ഇത് ഭീമന്‍ ഉള്ളി! 8.97 കിലോഗ്രാം ഭാരവുമായി ഗിന്നസ് റെക്കോർഡ് നേടി

Mail This Article
വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ സ്വയം വളര്‍ത്തുന്നതില്‍ ഒരു ആനന്ദമുണ്ട്. പലയിടങ്ങളിലും ആളുകള്‍ സ്വന്തമായ രീതിയിലും ആകൃതിയിലുമെല്ലാം പച്ചക്കറികള്‍ ഉണ്ടാക്കിയെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ചതുരാകൃതിയിലുള്ള തണ്ണിമത്തന്‍ ഉദാഹരണം. അത്തരമൊരു പരീക്ഷണം ഗിന്നസ് ബുക്കില്‍ ഇടം നേടി. യുകെയിലെ ഗുർൺസിയിൽ നിന്നുള്ള ഗാരെത്ത് ഗ്രിഫിൻ എന്ന വ്യക്തിയാണ് തന്‍റെ വ്യത്യസ്തമായ കൃഷിയിലൂടെ ലോകപ്രശസ്തനയത്. ലോകത്തിലെ ഏറ്റവും വലിയ ഉള്ളിയാണ് ഇയാള്‍ ഉണ്ടാക്കിയെടുത്തത്.
സെപ്തംബർ 15 ന് നോർത്ത് യോർക്ക്ഷെയറിൽ നടന്ന ഹാരോഗേറ്റ് ശരത്കാല പുഷ്പ പ്രദർശനത്തിൽ ലോകത്തിലെ ഏറ്റവും ഭാരമേറിയ ഉള്ളി ഇയാള്‍ അവതരിപ്പിച്ചതായി ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാം ഹാൻഡിലില്‍ പറയുന്നു. ഈ ഭീമാകാരമായ ഉള്ളിക്ക് 8.97 കിലോഗ്രാം ഭാരം ഉണ്ടെന്നാണ് റിപ്പോർട്ട്.
തന്‍റെ അച്ഛനാണ് ഇത്തരമൊരു ഉള്ളി വളര്‍ത്തിയെടുക്കാന്‍ പ്രചോദനമായതെന്ന് ഗ്രിഫിൻ പറയുന്നു. ഏകദേശം 13 വർഷം മുമ്പാണ് കൃഷി ഒരു ഹോബിയില്‍ നിന്നും വളരെ സീരിയസായി എടുക്കാന്‍ തുടങ്ങിയത്. അച്ഛന്‍ ഭീമന്‍ ഉള്ളി വളര്‍ത്തിയെടുക്കാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചു. അദ്ദേഹം ഉണ്ടാക്കിയെടുത്ത ഏറ്റവും വലിയ ഉള്ളിയുടെ ഭാരം 7 പൗണ്ട് 12 ഔൺസ് ആയിരുന്നു. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന് വലിയ വിലയുണ്ടെന്ന് ഗ്രിഫിന്‍ പറഞ്ഞു.
ഇതിനു മുന്നേ ലോക റെക്കോഡ് നേടിയ ഉള്ളിയുടെ ഭാരം 8.5 കിലോഗ്രാമായിരുന്നു. 2014 ലായിരുന്നു ഈ റെക്കോഡ്. ഇക്കുറി ശരത്കാല പുഷ്പ പ്രദര്‍ശനത്തില്‍ ഏകദേശം പത്തോളം വിളകള്‍ ലോക റെക്കോർഡ് നേടിയിരുന്നു .
ഉള്ളി മാത്രമല്ല, ഇങ്ങനെ ഭീമന്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്ന കര്‍ഷകരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം പച്ചക്കറികള്‍ക്കായി 2023 ൽ മാൽവേണിൽ നടന്ന CANNA UK നാഷണൽ ജയന്റ് വെജിറ്റബിൾ ചാമ്പ്യൻഷിപ്പിൽ 640 ലധികം എൻട്രികൾ ഉണ്ടായിരുന്നു. ഏറ്റവും നീളം കൂടിയ കുക്കുംബറും ഏറ്റവും ഭാരമുള്ള കുരുമുളകും ഏറ്റവും വലിയ റണ്ണർ ബീൻ ഇലയുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.