കൈയ്യടിച്ച് ഷാറുഖ് ആരാധകർ; ഇത് ജവാൻ സ്പെഷൽ സിനിമാറ്റിക് പാനിപൂരി
Mail This Article
പാനിപൂരിയും ഷാറൂഖ് ഖാന്റെ ഈയിടെ പുറത്തിറങ്ങിയ ജവാൻ സിനിമയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ബന്ധമൊന്നുമില്ലെങ്കിലും പാനിപൂരി തയാറാക്കുന്ന ഈ വിഡിയോയും അതിലെ നാടകീയതയും പശ്ചാത്തല സംഗീതവുമൊക്കെ ആരെയും ആ വിഭവം കഴിക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും. ആയിരം കോടിയും കടന്നു മുന്നേറുന്ന ജവാന്റെ വിജയാഘോഷത്തിനു മാറ്റുകൂട്ടുന്നുണ്ട് ഈ വിഡിയോ എന്നാണ് സോഷ്യൽ ലോകത്തിന്റെയും കണ്ടുപിടുത്തം. വിഡിയോ ഷാറുഖ് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
സിനിമ സമ്മാനിക്കുന്ന ആ ഒരു ത്രില്ലിങ് അനുഭവം കാഴ്ചക്കാർക്ക് നൽകാൻ പാനിപൂരി തയാറാക്കുന്ന ഈ വിഡിയോയ്ക്കും കഴിയുന്നുണ്ട്. വളരെ നാടകീയമായി തന്നെയാണ് വിഭവം തയാറാക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ചെറുചിരിയോടെ ഉരുളക്കിഴങ്ങുകൾ തൊലി കളയുന്നതിൽ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് ''റെഡി?'' എന്നെഴുതിയ കത്തി ഉപയോഗിച്ച് കിഴങ്ങുകൾ മുറിക്കുന്നതും കാണാം. വേവിച്ച കിഴങ്ങുകൾ സവാളയും മറ്റു മസാലകളും ചേർത്ത് ഉടച്ചെടുത്ത് മാറ്റി വെച്ചതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് മല്ലിയിലയും പുതിനയും പച്ചമുളകും ഇഞ്ചിയും ജീരകവുമെല്ലാം ചേർത്ത് അരച്ചെടുക്കുന്നു. ഈ മിശ്രിതം അരിച്ചു മാറ്റിച്ചതിനു ശേഷം അതിലേക്ക് പുളി കൂടി പിഴിഞ്ഞ് ഒഴിക്കുന്നതോടെ പാനി തയാറായി കഴിഞ്ഞു. തുടർന്നാണ് വിഡിയോയിലെ ഏറ്റവും ആകർഷണീയമായ രംഗം കടന്നുവരുന്നത്. നായകന്റെ ഇൻട്രോ പോലെ ഡ്രോണിൽ പറന്നിറങ്ങുന്ന പൂരി. നേരത്തെ തയാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ട് അതിനുള്ളിലാക്കി പാനിയിൽ മുക്കി കഴിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.
''സിനിമാറ്റിക് പാനിപൂരി റെസിപി - ജവാൻ സ്പെഷ്യൽ'' എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. ആ തലക്കെട്ടിനോട് ആത്മാർഥത പുലർത്തുന്ന രീതിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരുപാട് ശ്രമങ്ങളുടെ ഫലമാണ് ആ ഡ്രോൺ ഷോട്ട് എന്ന് വിഡിയോയുടെ താഴെ എഴുതിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോയ്ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ശരിക്കും ഇഷ്ടപ്പെട്ടുവെന്നു ഒരാൾ കുറിച്ചപ്പോൾ വിഷ്വൽസും പശ്ചാത്തല സംഗീതവും ഷോട്ടുകളും വർണനയ്ക്ക് അതീതമാണെന്നാണ് മറ്റൊരു കമെന്റ്. ക്രിയേറ്റിവിറ്റി അഭിനന്ദനങ്ങൾ അർഹിക്കുന്നു, എഡിറ്ററോട് ബഹുമാനം തോന്നുന്നു എന്നിങ്ങനെ നീളുകയാണ് വിഡിയോയുടെ താഴെയുള്ള കമെന്റുകൾ.