ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണ സംസ്കാരങ്ങളിലൊന്നായാണ് ഇന്ത്യൻ ഭക്ഷണം അറിയപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ് ഇന്ത്യൻ പാചകരീതി. നമ്മൾ നിത്യവും ഏറെ ആസ്വദിച്ചു കഴിക്കുന്ന പല വിഭവങ്ങളും പക്ഷേ ഇന്ത്യൻ അല്ലെന്നതാണ് വസ്തുത. സമൂസയും ചായയും ബിരിയാണിയുമെല്ലാം ‘വരുത്തൻ’മാരാണെന്ന് എത്രപേർക്ക് അറിയാം?

ചായ

ഭൂരിഭാഗം ഇന്ത്യക്കാരുടെയും ദിവസം തുടങ്ങുന്നത് നല്ല കിടുക്കനൊരു ചായയോടെയാണ്. ഒരു സംഭാഷണം തുടങ്ങാൻ, വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകളിൽ, സുഹൃത്തുക്കൾക്കൊപ്പം പുറത്തിറങ്ങാനുള്ള കുറുക്കുവഴിയായി എല്ലാം ചായ നമുക്കൊപ്പമുണ്ടാകും. ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമാണ് ചായ. അതിഥികൾക്ക് ആദ്യം നൽകുന്നത് ചായയാണ്, ചൂടേറിയ ചർച്ചകൾ നടക്കുന്നത് ചായയ്ക്കൊപ്പമാണ്. 

samoosa-and-tea
Image Credit: StockImageFactory.com/shutterstock

ഇതൊക്കെയാണെങ്കിലും ചായ ഇന്ത്യനല്ല. പണ്ട് ബ്രീട്ടിഷുകാരാണ് നമ്മുടെ നാട്ടിൽ തേയില കൊണ്ടുവന്നത് എന്നറിയാമല്ലോ. ചൈനയുടെ തേയില ഉൽപാദനത്തിന്റെ കുത്തക മറികടക്കാനാണ് ബ്രിട്ടിഷുകാർ ഇന്ത്യയിൽ തോട്ടങ്ങൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഇത് വരേണ്യവർഗത്തിന് മാത്രമുള്ള ഒരു പാനീയമായിരുന്നു. പിന്നീട് പ്രാദേശിക കച്ചവടക്കാർ പാലും പഞ്ചസാരയും ചേർത്ത് ചായ തയാറാക്കുകയും അത് ജനപ്രിയ പാനീയമായി മാറുകയും ചെയ്തു. 

സമൂസ

ചായയ്ക്കൊപ്പം ഇത്ര നന്നായി ചേരുന്ന മറ്റൊരു കോംബിനേഷൻ കാണില്ല. പക്ഷേ ഈ സമൂസയും നമ്മുടെ വിഭവമല്ല, അങ്ങു പേർഷ്യയിൽനിന്നു വന്നതാണ്. പേർഷ്യൻ പദമായ ‘സാംബുസക്’ ആണ് സമൂസ എന്ന ഹിന്ദി പദത്തിന്റെ ഉറവിടം. പേർഷ്യൻ സമൂസയുടെ യഥാർഥ ഫില്ലിങ് ഇറച്ചി ആയിരുന്നുവെങ്കിലും ഇപ്പോൾ ഉരുളക്കിഴങ്ങ്, ചീസ്, കടല, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, ഉള്ളി, മുളക് എന്നിവയെല്ലാം നമ്മൾ ഉപയോഗിക്കുന്നു. നല്ല മൊരിഞ്ഞ സമൂസയില്ലാത്ത തെരുവുകൾ രാജ്യത്ത് കുറവാണ്.

biryani
Biryani

ആദ്യത്തെ സമൂസയുടെ ഉത്ഭവം ഏത് കാലത്താണെന്നതിന് തെളിവൊന്നുമില്ല, എന്നാൽ പതിനൊന്നാം നൂറ്റാണ്ടിൽ ഒരു പേർഷ്യൻ ചരിത്രകാരനാണ് ഇതിനെപ്പറ്റി ആദ്യമായി എഴുതിയത്. മധ്യേഷ്യയിലൂടെ ഇന്ത്യയിലെത്തിയ സമൂസയ്ക്ക് ദക്ഷിണേഷ്യ, മധ്യപൂർവേഷ്യ, മധ്യേഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിരവധി വകഭേദങ്ങളുണ്ട്.

ജിലേബിയും ഗുലാബ് ജാമുനും

ഈ രണ്ടു മധുരപലഹാരങ്ങളും നമുക്കു പ്രിയപ്പെട്ടവയാണ്. എന്നാൽ ഇത് രണ്ടും ഇന്ത്യൻ വിഭവങ്ങളല്ല. തെളിവുകൾ സൂചിപ്പിക്കുന്നത് ഗുലാബ് ജാമുൻ പേർഷ്യ/മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽ നിന്നാണെന്നും തുർക്കി ഭരണാധികാരികൾക്കൊപ്പം ഇന്ത്യയിലേക്ക് എത്തിയതാണെന്നുമാണ്. ഗുലാബ് ജാമുൻ' എന്ന വാക്ക് തന്നെ 'ഗോൾ', 'അബ്' എന്നീ പേർഷ്യൻ പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'സുഗന്ധമുള്ള പനിനീർ' എന്നാണ് അർഥം. പണ്ടത്തെ ഗുലാബ് ജാമുൻ പഞ്ചസാരപ്പാനിയില്ല, തേനിലാണ് കുതിർത്തിരുന്നത്. 

ബംഗാളിൽ ജിലാപി എന്നും അസമിൽ ജിലേപി എന്നും അറിയപ്പെടുന്ന ജിലേബി ഇന്ത്യയുടെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ്. ചരിത്രത്തിൽ ജിലേബി ആദ്യമായി പ്രത്യക്ഷപ്പെട്ടത് മധ്യപൂർവേഷ്യയിലാണ്. അറേബ്യൻ പാചകപുസ്തകം "കിതാബ് അൽ താബിഖ്" മധ്യപൂർവേഷ്യയിലെ സലാബിഹ് എന്ന സമാനമായ വിഭവത്തെക്കുറിച്ച് പരാമർശിക്കുന്നു. 

ബിരിയാണി 

സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ വിവരങ്ങള്‍ അനുസരിച്ച് ബിരിയാണിയാണ് ഇന്ത്യൻ കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണം. മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ കഴിക്കുന്ന വിഭവങ്ങളിലൊന്നും ബിരിയാണി തന്നെയാണ്. ബിരിയാണി ഇന്ത്യാക്കാരനല്ല. ഇതിന്റെ കൃത്യമായ ഉത്ഭവം അജ്ഞാതമാണെങ്കിലും, മുഗളന്മാരാണ് ഇവിടെ ബിരിയാണി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ബിരിയാണിയുടെ ആധുനിക പതിപ്പ് ക്രമേണ ഉയർന്നുവന്നത് മുഗൾ രാജാക്കന്മാരുടെ അടുക്കളകളിലായിരുന്നു. മുഗൾ സൈന്യത്തിന് വേണ്ടി എളുപ്പത്തിൽ പാചകം ചെയ്യാവുന്ന വിഭവം എന്ന നിലയിലാണ് ബിരിയാണി ഉണ്ടാക്കിത്തുടങ്ങിയത്. ഇന്ന് കല്യാണപ്പുരകളിലും അതിഥിസൽക്കാരത്തിനും ഹോട്ടലുകളുടെ മെനുവിലും വിവിധതരം ബിരിയാണികളുണ്ട്.

ചിക്കൻ ടിക്കാ മസാല 

ചിക്കൻ ടിക്ക മസാലയും ഇന്ത്യൻ അല്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഒരു ഷെഫാണ് ഇത് കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. തന്റെ ഉപഭോക്താവിനെ സന്തോഷിപ്പിക്കാൻ അദ്ദേഹം എല്ലില്ലാത്ത ചിക്കനിൽ കുറച്ച് തക്കാളി സോസ് ചേർത്തത്രേ. അങ്ങനെ ആദ്യമായി ചിക്കൻ ടിക്ക മസാല രൂപം കൊണ്ടത്. അവിടുന്ന് ഇന്ത്യയിലെത്തിയ വിഭവം ഇന്ത്യയിലും ജനപ്രിയമായി.

English Summary:

These popular Indian foods are not Indian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com