നല്ല ഫ്രെഷ് മല്ലിയില വേണോ? സവാള കൊണ്ടൊരു ട്രിക്ക്

Mail This Article
കറികളുടെ രുചിയും മണവും വർധിപ്പിക്കുന്നതിൽ മല്ലിയിലയുടെ പങ്ക് നിസാരമല്ല. ബിരിയാണിയിലും ചിക്കനിലും സാമ്പാറിലും വരെ മേമ്പൊടിയായി ചേർക്കുന്ന മല്ലിയില സാധാരണയായി കടയിൽ നിന്നുമാണ് ഭൂരിപക്ഷം പേരും വാങ്ങുന്നത്. എന്നാൽ മല്ലിയില വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാം. അധികം മണ്ണോ വെള്ളമോ സ്ഥലമോ ഒന്നും തന്നെയും ആവശ്യമില്ല. ഫ്ലാറ്റിൽ താമസിക്കുന്നവർക്കു ഒരു ചെടി ചട്ടി മതിയാകും. വ്ലോഗ്സ് ഹാപ്പി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പുതുരീതിയിൽ മല്ലിയില കൃഷി ചെയ്യുന്നതിന്റെ വിഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആർക്കും പരീക്ഷിക്കാവുന്ന ഒരു രീതിയിലാണ് ഈ മല്ലിയില കൃഷി.
വാങ്ങിയ മല്ലിയിലയുടെ ഇലകൾ മാറ്റി വേര് ഭാഗം മാത്രം മുറിച്ചെടുക്കണം. ഇനി ആവശ്യമുള്ളത് ഒരു ചെറിയ സവാളയാണ്. സവാളയുടെ മുകൾ ഭാഗം വൃത്താകൃതിയിൽ മുറിച്ചെടുത്തു അതിനുള്ളിലേക്ക് ഒട്ടും തന്നെയും ഉണങ്ങാത്ത മല്ലിയിലയുടെ വേര് ഭാഗമുള്ള ഭാഗം വെയ്ക്കണം. ശേഷം ചെടിച്ചട്ടിയിൽ ചകിരിച്ചോറ് നിറച്ചു അതിലേയ്ക്ക് ഈ സവാള വെച്ച് കൊടുക്കാം. ഇടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കാൻ മറക്കരുത്. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മല്ലിയില തഴച്ചു വളരാൻ തുടങ്ങും എന്നാണ് വിഡിയോയിൽ പറയുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന മല്ലിയില ഒഴിവാക്കുകയും ചെയ്യാം.
ധാരാളം പോഷകങ്ങൾ കൊണ്ട് സമ്പന്നമായ മല്ലിയില കറികളിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. വിറ്റാമിൻ സി, കെ പ്രോട്ടീൻ തുടങ്ങിയവയും കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ അടങ്ങിയിരിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റി നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനുമിതു സഹായിക്കുന്നു. മല്ലിയില ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കും. മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന അയൺ വിളർച്ചയെ തടയുന്നു. വിട്ടുമാറാത്ത ചുമ ജലദോഷം എന്നിവയ്ക്കും മല്ലിയില മികച്ചൊരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്.