ഇത്ര ചങ്കൂറ്റമോ! സ്കൈഡൈവിങ്ങിനിടെ ബ്രേക്ഫാസ്റ്റ് കഴിക്കുന്ന ഡൈവർ

Mail This Article
പാചക വിഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ട റീലുകളും ദിനംപ്രതി പുതിയ തലങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ഓരോ ദിവസവും പുതിയ പരീക്ഷണങ്ങളാണ് ഫൂഡ് വ്ലോഗർമാർ നടത്തുന്നത്. ഇപ്പോഴിതാ ഒരു സ്കൈ ഡൈവർ സ്കൈ ഡൈവിങ്ങിനിടെ ആകാശത്തുവച്ച് പ്രഭാതഭക്ഷണം കഴിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
@osmar.8a എന്നയാളുടെ ഇൻസ്റ്റഗ്രാം റീലിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്കൈഡൈവർ ഡൈവിങ്ങിനിടെ സ്പാനിഷ് ഭാഷയിൽ ഇങ്ങനെ പറയുന്നത് കേൾക്കാം: ‘‘രാവിലെ പത്തുമണി, ഞാൻ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല.’’ തുടർന്ന് അയാൾ ശരീരത്തിൽ കെട്ടിവച്ചിരിക്കുന്ന ബാഗിൽനിന്ന് ഒരു പൊതിയെടുത്തു തുറക്കുകയാണ്. അതിൽനിന്ന് ഒരു പാക്കറ്റ് സിറിയൽ എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുന്നു. അടുത്തതായി, അയാൾ ഒരു വാഴപ്പഴം ചെറിയ കഷണങ്ങളാക്കി അതിലേക്ക് ഇടുന്നു. അവസാനം, ഒരു ചെറിയ കുപ്പിയിൽ കരുതിയിരുന്ന പാൽ അതിലേക്ക് ഒഴിച്ച് കഴിക്കുന്നതാണ് വിഡിയോ. തന്റെ അതിസാഹസികമായ പ്രഭാതഭക്ഷണം കഴിച്ചു കഴിഞ്ഞ് അയാൾ നിലത്തിറങ്ങുന്നതും വിഡിയോയിൽ കാണാം.
വിഡിയോ ഇതുവരെ 3.2 കോടി പേരാണ് കണ്ടത്. രസകരമായ നിരവധി പ്രതികരണങ്ങളാണ് ഇതിനു കിട്ടുന്നത്. കൗതുകകരവും സാഹസികവുമായ നിരവധി വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡാകുന്നത്.