അടിച്ചുവാരാന്‍ മാത്രമല്ല, ദോശയുണ്ടാക്കാനും ചൂല്‍ മതി; വൈറല്‍ വിഡിയോ കാണാം!
Mail This Article
ലോകം മുഴുവനും ആരാധകരുള്ള വിഭവമാണ് ദോശ. മസാല ദോശ, പനീര്‍ ദോശ, നീര്‍ ദോശ, ചിക്കന്‍ ദോശ, ചീസ് ദോശ അങ്ങനെയങ്ങനെ പല രൂപത്തിലും ഭാവത്തിലും ദോശ ഭക്ഷണപ്രേമികളെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എത്ര കഴിച്ചാലും മടുക്കില്ല എന്നതാണ് ദോശയുടെ മറ്റൊരു പ്ലസ്പോയിന്‍റ്. അത്രമേല്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു ഈ വിഭവം.
എത്രയധികം പ്രിയപ്പെട്ടതാണെങ്കിലും ചൂല്‍ ഉപയോഗിച്ച് ദോശ ഉണ്ടാക്കിയാല്‍ അത് ആരെങ്കിലും കഴിക്കുമോ? കഴിക്കുമെന്ന് മാത്രമല്ല, അത് തേടിയെത്താന്‍ ഒരുപാട് ആളുകളും കാണുമെന്നാണ് ഈയിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ വിഡിയോ തെളിയിക്കുന്നത്. ഋഷഭ് ശര്‍മ്മ എന്ന ഡിജിറ്റല്‍ ക്രിയേറ്ററാണ് Thefoodiebae എന്ന ഫേസ്ബുക്ക് പേജില്‍ ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്.
ബെംഗളൂരുവിലെ തിരക്കേറിയ ഒരു റസ്റ്ററന്റിന്‍റെ തുറന്ന അടുക്കളയാണ് ഇതില്‍ കാണുന്നത്. ചതുരാകൃതിയുള്ള ഒരു ദോശക്കല്ല് അടുപ്പിനു മുകളില്‍ കയറ്റിവച്ചിരിക്കുന്നു. ചട്ടുകമോ ബ്രഷോ ഉപയോഗിച്ച് എണ്ണ പുരട്ടുന്നതിന് പകരം, ഈര്‍ക്കിലി കൊണ്ടുള്ള ചൂല്‍ ഉപയോഗിച്ചാണ് ഇതിനു മുകളില്‍ പാചകക്കാരന്‍ എണ്ണ പരത്തുന്നത്. അതിനുശേഷം, ദോശമാവ് എടുത്ത് വൃത്താകൃതിയില്‍ പരത്തുന്നു. ഇങ്ങനെ പന്ത്രണ്ടോളം ദോശ ഒരു സമയത്ത് ഈ കല്ലില്‍ ഉണ്ടാക്കാം.
പിന്നീട്, ഒരു പാക്കറ്റ് നെയ്യ് പൊട്ടിച്ച്, ഈ ദോശയ്ക്ക് മുകളിലേക്ക് സമൃദ്ധമായി ഒഴിക്കുന്നു. ശേഷം, ഓരോ ദോശയുടെയും നടുവില്‍ ഫില്ലിംഗ് വയ്ക്കുന്നു. പിന്നീട് അതിനുമുകളിൽ ധാരാളം പൊടിമസാല വിതറുന്നു. ഇതുകഴിഞ്ഞ്, ദോശകൾ മടക്കി വാഴയിലകള്‍ നിരത്തിയ പ്ലേറ്റുകളിലേക്ക് മാറ്റുന്നു. ഇതിലേക്ക് ചട്ണി, സാമ്പാര്‍ മുതലായവ കൂടി വെച്ച ശേഷം വിളമ്പുന്നു.
ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ദോശക്കല്ലില്‍ എണ്ണ പുരട്ടാന്‍ ചൂൽ ഉപയോഗിക്കുന്നതിനെ പല ഇന്റർനെറ്റ് ഉപയോക്താക്കളും വിമർശിച്ചപ്പോൾ, ഇതിന്‍റെ കാരണം വിശദീകരിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്‍റെ അളവ് അമിതമാണെന്നും ഒട്ടേറെപ്പേര്‍ പറയുന്നു. ഇത് ദോശയല്ല, നെയ്യില്‍ പൊരിച്ചെടുത്ത സ്നാക്ക് ആണെന്നും ചിലര്‍ പറയുന്നു.
എത്ര രുചികരമാണെന്ന് പറഞ്ഞാലും ഈ ദോശ ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്ന് പറയുന്നവരാണ് കൂടുതല്‍. കൊളസ്‌ട്രോൾ, ഹൃദ്രോഗങ്ങൾ എന്നിവ ഒരു പ്ലേറ്റിൽ വിളമ്പുന്നതിന് തുല്യമാണ് ഈ വിഭവം എന്നും ഒരാള്‍ എഴുതിയിട്ടുണ്ട്.