കും വിതരണം ചെയ്ത ശേഷം അദ്ദേഹം തന്‍റെ കൃഷിയിടത്തിൽ തളിച്ചു. തുടര്‍ന്ന് അക്കൊല്ലം വിളവില്‍ ഗണ്യമായ വർദ്ധനവുണ്ടായി. അതിനാല്‍, ലേലത്തില്‍ പങ്കെടുക്കുന്നത് ഭാഗ്യം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നൽകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
English Summary: 5-kg Ganesh Ladoo in Hyderabad auctioned for record Rs.1.26 cr