കൂരി ഇനി കല്ലിൽ തേച്ചെടുക്കണ്ട! ഈ ട്രിക്കിലൂടെ നിമിഷനേരം കൊണ്ട് വൃത്തിയാക്കാം

Mail This Article
മീൻ മുളകിട്ടത് മിക്കവർക്കും പ്രിയമാണ്. ആറ്റുമീൻ ആണെങ്കിൽ അത്രയും നല്ലത്. മീൻക്കറി രുചികരമായി കറിവയ്ക്കാമെങ്കിലും മീൻ വൃത്തിയാക്കി എടുക്കുക എന്നത് ടാസ്കാണ്. പ്രത്യേകിച്ച് കൂരി പോലെയുള്ള മീനുകൾ. കൂരി, കൂരി വാള, ചില്ലാൻ, മഞ്ഞക്കൂരി എന്നീ പേരിൽ അറിയപ്പെടുന്ന ശുദ്ധജല മല്‍സ്യങ്ങൾ വെട്ടിയെടുക്കാനും വൃത്തിയാക്കുവാനും പ്രയാസമാണ്.
വഴുവഴുപ്പുള്ള ഈ മീനുകൾ ശരിയായ രീതിയിൽ കത്തികൊണ്ട് മുറിക്കാനും പുറംഭാഗം തേച്ചെടുക്കാനും പാടാണ്. ഇനി ടെൻഷൻ വേണ്ട, വളരെ പെട്ടെന്ന് തന്നെ കൂരി നല്ലതുപോലെ വെട്ടിക്കഴുകി എടുക്കാം. കല്ലിൽ തേച്ചെടുക്കാതെ തന്നെ തൂവെള്ള നിറത്തിൽ വൃത്തിയാക്കുകയും ചെയ്യാം. ഈ ട്രിക്ക് പരീക്ഷിക്കാം.
ആദ്യം പാത്രത്തിൽ വെള്ളം എടുക്കാം. അതിലേക്ക് 6 കഷ്ണം കുടംപുളി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഗ്യാസിൽ വച്ച് ചൂടാക്കണം. ചൂടുകൂടിപോകാതെ ശ്രദ്ധിക്കണം. ചട്ടിയിൽ എടുത്തു വച്ചിരിക്കുന്ന കൂരി മീനിലേക്ക് ഈ പുളിവെള്ളം ചെറു ചൂടോടെ ഒഴിക്കണം. ചൂടുകൂടിയാൽ മീൻ വെന്തുപോകും. മീൻ മുങ്ങി കിടക്കുന്നിടത്തോളം വെള്ളം വേണം. 10 മിനിറ്റ് നേരം വയ്ക്കണം. ശേഷം കത്രിക കൊണ്ട് മീനിന്റെ വശങ്ങളും വാലും കളയണം. സ്ക്രബർ കൊണ്ടോ കത്രിക ഉപയോഗിച്ചോ മീൻ ഉരച്ചെടുക്കാം. മിനിറ്റുകൾ കൊണ്ട് മീൻ വൃത്തിയാക്കി എടുക്കാം. കൂരിയുടെ വഴുവഴുപ്പും അഴക്കും മാറി തൂവെള്ള നിറത്തിലാകുന്നത് കാണാം. വളരെ എളുപ്പത്തിൽ തന്നെ കൂരി വൃത്തിയാക്കിയെടുക്കാൻ ഇങ്ങനെ പരീക്ഷിക്കാം.
English Summary: How to Clean Catfish the Easy Way