ADVERTISEMENT

മുംബൈയില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം, വടപാവിന് തെരുവോരക്കടകളില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന്. അതുകൊണ്ടാണ് 'ബോംബെ ബർഗർ' എന്നും ഇതിനെ വിളിക്കുന്നത്. ഉള്ളില്‍, പുഴുങ്ങിയ ഉരുളക്കിഴങ്ങ് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വട വെച്ച്, പുറമേ ചുവന്ന മുളക്പൊടി വിതറി കിട്ടുന്ന ഈ ബ്രെഡ്‌ ബണ്ണിന് ആരാധകര്‍ ചില്ലറയൊന്നുമല്ല. വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി കൂടിയങ്ങ് ഒഴിക്കും. ചിലപ്പോള്‍ ചുട്ട വെളുത്തുള്ളിയും കാണും.

വെറും പത്തു രൂപയ്ക്ക് ഒരു പ്ലേറ്റ് കിട്ടുന്ന സ്ട്രീറ്റ് ഫുഡ് ആണെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ഒരു സ്പെഷല്‍ വിഭവമായാണ് വിളമ്പുന്നത്.

ഇപ്പോഴിതാ വടാപാവിനെ തേടി ഒരു ആഗോള അംഗീകാരം എത്തിയിരിക്കുന്നു. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്റെ, 'ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളു'ടെ പട്ടികയിൽ, 19-ാം സ്ഥാനത്താണ് വടാപാവ്. 2024 മാര്‍ച്ചിലെ ഗൈഡിൻ്റെ നിലവിലെ റാങ്കിംഗ് അനുസരിച്ചാണ് ഇത്.

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലോ മുംബൈയിലെ തുണിമിൽ ജോലിക്കാർക്കുള്ള ഭക്ഷണമായാണ് പാവ് ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നു. ജോലിക്കാർക്ക് കുറഞ്ഞ സമയം കൊണ്ടു കഴിക്കാവുന്നതും അമിതമായി വയർ നിറയാത്തതുമായ ഒരു വിഭവം തേടിയുള്ള അന്വേഷണമാണ് വടാപാവിലെത്തിയത് എന്ന് പറയപ്പെടുന്നു. 

ടേസ്റ്റ് അറ്റ്‌ലസ് പറയുന്നതനുസരിച്ച് , 1960 കളിലും 70 കളിലും ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ഈ ഐതിഹാസിക തെരുവ് ഭക്ഷണം ആദ്യമായി ഉണ്ടാക്കിയത്. ഈ ലഘുഭക്ഷണം സ്ട്രീറ്റ് സ്റ്റാളുകൾ മുതൽ ഫൈൻ ഡൈനിംഗ് റെസ്റ്റോറൻ്റുകൾ വരെ എല്ലായിടത്തും ലഭിക്കുന്നു എന്ന് മാത്രമല്ല, ഇത് മുംബൈയുടെ സാംസ്‌കാരിക ചിഹ്നമായി മാറിയിരിക്കുന്നു.

ഇതാദ്യമായല്ല വടാപാവിന് ലോകശ്രദ്ധ ലഭിക്കുന്നത്. 2017 ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് മുംബൈ നിവാസികളുടെ ഇഷ്ടഭക്ഷണമായ വടാ പാവിനെയായിരുന്നു. ബാൻ മി, ടോംബിക് ഡോണർ, ഷവർമ എന്നിവയാണ് പട്ടികയിൽ ഒന്നാമത്. അമ്പതു പലഹാരങ്ങള്‍ ഉള്ള പട്ടികയില്‍ മറ്റ് ഇന്ത്യൻ പലഹാരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല.

English Summary:

Vada pav among top 20 sandwiches in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com