തട്ടുകട മുതൽ ഫൈവ്സ്റ്റാർ വിഭവങ്ങള് വരെ; രുചി വൈവിധ്യങ്ങളുടെ കേരളീയം
Mail This Article
കേരളപിറവിയോട് അനുബന്ധിച്ചു തിരുവനന്തപുരത്തു നടക്കുന്ന, കേരളീയത്തിൽ നമ്മുടെ സ്വന്തം രുചി വൈവിധ്യങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഓരോ നാടിന്റെയും കയ്യൊപ്പ് പതിഞ്ഞവയും രുചിപ്രേമികളുടെ മനസിലിടം പിടിച്ച വിഭവങ്ങളും ആസ്വദിക്കാവുന്നതാണ്. 150 സംരംഭകരുടെ പങ്കാളിത്തത്തോടെ 11 വ്യത്യസ്ത ഭക്ഷ്യമേളകളും പാചക മത്സരങ്ങൾ ഉൾപ്പടെയുള്ള 8 പ്രത്യേക പരിപാടികളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാടിന്റെ പ്രാദേശിക, വൈവിധ്യ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളും ഇതിന്റെ ഭാഗമാകും. ''കേരള മെനു അൺലിമിറ്റഡ്'' എന്ന പേരിലാണ് കേരളത്തിന്റെ പത്തു പ്രാദേശിക വിഭവങ്ങളെ ലോകോത്തര ബ്രാൻഡായി അവതരിപ്പിച്ചിരിക്കുന്നത്.
ബോളിയും പായസവും കപ്പയും മീൻകറിയും കരിമീൻ പൊള്ളിച്ചത്, മുളയരി പായസം, കർക്കിടക കഞ്ഞി, പുട്ടും കടലയും രാമശ്ശേരി ഇഡ്‌ഡലി, തലശ്ശേരി ദം ബിരിയാണി, വനസുന്ദരി ചിക്കൻ, പൊറോട്ടയും ബീഫും എന്നീ വിഭവങ്ങളാണ് ബ്രാൻഡ് ചെയ്യുന്നത്. രുചിപ്രേമികളുടെയെല്ലാം മനസുകീഴടക്കിയിരിക്കുന്ന ഈ വിഭവങ്ങൾ ഭക്ഷ്യമേളയിലെ പ്രധാന ആകർഷണങ്ങളാണ്. ഈ രുചികൾ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രതിഫലനങ്ങളായതു കൊണ്ടുതന്നെ ഇത്തരത്തിൽ ബ്രാൻഡ് ചെയ്യുന്നതിലൂടെ നമ്മുടെ രുചിയും സമ്പുഷ്ടമായ സംസ്കാരവും ആഗോള വിനോദസഞ്ചാര മേഖലയിൽ പ്രതിഫലിക്കുമെന്ന ചിന്തകൂടി അധികൃതർക്കുണ്ട്.
പതിനൊന്നു വേദികളിലായാണ് വിവിധയിനം ഭക്ഷണങ്ങളുടെ വില്പനയും പ്രദർശനവും നടക്കുന്നത്. തട്ടുകട മുതൽ ഫൈവ്സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികൾ സ്റ്റാളുകൾ ഫെസ്റ്റിവലിലുണ്ട്. മൂവായിരത്തിലേറെ രുചികൾ സന്ദർശകർക്കായി കേരളീയത്തിൽ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതെന്നു അവകാശപ്പെടാൻ കഴിയുന്ന മെനുകാർഡും കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി പുറത്തിറക്കി.
ഭക്ഷ്യമേളകൾ നടക്കുന്ന പതിനൊന്നു വേദികൾ ഇവയാണ്. കേരളത്തിന്റെ ബ്രാൻഡഡ് ഭക്ഷണങ്ങൾ, വനിതാ ഭക്ഷണവിഭവങ്ങൾ എന്നിവ കനകക്കുന്നിലും പഴമയുടെ രുചികൾ മാനവീയം വീഥിയിലും കാറ്ററിംഗ് അസോസിയേഷന്റെ ടേസ്റ്റ് ഓഫ് കേരള പുത്തരികണ്ടത്തും നടക്കുമ്പോൾ സഹകരണ മേഖലയിലെ ഫുഡ് ഫെസ്റ്റിവൽ ടാഗോർ തിയേറ്ററിലും എത്‌നിക് ഫുഡ് ഫെസ്റ്റിവൽ യൂണിവേഴ്സിറ്റി കോളേജിലും സ്ട്രീറ്റ് ഫുഡ്ഫെസ്റ്റിവൽ സ്പെൻസർ ജംഗ്ഷൻ മുതൽ എകെജി സെന്റർ വരെ, സ്പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമാണ്. ഫൈവ് സ്റ്റാർ ഫുഡ് ഫെസ്റ്റിവൽ കേക്ക്, ചോക്കലേറ്റ്, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനം സെൻട്രൽ സ്റ്റേഡിയത്തിലാണ്. സീഫുഡ് ഫെസ്റ്റിവൽ, പെറ്റ് ഫുഡ് ഫെസ്റ്റിവൽ എന്നിവ എൽഎംഎസിലാണ് നടക്കുന്നത്. പാചക വിദഗ്ധരുടെ ഫുഡ് ഷോകളും ഇതിനൊപ്പം തന്നെയുണ്ടാകും. ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി, ആബിദ റഷീദ്, ഷെഫ് പിള്ള, കിഷോർ എന്നിവരാണ് ഇതിൽ അണിനിരക്കുന്നത്.
കേരളീയത്തിൽ കുട്ടനാടൻ വിഭവമായ കരിമീൻ പൊള്ളിച്ചതും നമ്മുടെ സ്വന്തം കപ്പയും മീൻകറിയും തയാറാക്കുന്നതും വിളമ്പുന്നതും ചങ്ങനാശ്ശേരിയിലെ രുചിയിടം എന്ന കള്ളുഷാപ്പാണ്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന രുചിമേളയിൽ രുചിയിടത്തിലെ കയ്യൊപ്പ് ചേർന്ന ഈ വിഭവങ്ങളുമുണ്ടാകും.