ഇനി കിവി വാങ്ങാതിരിക്കേണ്ട, കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ

Mail This Article
വിറ്റാമിൻ സി യുടെ കലവറയാണ് കിവി. ഡെസേർട്ടുകളിലും ഫ്രൂട്ട് സാലഡുകളിലും ജ്യൂസുകൾ തയാറാക്കുന്നതിലുമെല്ലാം ഈ പഴം ഉപയോഗിക്കാറുണ്ട്. കിവി ആരോഗ്യത്തിനു അത്യുത്തമമാണ് എന്നിരിക്കിലും ഇത് അധിക ദിവസം സൂക്ഷിക്കാൻ കഴിയുകയില്ല എന്നൊരു പോരായ്മയുണ്ട്. വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നത് കൊണ്ടുതന്നെ ചിലരെങ്കിലും ഗുണങ്ങൾ ഏറെയുള്ള ഈ പഴം വാങ്ങി ഉപയോഗിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇനി കിവി വാങ്ങാതിരിക്കണ്ട, കുറച്ചു ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.
ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ കിവിയുടെ ഫ്രഷ്‌നെസ്സും ഗന്ധവും നഷ്ടപ്പെടാനിടയുണ്ട്. കഠിനമായ ചൂട്, ഈർപ്പം എന്നിവയുണ്ടെങ്കിൽ രുചിയിലും ഘടനയിലും വ്യത്യാസം വരും. മാത്രമല്ല, മറ്റുള്ള പഴങ്ങൾക്കൊപ്പം സൂക്ഷിക്കുന്നതും കിവി പെട്ടെന്ന് ഉപയോഗശൂന്യമായി പോകാനിടയാക്കും.
അധികം പഴുക്കാത്ത പഴമാണെങ്കിൽ
കിവി നല്ലതുപോലെ പഴുത്തതല്ലെങ്കിൽ മൂന്നു മുതൽ ഏഴു ദിവസം വരെ സാധാരണ താപനിലയിൽ സൂക്ഷിച്ചാൽ മതിയാകും. പഴുക്കാനുള്ളവ ഒരു പേപ്പർ ബാഗിലാക്കി വയ്ക്കാവുന്നതാണ്. പഴുത്തു കഴിഞ്ഞാൽ അതിന്റെ ഫ്രഷ്‌നെസ്സ് നഷ്ടപ്പെടാതിരിക്കാൻ ഫ്രിജിൽ വയ്ക്കാം. ഓരോ പഴവും പ്രത്യേകം പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞു കവറിനുള്ളിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈർപ്പം ഒട്ടുമില്ല എന്നുമുറപ്പാക്കണം.
പഴുക്കാത്ത കിവി ഫ്രിജിൽ വയ്ക്കുമ്പോൾ താപനില കുറയ്ക്കണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാൽ കൂടുതൽ തണുപ്പിൽ പെട്ടെന്ന് തന്നെ ചീത്തയാകാൻ സാധ്യതയുണ്ട്.
കൂടുതൽ ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ കിവി ഫ്രീസ് ചെയ്യാം. അതിനായി പുറംതൊലി കളഞ്ഞതിനു ശേഷം കഷ്ണങ്ങളായി മുറിച്ച്, ഒരു ബേക്കിങ് ഷീറ്റിൽ വെച്ച് ഫ്രീസറിൽ വയ്ക്കാം. ഫ്രീസായതിന് ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലേയ്‌ക്കോ ഫ്രീസർ ബാഗിലേയ്‌ക്കോ മാറ്റാവുന്നതാണ്. സ്മൂത്തികൾ തയാറാക്കാനും ഫ്രോസൺ സ്നാക്കുകൾക്കും ഈ കിവികൾ ഉപയോഗിക്കാവുന്നതാണ്.