ഗോവയില് എത്തിയാൽ രണ്ടുണ്ട് കാര്യം; കാഴ്ചയും ആസ്വദിക്കാം ഈ സ്പെഷൽ വിഭവവും രുചിക്കാം

Mail This Article
വിദേശികളും സ്വദേശികളുമടക്കം നിരവധിപേർ അതിഥികളായി എത്തുന്ന ഒരു ഇന്ത്യൻ സംസ്ഥാനമാണ് ഗോവ. ബീച്ചുകളും വന്യജീവി സങ്കേതങ്ങളും മ്യൂസിയവും സ്വാദിഷ്ടമായ വിഭവങ്ങളുമടക്കം സന്ദർശകരെയെല്ലാം തൃപ്തിപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നുണ്ട്. സീസൺ സമയങ്ങളിൽ ധാരാളം കോൺസെർട്ടുകളും ഇവെന്റുകളും മറ്റുപരിപാടികളും ഇവിടെ നടക്കും. ആഘോഷങ്ങൾ മാത്രമല്ല, നിരവധി വൈവിധ്യമാർന്നതും രുചികരവുമായ വിഭവങ്ങളും ഗോവയുടെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഗോവയിൽ എത്തിയാൽ തീർച്ചയായും രുചിക്കേണ്ട ഒന്നാണ് ഈ വിഭവം. ഈ കഴിഞ്ഞയിടെ അന്നാട്ടിലെ പരമ്പരാഗതമായി തയാറാക്കുന്ന ഒരു വിഭവം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എണ്ണയോ പഞ്ചസാരയോ ഒട്ടും ചേരാത്ത, ആരോഗ്യകരമായ ഈ മധുരപലഹാരം ദൊണ്ണെ എന്ന പേരിലാണ് അറിയപ്പെടുന്നത്. അശ്വിനി ഗെയ്ക്‌വാദ് എന്ന ഫുഡ് വ്ലോഗർ ദൊണ്ണെ തയാറാക്കുന്നതെങ്ങനെ എന്ന് വിശദീകരിച്ചു കൊണ്ട് പങ്കുവച്ചിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൊങ്കണി ഭാഷയിൽ ദൊണ്ണെ എന്നാൽ കോൺ എന്നാണ് അർഥം. അരി, ശർക്കര, തേങ്ങ ഈ മൂന്ന് ചേരുവകൾ മാത്രം മതി ഈ വിഭവം തയാറാക്കിയെടുക്കാൻ. അര കിലോ ഗ്രാം അരി ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കാം. കഴുകിയെടുത്ത അരി രാവിലെ നന്നായി അരച്ചെടുക്കാവുന്നതാണ്. നൂറു ഗ്രാം ശർക്കര തിരുമ്മിയ തേങ്ങയിലേക്കു ചേർത്ത് മിക്സ് ചെയ്തെടുക്കാം. മധുരം കൂടുതൽ വേണമെന്നുള്ളവർക്ക് അതിനനുസരിച്ച് ശർക്കര ചേർക്കാവുന്നതാണ്. ഇനി പ്ലാവില കുമ്പിൾ കുത്തി അതിനുള്ളിലേക്ക് അരിയുടെ കൂട്ട് ഒഴിച്ചു കൊടുക്കാം. മുകളിലായി തേങ്ങയും ശർക്കരയും മിക്സ് ചെയ്തതും വെച്ചുകൊടുക്കാവുന്നതാണ്. ഇരുപത് മിനിട്ടു നേരം ആവിയിൽ വേവിച്ചെടുത്തൽ മതി സ്വാദിഷ്ടമായ ദൊണ്ണെ തയാറായി കഴിഞ്ഞു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ചൂടോടെ കുമ്പിൾ കുത്തിയ പ്ലാവില എടുത്തു മാറ്റാൻ ശ്രമിക്കരുത്. ഒട്ടി പിടിക്കാനുള്ള സാധ്യതയുണ്ട്. തണുത്തതിനു ശേഷം ഇല മാറ്റാവുന്നതാണ്.
ദൊണ്ണെ പാകം ചെയ്യുന്നതിന്റെ വിഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വൻസ്വീകാര്യതയാണ് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ 5 മില്യണിനടുത്ത് കാഴ്ചക്കാരെ നേടാൻ കഴിഞ്ഞു. ഗോവയുടെ ഈ പാരമ്പര്യ വിഭവത്തെ കുറിച്ച് ധാരണയില്ലാതെയിരുന്നവർ ഇനി അവിടെയെത്തുമ്പോൾ കഴിച്ചു നോക്കുമെന്നു പറഞ്ഞപ്പോൾ കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് ഇത് മധുര പലഹാരങ്ങൾ വിൽക്കുന്ന കടകളിൽ ലഭ്യമാണോ എന്നായിരുന്നു. ഗോവയിൽ അല്ലാതെ മറ്റു സംസ്ഥാനങ്ങളിലും അരിയും ശർക്കരയും തേങ്ങയും ചേരുന്ന ഈ വിഭവം തയാറാക്കുന്നുണ്ടെങ്കിലും രൂപത്തിലും പേരിലുമൊക്കെ വ്യത്യാസം കാണുവാൻ കഴിയും. കേരളത്തിൽ ഇതിനു കുമ്പിളപ്പം എന്നാണ് പേരെന്ന് ഒരാൾ കുറിച്ചപ്പോൾ ഉത്തരാഖണ്ഡിൽ സിങ്കോടി എന്നാണ് ഈ വിഭവം അറിയപ്പെടുന്നതെന്നാണ് മറ്റൊരു കമെന്റ്.