തമിഴകത്തിന്റെ പ്രിയനായകൻ വിജയ് ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ! ഇഷ്ടഭക്ഷണം പറഞ്ഞ് സൂപ്പർതാരം
Mail This Article
പ്രായം അൻപതിനോട് അടുത്തെങ്കിലും തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോഴും യൂത്ത് ഐക്കൺ തന്നെയാണ്. വിജയ്‍യുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം തെന്നിന്ത്യൻ സിനിമാസ്വാദകരുടെ കൺമുമ്പിലായിരുന്നു. കൗമാരത്തിൽ എങ്ങനെ നമ്മൾ വിജയിനെ കണ്ടുവോ ആ നായകനിൽ നിന്നും വലിയ മാറ്റങ്ങളൊന്നും നാൽപത്തിയൊൻപതിലും വിജയ്ക്കില്ല. ഇപ്പോഴും എങ്ങനെയാണ് തമിഴകത്തിന്റെ പ്രിയനായകൻ ചെറുപ്പം കാത്തുസൂക്ഷിക്കുന്നത്? ഭക്ഷണവും വ്യായാമവും തന്നെയാണ് ആ ആകാര്യത്തിനു പുറകിൽ. തനിനാടൻ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന താരത്തിന്റെ പ്രിയവിഭവങ്ങൾ ഏതൊക്കെയെന്നു നോക്കാം.
ഇഡ്‌ഡലി കഴിക്കാൻ താൽപര്യമില്ലാത്ത ദക്ഷിണേന്ത്യക്കാരുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാകും ഉത്തരം. വിജയ്‍യുടെയും പ്രഭാതഭക്ഷണത്തിൽ ഇഡ്‌ഡലിയ്ക്ക് പ്രഥമ സ്ഥാനം തന്നെയാണ്. കാലത്തു ഒമ്പതു മണിക്കു രണ്ടു ഇഡ്‌ഡലിയും കൂടെ മുട്ടയുമാണ് താരം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറച്ചു സമയത്തിന് ശേഷം പീനട്ട് ബട്ടറും പഴങ്ങളും കരിക്കിൻ വെള്ളവും കഴിക്കും. ശരീരത്തിൽ ജലത്തിന്റെ അളവ് സന്തുലിതമായിരിക്കാനാണ് കരിക്കിൻ വെള്ളം.
ഭക്ഷണകാര്യത്തിൽ ഇപ്പോഴും കൃത്യസമയം പാലിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ഒരു മണിക്ക് ഉച്ചഭക്ഷണം. വീട്ടിൽ തയാറാക്കുന്ന വിഭവങ്ങളോടാണ് പ്രിയം. ചോറും ചിക്കൻ അല്ലെങ്കിൽ മീൻ കൂടെ പച്ചക്കറികളും ഉൾപ്പെടുത്തും. വൈകുന്നേരം വിശപ്പുണ്ടെങ്കിൽ മാത്രം ഫ്രൂട്ട് സാലഡ്. രാത്രി ഏഴുമണിക്കാണ് വിജയ് തന്റെ ഡിന്നർ കഴിക്കുക. സാലഡോ സൂപ്പോ മാത്രം അടങ്ങിയ തീർത്തും ലളിതമായ രാത്രി ഭക്ഷണം.
ജീവിതത്തിൽ ഇത്രയധികം ലാളിത്യം കാത്തുസൂക്ഷിക്കുന്ന വിജയ്‍യുടെ ഇഷ്ടഭക്ഷണം ഏതെന്നറിയേണ്ടേ? ദോശയും ചിക്കൻ കറിയോടുമാണ് തമിഴകത്തിന്റെ ഇളയദളപതിയ്ക്ക് പ്രിയമേറെ. ഭക്ഷണകാര്യത്തിൽ തീർത്തും മിതത്വം പാലിക്കുന്ന താരം കൃത്യസമയത്തു കഴിക്കാൻ ശ്രദ്ധിക്കുന്നതു പോലെ തന്നെ ഒരു നേരം പോലും ഒഴിവാക്കുകയും ചെയ്യാറില്ല. മറ്റുള്ള താരങ്ങളെ പോലെ ഡയറ്റ് ചെയ്യുന്ന പതിവും വിജയ്ക്കില്ല. വർക്ഔട്ട് ചെയ്യുന്നതിൽ ഒരു മുടക്കവും താരം വരുത്താറില്ല. ദിവസവും പത്തു മിനിറ്റ് കാർഡിയോ. ശേഷം വാം അപ്, തുടർന്ന് വെയ്റ്റ് ട്രെയിനിങ്. ഒരു നായകന് വേണ്ട ആകാരം അതേപടി കാത്തുസൂക്ഷിക്കുന്നതിൽ വിജയ്‌യുടെ വിജയ മന്ത്രം ഇതാണ്.