ഈ ട്രെയിനുകളിലെ ഭക്ഷണം അടിപൊളി! കഴിക്കാൻ യാത്ര ചെയ്യണമെന്നില്ല

Mail This Article
ട്രെയിന്‍ യാത്രയ്ക്കിടയില്‍ കിട്ടുന്ന ഭക്ഷണം പലപ്പോഴും നല്ലതാകണമെന്നില്ല. ഭക്ഷണത്തിന്‍റെ ഗുണത്തെക്കുറിച്ചും രുചിയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമൊന്നും ഒരുറപ്പും ആര്‍ക്കും നല്‍കാനാവില്ല. എന്നാല്‍, ട്രെയിനിനുള്ളിലെന്ന പോലെ തോന്നിപ്പിക്കുന്ന ചില തീം റസ്റ്ററന്റുകൾ ഇന്ത്യയിലുണ്ട്. വൈവിധ്യപൂര്‍ണവും രുചികരവുമായ ഭക്ഷണമാണ് അവിടെ വിളമ്പുന്നത്. ട്രെയിനിന്‍റെ അകം പോലെ അലങ്കരിച്ച ഈ റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രസകരമായ അനുഭവമായിരിക്കും.
ഇന്ത്യയില്‍ അത്തരത്തിലുള്ള ചില റസ്റ്റോറന്റുകൾ പരിചയപ്പെടാം.
പ്ലാറ്റ്ഫോം 65, ബെംഗളൂരു
ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള പ്ലാറ്റ്ഫോം 65, ഇന്ത്യൻ റെയിൽവേയുടെ ഊർജസ്വലമായ സംസ്കാരം തുറന്നുകാട്ടുന്ന ഒരു റസ്റ്ററന്റാണ്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഏറെ അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ. ഉച്ചയ്ക്ക് 12 മുതല്‍, രാത്രി 11 വരെ ഇവിടം തുറന്നിരിക്കും. 1,300 രൂപയാണ് രണ്ടുപേര്‍ക്കുള്ള നിരക്ക്.
ചിയാ സീഡ് ഇനി ഇങ്ങനെ കഴിക്കാം; പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും സൂപ്പറാണ്

റെയ്‌ലിസിയസ് കഫേ, ഡല്‍ഹി
ദക്ഷിണ ഡൽഹിയിലെ കൈലാഷ് കോളനിയിലാണ് റെയ്‌ലിസിയസ് കഫേ. റെയിൽവേ സ്റ്റേഷനുകളിൽ ചിത്രീകരിച്ച ബോളിവുഡ് സിനിമകളിലെ രംഗങ്ങളാൽ ഇവിടം അലങ്കരിച്ചിരിക്കുന്നു. രാവിലെ 11 മുതൽ രാത്രി 11 വരെ ഇവിടം തുറന്നിരിക്കും. രണ്ടുപേര്‍ക്ക് 1,400 രൂപയാണ് ശരാശരി നിരക്ക്.
ഹൽദിറാം, വിജയവാഡ, നാഗ്പുർ

പൂർണ്ണമായും പ്രവർത്തനക്ഷമമായ ട്രെയിൻ കോച്ചിനുള്ളില്‍ ഒരു ഡൈനിങ് റസ്റ്ററന്റ് എന്ന ആശയമാണ് ഹൽദിറാം മുന്നോട്ടുവയ്ക്കുന്നത്. യഥാർഥ ട്രെയിൻ സജ്ജീകരണത്തിലിരുന്ന് ആഡംബര ഭക്ഷണം ആസ്വദിക്കാൻ ഇവിടെ കഴിയും. മാത്രമല്ല, ഐആർസിടിസി പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുകയുമാവാം.
നാഗ്പുരില്‍ സിതാബുൾഡിയിലുള്ള റെയിൽവേ സ്റ്റേഷൻ മെയിൻ പാർക്കിങ്ങിലും വിജയവാഡയിലെ വിഞ്ചിപേട്ട റെയിൽവേ സ്റ്റേഷൻ റോഡിലും ഹല്‍ദിറാം പ്രവര്‍ത്തിക്കുന്നു. രണ്ട് പേർക്ക് 300-350 രൂപയാണ് നിരക്ക്. 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കും.

ബോഗി വോഗി, മുംബൈ
മുംബൈയിലെ സിഎസ്ടി ഏരിയയിലാണ് തിരക്കേറിയ റെയിൽവേ സ്റ്റേഷനെ ഓര്‍മിപ്പിക്കുന്ന ബോഗി വോഗി സ്ഥിതി ചെയ്യുന്നത്. ട്രെയിൻ കമ്പാർട്ടുമെന്റുകൾ, റെയിൽവേ ട്രാക്കുകൾ, സ്റ്റേഷൻ അടയാളങ്ങൾ എന്നിവയുൾപ്പെടെ ട്രെയിൻ തീമിലുള്ള അലങ്കാരങ്ങള്‍ ഇവിടെ കാണാം. ഉച്ചയ്ക്ക് 12 മുതല്‍, വൈകിട്ട് 4 വരെയാണ് പ്രവര്‍ത്തനം. രണ്ടുപേര്‍ക്ക് 500 രൂപയാണ് നിരക്ക്.
സ്റ്റീം, ജയ്പുർ

ജയ്പുരിലെ രാംബാഗ് കൊട്ടാരത്തിലുള്ള സ്റ്റീം, ആളുകളെ ബ്രിട്ടിഷ് കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ആകർഷകമായ റസ്റ്റോറന്റാണ്.
ആ കാലഘട്ടത്തിലെ ആഡംബര ട്രെയിനുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിന്റേജ് ട്രെയിൻ ക്യാരേജുകളാണ് ഇവിടുത്തെ അലങ്കാരത്തിന്‍റെ തീം. ഇന്ത്യൻ റയിൽവേയുടെ സുവർണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും. രാവിലെ 6 മുതല്‍ രാത്രി 9:30 വരെയാണ് ഇത് തുറക്കുന്നത്. രണ്ടുപേര്‍ക്ക് 5,500 രൂപ നിരക്ക് വരും.