ഇനി ഉണ്ടാകില്ല; അടുക്കള എപ്പോഴും സുഗന്ധത്തോടെ നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Mail This Article
വീടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. എപ്പോഴും ഭക്ഷണം പാകം ചെയ്യുന്നത് കൊണ്ടുതന്നെ അടുക്കളയില്‍ ദുര്‍ഗന്ധം തങ്ങിനില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് വീടിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. അതിനാല്‍ ദുര്‍ഗന്ധം ഇല്ലാതാക്കാൻ ഇതാ കുറച്ചു ടിപ്സ്...
ഡിഫ്യൂസര്‍ ഉപയോഗിക്കാം
പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിക്കാവുന്ന ഇലക്ട്രിക് ഡിഫ്യൂസറുകളും, പഴയ മട്ടിലുള്ള സാദാ ഡിഫ്യൂസറുകളുമെല്ലാം ഇന്ന് വിപണിയില്‍ ലഭ്യമാണ്. സുഗന്ധ എണ്ണകളും മറ്റും ഇവയില്‍ ചേര്‍ത്ത് ഉപയോഗിക്കാം. മുറി ദിവസം മുഴുവനും സുഗന്ധപൂരിതമായി നില്ക്കാന്‍ ഇത് സഹായിക്കും.
ജനാലകള്‍ എപ്പോഴും അടച്ചിടരുത്
അടുക്കള ജനാലകള്‍ എപ്പോഴും അടച്ചിടുന്നത് ഉള്ളില്‍ ദുര്‍ഗന്ധം കെട്ടി നില്ക്കാന്‍ കാരണമാകും. ഇടയ്ക്കൊക്കെ ഇതൊന്നു തുറക്കാം, ശുദ്ധവായു അകത്തേക്ക് വരട്ടെ. ഇങ്ങനെ ചെയ്യുമ്പോള്‍ പഴയ വായു മാറി പുതിയ ഫ്രഷ് വായു അകത്തേയ്ക്ക് വരിക മാത്രമല്ല, സൂര്യപ്രകാശം അകത്തേയ്ക്ക് കടക്കുമ്പോള്‍ കിച്ചന്‍ സ്ലാബിലും മറ്റുമുള്ള അണുക്കളും നശിക്കും.
എക്സോസ്റ്റ് ഫാനുകള്‍
അടുക്കളകളില്‍ എക്സോസ്റ്റ് ഫാനുകള്‍ ഉണ്ടാകുമെങ്കിലും പലപ്പോഴും ഇത് എല്ലാവരും മറന്നുപോകും. ഇടയ്ക്കിടെ ഇത് ഓണാക്കുക എന്നതാണ് ദുര്‍ഗന്ധം ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം. അടുക്കളയില്‍ ഫാനുകള്‍ ഉണ്ടെങ്കില്‍ അവ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നതും നല്ലതാണ്. പാചകം ചെയ്തതിനു ശേഷം അടുക്കളയില്‍ മസാലകളുടെയും മറ്റും ഗന്ധം തങ്ങിനില്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും.
വേസ്റ്റ് ബിന്‍ മറക്കല്ലേ
അടുക്കളയിലെ ചവറ്റുകുട്ടയാണ് ദുര്‍ഗന്ധമുണ്ടാക്കുന്ന മറ്റൊരു വില്ലന്‍. മാലിന്യങ്ങള്‍ രണ്ടു ദിവസത്തില്‍ ഒരിക്കലെങ്കിലും കളയാന്‍ ശ്രദ്ധിക്കണം. വലിയ ചവറ്റുകുട്ടകള്‍ക്ക് പകരം, അധികം മാലിന്യങ്ങള്‍ കൊള്ളാത്ത ചെറിയ ചവറ്റുകുട്ടകള്‍ ഉപയോഗിക്കാം. ഇങ്ങനെയാകുമ്പോള്‍ പെട്ടെന്ന് തന്നെ അവ നിറയുകയും വേഗം ഒഴിവാക്കുകയും ചെയ്യും. ചവറ്റുകുട്ടകളിലെ ദുര്‍ഗന്ധം ഒഴിവാക്കാനുള്ള വിവിധ പൊടികളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ബേക്കിംഗ് സോഡയും നാരങ്ങനീരും കലര്‍ത്തിയ മിശ്രിതം കൊട്ടയിലെക്ക് ഒഴിക്കുന്നതും ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.
സ്‌പോഞ്ചുകളും തുണികളും
അടുക്കളയിൽ ദുർഗന്ധം ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണമാണ് പഴക്കമേറിയ സ്‌പോഞ്ചുകളും തുണികളും. ഇവ ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുകയും മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കുകയും വേണം. മൈക്രോവേവിലോ ഡിഷ്വാഷറിലോ സ്പോഞ്ചുകളും തുണികളും അണുവിമുക്തമാക്കാവുന്നതാണ്. കഴുകിയ ശേഷം നല്ല വെയിലത്തിട്ട് ഉണക്കാനും ശ്രദ്ധിക്കണം.
അടുക്കള ഇടയ്ക്കിടെ തുടയ്ക്കുക
ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് പല അവശിഷ്ടങ്ങളും ചുവരിലേക്കും ഉപകരണങ്ങളിലേക്കും തെറിച്ചു വീഴാം. ഇതും ദുര്‍ഗന്ധത്തിന് കാരണമാകുന്നു. അതിനാല്‍, ആഴ്ചയില്‍ ഒരിക്കല്‍ അടുക്കളയുടെ മുക്കും മൂലയും തുടച്ചു വൃത്തിയാക്കുക. അടുക്കള വൃത്തിയാക്കാന്‍ സുഗന്ധമുള്ള അണുനാശിനികളും ഉപയോഗിക്കാം. ഫ്രിഡ്ജിന്‍റെ ഉള്‍വശവും പുറത്തും ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കരുത്.
സിങ്ക് വെറുതെ വിടല്ലേ...
അടുക്കളയുടെ ഏറ്റവും പ്രധാനപ്പെട്ടതും പെട്ടെന്ന് ദുര്‍ഗന്ധമുണ്ടാക്കാന്‍ കാരണമാകുന്നതുമായ ഒരു ഭാഗമാണ് കിച്ചന്‍ സിങ്ക്. അടുക്കളയിലെ സിങ്കും ഡ്രെയിൻ ക്ലീനറും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ, അസുഖകരമായ ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിക്കും. സിങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഒരു ഡ്രെയിൻ അൺബ്ലോക്കർ ഉപയോഗിച്ച് സിങ്ക് ക്ലീന്‍ ചെയ്യുക.