പച്ചക്കറിയും പഴങ്ങളും എങ്ങനെ വൃത്തിയാക്കി ഫ്രിജിൽ സൂക്ഷിക്കാം?
Mail This Article
വിഷാംശം നീങ്ങുകയും എന്നാൽ, പോഷകാംശങ്ങൾ നഷ്ടപ്പെടാതിരിക്കുകയും ചെയ്യുംവിധം വൃത്തിയാക്കി വേണം പഴങ്ങളും പച്ചക്കറിയും ഉപയോഗിക്കാൻ. പച്ചക്കറി വാങ്ങി വീട്ടിലെത്തിയാലുടൻ 30 – 45 മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കണം. നേർപ്പിച്ച വിനാഗിരി ലായനിയോ ഉപ്പുവെള്ളമോ ഉപയോഗിക്കാനായാൽ നല്ലത്. തുടർന്ന് പൈപ്പ് വെള്ളത്തിൽ കഴുകി നനവു പൂർണമായി നീക്കിയ ശേഷം വെവ്വേറെ പാത്രങ്ങളിലോ സിപ് കവറുകളിലോ ആക്കി ഫ്രിജിൽ സൂക്ഷിക്കാം (വെള്ളം നിറച്ച പാത്രത്തിൽ മുക്കി പച്ചക്കറി കഴുകരുത്, ഓരോന്നായി ഒഴുകുന്ന/പൈപ്പ് വെള്ളത്തിൽ തന്നെ കഴുകുക). കൂടുതൽ വൃത്തിയാകാനായി അധികസമയം വെള്ളത്തിലിട്ടു വച്ചാൽ അവയിലെ പോഷകാംശങ്ങൾ നഷ്ടപ്പെടുമെന്നും ഓർക്കുക.
മുളക്, കാപ്സിക്കം, കത്തിരി തുടങ്ങിയവ കഴുകി നനവു പൂർണമായി നീക്കി ഞെട്ടു കളഞ്ഞു പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാം. ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയ്ക്ക തുടങ്ങിയവ നന്നായി കഴുകി ഒരു രാത്രി പുറത്തുവച്ച ശേഷം കോട്ടൺ തുണി ഉപയോഗിച്ചു തുടച്ചു ഫ്രിജിൽ വയ്ക്കുക. പയർ, പടവലം, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയവ മൃദുവായ സ്ക്രബ് പാഡ് ഉപയോഗിച്ച് ഉരസി കഴുകിയ ശേഷം ഉപ്പുവെള്ളത്തിലോ വിനാഗിരി ലായനിലോ 10 മിനിറ്റ് മുക്കിവയ്ക്കാം. തുടർന്നു ശുദ്ധജലത്തിൽ പലതവണ കഴുകി സൂക്ഷിക്കാം. സവാള, ചുവന്നുള്ളി തുടങ്ങിയവ ഉപയോഗിക്കുന്നതിനു മുൻപ് ഉണങ്ങിയ തൊലി പൂർണമായും കളഞ്ഞശേഷം പലതവണ കഴുകുക. കറുത്ത നിറത്തിൽ പൂപ്പൽ പോലെ കാണപ്പെടുന്ന സവാള മൂന്നോ നാലോ ലെയർ തോലുകളഞ്ഞു പലവട്ടം കഴുകി മാത്രമേ ഉപയോഗിക്കാവൂ. ഫ്രിജിൽ സൂക്ഷിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുൻപായി ഒരിക്കൽക്കൂടി കഴുകാൻ മറക്കേണ്ട.
പച്ചക്കറികളിൽ കേടുവന്ന ഭാഗം മുറിച്ചുമാറ്റി ബാക്കിയുള്ളതു ഫ്രിജിൽ സൂക്ഷിച്ചാൽ അണുക്കൾ നശിക്കുമെന്നു പറയാറുണ്ട്. ഇതു പൂർണമായ സുരക്ഷ ഉറപ്പുവരുത്തുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. മുറിക്കുമ്പോൾ ഒരു ഭാഗത്തു കേടുകണ്ടാൽ അപ്പോൾ ഉപേക്ഷിക്കുകയാണു വേണ്ടത്. മത്സ്യവും മാംസവും വാങ്ങുമ്പോഴും പഴകിയതല്ലെന്ന് ഉറപ്പുവരുത്തണം. ഫ്രോസൻ മീറ്റ് താരതമ്യേന സുരക്ഷിതമാണെങ്കിലും കടകളിൽ അതതു ദിവസം മുറിച്ചു സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന മാംസം അപകടകാരിയാണ്. ചിക്കനും മറ്റും അപ്പപ്പോൾ ഇറച്ചിയാക്കുന്നതെന്ന് ഉറപ്പുവരുത്തി വാങ്ങുക. ഓർക്കുക, ഹോട്ടലുകളിൽ പെട്ടെന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ മാത്രമാണു ചർച്ചയാകുന്നത്. പുറത്തുനിന്നു നാം ഭക്ഷണം കഴിക്കുന്നതു വല്ലപ്പോഴും മാത്രമാണ്. ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഭക്ഷ്യവിഷബാധ ഇതിലേറെ ഭീകരമാണ്, ഇതിന്റെ ഉദ്ഭവം നമ്മുടെ അടുക്കളയും.
വീട്ടിലെ ഭക്ഷ്യസുരക്ഷ – വിഡിയോ