ADVERTISEMENT

പലരുടെയും ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയിൽ ഇപ്പോൾ കുഴിമന്തിയ്ക്കു പ്രഥമ സ്ഥാനമുണ്ട്. മസാലയുടെ അതിപ്രസരമില്ലാത്ത റൈസും പാകത്തിന് ക്രമീകരിച്ച തീയിൽ മണിക്കൂറുകളോളം വെന്തു പാകമായ ഇറച്ചിയും ചേരുന്ന ആ വിഭവം വളരെ പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട വിഭവമായത്. അധികം മസാലകൾ ചേരുന്നില്ല എന്നതും വെന്തുടഞ്ഞ ഇറച്ചിയ്ക്ക് കൂടെ തക്കാളി ചേർത്തരച്ച ചമ്മന്തിയും മയോണൈസും. പിന്നെന്തു വേണമെന്നാണ് ഓരോ മന്തി പ്രേമിയും ചോദിക്കുന്നത്. മന്തിയോടുള്ള ഇഷ്ടത്തിൽ സിനിമാതാരം നവ്യ നായരും ഒട്ടും പുറകിലല്ല എന്നു വെളിപ്പെടുത്തുകയാണ് ഈ വിഡിയോ. നവ്യ തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

മന്തി ആസ്വദിച്ചു കഴിക്കുന്ന നവ്യയെ വിഡിയോയിൽ കാണാവുന്നതാണ്. വിഭവത്തിന്റെ രുചി അതിഗംഭീരമാണെന്നു അഭിപ്രായപ്പെട്ടു കൊണ്ടാണ് നവ്യ കഴിക്കാൻ തുടങ്ങുന്നത്. കഴിക്കാൻ തുടങ്ങിയപ്പോൾ തന്നെ അതെങ്ങനെ മനസിലായെന്ന ചോദ്യം വന്നു കഴിയുമ്പോഴാണ് യഥാർഥ ട്വിസ്റ്റ്. ഒരു തവണ കഴിച്ചതിനു ശേഷം ആ രുചി മനസു കീഴടക്കിയതു കൊണ്ട് വീണ്ടും ഒരു മന്തി കൂടി വാങ്ങി ആ രുചി ആവോളം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി. കഴിക്കുന്ന മന്തി സൂപ്പർ ആണെന്നും പൊളി ആണെന്നും അലിഞ്ഞു പോകുമെന്നുമൊക്കെ നവ്യ വിഡിയോയിൽ പറയുന്നുണ്ട്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയുടെ താഴെയായി ഗോൾഡൻ വീസയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു ദുബായിൽ എത്തിയപ്പോൾ സഹോദരനൊപ്പം കഴിച്ചതാണ് മന്തി എന്ന് നവ്യ സൂചിപ്പിച്ചിട്ടുണ്ട്. ആ ഭക്ഷണം നേരിട്ട് തന്റെ ഹൃദയത്തിലേക്ക് കയറിയെന്നും താൻ ഒരു മന്തി പ്രിയ അല്ലെങ്കിലും ആ വിഭവത്തിന്റെ രുചിയിൽ വീണുപോയെന്നുമാണ് താരം പറയുന്നത്. മന്തി മിസ് ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. അതിനൊപ്പം തന്നെ ഇതൊരു പ്രചോദനമായി ആരുമെടുക്കരുതെന്നും അമിതമായി ഭക്ഷണം കഴിക്കരുതെന്നും താൻ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ കഴിക്കാറുള്ളൂവെന്നും, ആരോഗ്യത്തോടെ ഇരിക്കൂ എന്നും നവ്യ കുറിച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ കൊതിപ്പിച്ചു എങ്കിൽ മാപ്പാക്കണം എന്നുകൂടി എഴുതിയാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

രസകരമായ മറുപടി കമെന്റുകൾ കുറിച്ചുകൊണ്ടാണ് ആരാധകർ നവ്യ പങ്കുവെച്ച വിഡിയോ സ്വീകരിച്ചത്. നന്ദനം സിനിമയിലെ ചിക്കൻ കടിച്ചു പറിക്കുന്ന ജഗതി ചേട്ടനെ ഓർമ വന്നെന്നു ഒരാൾ എഴുതിയപ്പോൾ അഭിനേത്രിയും അവതാരകയുമായ പാർവതി കൃഷ്ണ ''കൊതിപ്പിച്ച്...എന്റെ ഡയറ്റ്'' എന്നെഴുതി കരയുന്ന ഒരു ഇമോജി കൂടി ചേർത്തിട്ടുണ്ട്. നല്ല പോളിങ് ആണല്ലോ എന്നും കൊതിപ്പിച്ചൂ ഈ ഉച്ചനേരത്ത് എന്നുമൊക്കെയാണ്  കൂടുതൽ പേരും കമെന്റായി കുറിച്ചിട്ടുള്ളത്. 

English Summary:

Navya Nair eating tasty kuzhimanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com