ഇഡ്‌ഡലി പഞ്ഞിപോലെ, പക്ഷെ മാവ് ഒട്ടിപിടിച്ച തട്ടുകൾ വൃത്തിയാക്കാൻ പാടാണോ? ഇനി ഇങ്ങനെ ചെയ്യാം

Mail This Article
ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ എല്ലാവരുടെയും പ്രിയപ്പെട്ടത് ഏതെന്നു തിരഞ്ഞാൽ അതിൽ ഇഡ്‌ഡലിയ്ക്കു പ്രഥമ സ്ഥാനം തന്നെയുണ്ടാകും. വളരെ മാർദ്ദവമുള്ള ഇഡ്‌ഡലി സാമ്പാറും ചട്ണിയും കൂട്ടി കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ആവിയിൽ വേവുന്നത് കൊണ്ട് തന്നെ ഏറെ ആരോഗ്യപ്രദമായ ഈ വിഭവം ഉണ്ടാക്കാൻ എളുപ്പമെങ്കിലും ഇഡ്‌ഡലി ഉണ്ടാക്കാനായി ഉപയോഗിച്ച തട്ടുകൾ കഴുകിയെടുക്കുക എന്നത് ഏറെ ശ്രമകരമാണ്. മാവ് ഒട്ടിപിടിച്ചിരിക്കുന്ന തട്ടുകൾ വൃത്തിയായി കഴുകിയെടുക്കാൻ കുറച്ച് സമയം തന്നെ വേണ്ടി വരും. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ, വളരെ എളുപ്പത്തിൽ ഇഡ്‌ഡലി പാത്രങ്ങൾ വൃത്തിയാക്കിയെടുക്കാവുന്നത്.
ചൂട് വെള്ളത്തിൽ കഴുകാം
ഇഡ്‌ഡലി ഉണ്ടാക്കിയതിന് ശേഷം കൂടുതൽ നേരം കഴുകാതെയിരുന്നാൽ തട്ടുകളിൽ ഇഡ്‌ഡലിയുടെ അവശിഷ്ടങ്ങൾ ഉണങ്ങി ഒട്ടിപിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ചൂട് വെള്ളത്തിൽ ഇവ കഴുകാവുന്നതാണ്. പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാൻ സാധിക്കും. ഇഡ്ഡ്ലി ഉണ്ടാക്കി ഉടൻ തന്നെ കഴുകുകയാണെങ്കിൽ പച്ചവെള്ളത്തിൽ കഴുകിയാലും മതി.
ഡിഷ്‌വാഷിങ് ലിക്വിഡ് ഉപയോഗിക്കാം
അടുക്കളയിലെ ഏതു പാത്രങ്ങൾ കഴുകാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഡിഷ്‌വാഷിങ് ലിക്വിഡ്. ഇഡ്‌ഡലി തട്ടുകൾ കഴുകാനുമിതു ഉപയോഗിക്കാവുന്നതാണ്. തട്ടുകളിലെ ഇഡ്‌ഡലിയുടെ അവശിഷ്ടങ്ങൾ ഒരു സ്പോഞ്ച് ഉപയോഗിച്ച് കഴുകി കളഞ്ഞതിനു ശേഷം ഒരു പാത്രത്തിൽ കുറച്ച് ചൂട് വെള്ളമെടുത്ത് അതിലേയ്ക്ക് കുറച്ച് ഡിഷ്‌വാഷിങ് ലിക്വിഡ് കൂടി ഒഴിച്ച് 15 - 20 മിനിറ്റ് വരെ ഇഡ്‌ഡലി തട്ടുകൾ അതിലിട്ടു വെയ്ക്കാം. അതിനുശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതാണ്.
വിനാഗിരി സൊലൂഷൻ തയാറാക്കാം
ഇഡ്‌ഡലി തട്ടുകളും പാത്രവും വൃത്തിയാക്കിയെടുക്കുന്നതിനായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഏതു കഠിനമായ കറകളേയും അഴുക്കിനെയും നിശേഷം നീക്കം ചെയ്യാൻ വിനാഗിരിയ്ക്കു കഴിയും. വിനാഗിരി സൊലൂഷൻ വീട്ടിൽ തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. ഒരു വലിയ പാത്രത്തിൽ ഒരു കപ്പ് വിനാഗിരി എടുത്ത് അതിലേയ്ക്ക് രണ്ടു കപ്പ് ചൂട് വെള്ളം കൂടി മിക്സ് ചെയ്താൽ മതിയാകും. ഈ വെള്ളത്തിൽ ഇഡ്‌ഡലി തട്ടുകൾ കുറച്ചു സമയം മുക്കിവെയ്ക്കാവുന്നതാണ്. അതിനു ശേഷം വെള്ളമുപയോഗിച്ച് കഴുകിയെടുക്കാം.
ബേക്കിങ് സോഡ
പാത്രങ്ങൾ വൃത്തിയാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ഏതു തരം പാത്രങ്ങളും തിളക്കത്തോടെ കഴുകിയെടുക്കാനിതു സഹായിക്കും. ഒരു വലിയ ബക്കറ്റ് വെള്ളത്തിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ബേക്കിങ് സോഡ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഇഡ്‌ഡലി തട്ടുകൾ അതിലേക്കിടാം. കുറച്ച് സമയം കഴിഞ്ഞതിനു ശേഷം സ്പോഞ്ച് ഉപയോഗിച്ച് കഴുകിയെടുക്കാം. ഇഡ്‌ഡലി തട്ടുകൾ പുതിയതുപോലെ തിളക്കമാർന്നതാകും.

ചെറുനാരങ്ങയും വെള്ളവും
അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ചെറുനാരങ്ങയ്ക്കു പാത്രങ്ങൾ വൃത്തിയാക്കാൻ പ്രത്യേക കഴിവ് തന്നെയുണ്ട്. ബേക്കിങ് സോഡ ഉപയോഗിച്ചും വിനാഗിരി കൊണ്ടും സൊലൂഷൻ തയാറാക്കിയത് പോലെ ഒന്നോ രണ്ടോ ചെറുനാരങ്ങ ഒരു ബക്കറ്റ് ചൂട് വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിയ്ക്കുക. പാത്രങ്ങൾ കുറച്ചു സമയം മുക്കിവെച്ചതിനു ശേഷം സ്‌ക്രബർ ഉപയോഗിച്ചു കഴുകിയെടുക്കാവുന്നതാണ്.
ഫുഡ് അലർജി : വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ