തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് പഞ്ചസാരയേക്കാള്‍ നല്ലതാണോ തേന്‍?
Mail This Article
രാവിലെ തന്നെ ഒരു കപ്പ് ചായ കുടിക്കുമ്പോള്‍ മധുരത്തിന് വേണ്ടി നമ്മള്‍ എപ്പോഴും പഞ്ചസാര തന്നെയാണ് ഉപയോഗിക്കുക. ആരോഗ്യകരമായ ഓപ്ഷനായി തേന്‍ തിരഞ്ഞെടുക്കുന്നവരും ഉണ്ട്. തേനും പഞ്ചസാരയും പ്രധാനമായും ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്ന കാർബോഹൈഡ്രേറ്റുകളാണ്. എന്നാല്‍ തേന്‍ ഉപയോഗിക്കുന്നത് പഞ്ചസാര ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണോ? തേനിൽ പ്രധാനമായും വെള്ളവും രണ്ട് തരം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇളം മഞ്ഞ മുതൽ ഇരുണ്ട തവിട്ട് വരെ ഇതിന്‍റെ നിറം വ്യത്യാസപ്പെടാം. കൂടാതെ, കുറഞ്ഞ അളവില്‍ എൻസൈമുകൾ, അമിനോ ആസിഡുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും തേനിലുണ്ട്.
തേനിൽ കാണപ്പെടുന്ന പല ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളായി തരംതിരിച്ചിട്ടുണ്ട്. ഫ്ലേവനോയിഡുകൾക്ക് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെങ്കിലും തേന്‍ ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. തേനിൽ ഗ്ലൂക്കോസിനേക്കാൾ ഫ്രക്ടോസ് കൂടുതലാണ്. ഫ്രക്ടോസ് ഗ്ലൂക്കോസിനേക്കാൾ മധുരമുള്ളതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് തേന്‍ അത്ര നല്ല ഓപ്ഷനല്ല.
ഒരു ടീസ്പൂണ്‍ തേനില്‍ ഏകദേശം 22 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അമിതമായ അളവില്‍ തേന്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കും അത്ര നല്ലതല്ല. ശിശുക്കളിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയൽ ബീജങ്ങൾ തേനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരിക്കലും തേന്‍ കൊടുക്കരുത് എന്ന് വിദഗ്ധര്‍ പറയുന്നു. തേനില്‍ കുറഞ്ഞ അളവിലെങ്കിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ വിറ്റാമിനുകളോ പോഷകങ്ങളോ ഇല്ല. ഒരു ടീസ്പൂൺ പഞ്ചസാരയില്‍ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട്.
അമിതമായി പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടിക്കും ഹൃദ്രോഗത്തിനും ടൈപ്പ് 2 പ്രമേഹത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കും. സംസ്കരിച്ച പല ഭക്ഷണങ്ങളിലും പഞ്ചസാര ഒരു സാധാരണ ഘടകമാണ്, അതിനാല്‍ നേരിട്ട് കഴിക്കുന്നതിനെക്കാള്‍ കൂടിയ അളവില്‍ പഞ്ചസാര പലപ്പോഴും ബേക്കറി പലഹാരങ്ങളിലൂടെയും മറ്റും ഉള്ളില്‍ എത്തും. ഭാരം കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങളെ നേരിടാനുമുള്ള ശ്രമത്തില്‍, ആരോഗ്യകരമല്ലേ എന്ന് കരുതി തേന്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ പടിപടിയായി ഇവയുടെ രണ്ടിന്‍റെയും ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്.