ADVERTISEMENT

ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു അത്യുത്തമമാണെന്നു പറയേണ്ടതില്ലല്ലോ. ദിവസവും ഒരു നേരമെങ്കിലും ഭക്ഷണത്തിനൊപ്പം ഇലക്കറികൾ കഴിക്കേണ്ടിയിരിക്കുന്നു. പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് ചീരയും, പാലക്കും പോലുള്ള ഇലക്കറികൾ. പണ്ട് കാലം മുതൽ തന്നെ കറികൾ തയാറാക്കാനും സലാഡുകളിലും പാലക് ഉപയോഗിച്ച് പോരുന്നു. വാങ്ങുമ്പോൾ ഒട്ടും തന്നെയും വാടാതെ നല്ലതുപോലെ ഫ്രഷ് ആയി ഇരിക്കുന്ന ചീര പോലുള്ളവ വീട്ടിലെത്തിയാൽ വളരെ പെട്ടെന്ന് തന്നെ വാടി പോകാറുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തന്നെ ഇലകളെല്ലാം കൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാൽ ചീര വാങ്ങുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും. ഒരാഴ്ച വരെ ഒട്ടും തന്നെയും വാടാതെയും ഇലകൾ കൊഴിയാതെയുമിരിക്കും. 

ടവലിൽ പൊതിയാം 

ചീരയുടെ ഇലകൾ വാടാതിരിക്കാനായി വെള്ളം തളിച്ച് വയ്ക്കുന്ന ശീലം ചിലരിലെങ്കിലുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ ഇലകൾ ഉപയോഗശൂന്യമാക്കും. അതുകൊണ്ടുതന്നെ ഇലകളിൽ ജലാംശം ഒട്ടും തന്നെയുമില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സൂക്ഷിക്കാം. അതിനു മുൻപായി ഇലകൾ സൂക്ഷമമായി പരിശോധിച്ച് നല്ലതല്ലാത്തവ ഒഴിവാക്കണം. ഒരു വൃത്തിയുള്ള തുണിയോ, ടവലോ ഉപയോഗിച്ച് ചീരയിലകൾ പൊതിഞ്ഞതിനു ശേഷം ഫ്രിജിനുള്ളിലായി വയ്ക്കാം. ഇലകളുടെ പുതുമ ഒട്ടും തന്നെയും നഷ്ടപ്പെടുകയില്ല. 

കടലാസ് ഉപയോഗിക്കാം 

ചീര വാങ്ങിയതിന് ശേഷം അതിലെ കേടുള്ള ഇലകൾ നീക്കം ചെയ്യണം. തണ്ടുകൾ മുറിച്ചു ചെറുതാക്കിയതിനു ശേഷം ഇലകൾ ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുക്കാം. തുടർന്ന് ഒരു സിപ് ലോക്ക് ബാഗിലേയ്ക്ക് ഈ പൊതി മാറ്റാവുന്നതാണ്. കവറിനുള്ളിൽ ഒട്ടും തന്നെയും വായു ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം കവർ അടക്കേണ്ടത്. ഇനി ഫ്രിജിലെ തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കാം. ഒരാഴ്ച്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.

പാത്രങ്ങളിൽ അടച്ചു വയ്ക്കാം 

ചീരയിലകൾ ഉപയോഗശൂന്യമായി പോകാതെയിരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇലകൾ കഴുകരുത് എന്നതാണ്. തണ്ടുകൾ ചെറുതാക്കി മുറിച്ച്  ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞതിനു ശേഷം വേണം വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചുവയ്ക്കാൻ. ഇങ്ങനെ ചെയ്യുക വഴി കൂടുതൽ ദിവസങ്ങൾ ഇലകൾ കേടുകൂടാതെയിരിക്കും.

പഴങ്ങളിൽ നിന്നും അകലം പാലിക്കാം 

ആപ്പിൾ, വാഴപ്പഴങ്ങൾ, കിവി തുടങ്ങിയവയിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചു മാത്രം ചീര ഇലകൾ സൂക്ഷിക്കണം. പഴങ്ങൾ പഴുക്കുന്നതിനു സഹായിക്കുന്ന എഥിലീൻ ഇവയിൽ നിന്നും പുറത്തു വരും.     ചീരയിലകളുടെ പുതുമ ഒട്ടും തന്നെയും നഷ്ടപ്പെടാതിരിക്കണമെങ്കിൽ വായു കടക്കാത്ത പാത്രങ്ങളിലാക്കിയ ഇലകൾ എഥിലീൻ പുറത്തുവിടുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സമീപത്തു നിന്നും മാറ്റി വയ്‌ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇലകൾ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.

ഫ്രീസ് ചെയ്യാം 

ഇലകൾ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കണമെങ്കിൽ തണ്ടുകളിൽ നിന്നും ഇലകൾ മുറിച്ചെടുത്തതിന് ശേഷം ഒരു സിപ് ലോക്ക് കവറിലാക്കി വയ്ക്കാവുന്നതാണ്. അതിനു ശേഷം ഫ്രീസറിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ കുറെ ദിവസങ്ങൾ ഇലകൾ കേടുകൂടാതെയിരിക്കും.

English Summary:

Ways to Keep Spinach Fresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com