ഇനി ടോസ്റ്ററും പാനും വേണ്ട, ബ്രെഡ് മൊരിച്ചെടുക്കാൻ ഇതുമതി

Mail This Article
പഠനത്തിനും ജോലിയാവശ്യത്തിനുമെല്ലാമായി വീട്ടിൽ നിന്നും മാറി ഹോസ്റ്റലിലോ അല്ലെങ്കിൽ ഒറ്റയ്ക്കോ ഒക്കെ ജീവിക്കുന്നവരോട് ചോദിച്ചാൽ കുറേയേറെ ലൈഫ് ഹാക്കുകൾ അഥവാ നിത്യജീവിതത്തിൽ ആവശ്യമായ പല നുറുങ്ങുകളും പഠിച്ചെടുക്കാനാകും. മിനിമം ഉപകരണങ്ങൾ ഉപയോഗിച്ച് പല ജോലികളും ചെയ്യാൻ ഹോസ്റ്റല്‍ ദിനങ്ങൾ നിങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടാകും. രസകരമായ, സാഹസികത നിറഞ്ഞ, ജീവിതത്തിലെ പുതിയ പഠനങ്ങൾ എന്നിവയുടെ പര്യായമാണ് ഹോസ്റ്റൽ ദിനങ്ങൾ. നിങ്ങളുടെ ജീവിതത്തിന്റെ ഒരു വർഷമെങ്കിലും നിങ്ങൾ ഒരു ഹോസ്റ്റലിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും വിവിധ തരത്തിലുള്ള ലൈഫ് ഹാക്കുകൾ പഠിച്ചെടുത്തിട്ടുണ്ടാകുമെന്ന് ഉറപ്പ്. സ്റ്റൗവിന് പകരം മെഴുകുതിരി കത്തിച്ച് വച്ച് അതിന് മുകളിൽ പാത്രം വച്ച് ഫുഡ് ഉണ്ടാക്കുന്നതുമുതൽ പല പരിപാടികളും ഈ കാലത്ത് നമ്മൾ പഠിക്കും. എങ്കിലിതാ അതുപോലെ ഒരു ലൈഫ് ഹാക്കാണ് പറയാൻ പോകുന്നത്. ടോസ്റ്റ് കഴിയ്ക്കാൻ ആഗ്രഹുമുണ്ടായാലും വീട്ടിൽ ഒരു ടോസ്റ്ററിലെങ്കിൽ എന്തുചെയ്യും. ടോസ്റ്ററില്ലാതെ സാൻഡ്‌വിച്ച് ഉണ്ടാക്കാൻ ഇതാ അത്തരത്തിലുള്ള ഒരു ടിപ്പ്.
ഒരു ഓവനോ ടോസ്റ്ററോ ഉപയോഗിക്കാതെ എങ്ങനെ ക്രിസ്പി ചീസ് ടോസ്റ്റ് ഉണ്ടാക്കാമെന്നാണ് ഈ വിഡിയോ കാണിച്ചുതരുന്നത്. അതെങ്ങനെ സാധ്യമാകും, എന്നാണോ, അതിനായി വേണ്ടത് ബട്ടർ പേപ്പറും പിന്നെയൊരു അയേൺ ബോക്സുമാണ്. അതായത് ഇസ്തിരിപെട്ടി. പണ്ട് തിളക്കം സിനിമയിൽ കാവ്യമാധവൻ ദിലീപിന് ടോസ്റ്റ് ഉണ്ടാക്കി കൊടുത്ത അതേ ടെക്നിക്ക് തന്നെ. വിഡിയോ തുടങ്ങുന്നത് തന്നെ ഹോസ്റ്റൽ ജീവിതവും ഫുഡ് ഹാക്കുകളും എന്ന് പറഞ്ഞുകൊണ്ടാണ്. ആദ്യം ബ്രെഡ് സ്ലൈസുകളിൽ ബട്ടർ പുരട്ടുന്നു. തുടർന്ന് അതിന് മുകളിലേയ്ക്ക് ഒരു കഷ്ണം ചീസും കുറച്ച് ഓറിഗാനോയും ചില്ലി ഫ്ലെക്സും വിതറുന്നു. തുടർന്ന് ബട്ടർ തേച്ചുവച്ച മറ്റൊരു ബ്രഡ് സ്ലൈസ് എടുത്ത് അതിന് മുകളിലേക്ക് വച്ച് സാൻഡിച്ച് പോലെയാക്കുന്നു. ഇതിനായി നമ്മുടെ ടോസ്റ്റിംഗ് തുടങ്ങുന്നത്.
അതിനായി സാൻഡ്വിച്ച് ബട്ടർ പേപ്പറിൽ പൊതിയുക. എന്നിട്ട് അയേൺ ബോക്സ് ചൂടാക്കി സാൻഡ്‌വിച്ചിന്റെ ഇരുവശവും നന്നായി അമർത്തി ക്രിസ്പിയും ഗോൾഡൻ നിറവും ആകുന്നതുവരെ ചൂടാക്കുക.അത്രയേയുള്ളൂ! സംഭവം കഴിഞ്ഞു. പെട്ടെന്നൊരു വിശപ്പു വന്നാൽ ടോസ്റ്ററുമില്ല ഓവനുമില്ല എന്നുകരുതി വിഷമിച്ചിരിക്കാതെ ഇസ്തിരിപ്പെട്ടി ചൂടാക്കി ഒരു സാൻഡ് വിച്ച് ഉണ്ടാക്കി കഴിയ്ക്കാം