മുട്ട വെള്ളം ചേർക്കാതെ പാനിൽ വച്ച് പുഴുങ്ങിയെടുക്കാം, ആപ്പിൾ മുറിച്ചാൽ കറുത്തുപോകില്ല; ഈ ട്രിക്കുകൾ അറിയാതെ പോകരുത്

Mail This Article
അടുക്കളയിലെ ജോലി എളുപ്പമാക്കുവാനും പച്ചക്കറി ആണെങ്കിലും പയറുവർഗമെങ്കിലും കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാനും ഒരുപാട് നുറുങ്ങുകൾ ഉണ്ട്. അടുക്കളയിൽ അധിക സമയം ചെലവഴിക്കാതെ തന്നെ ജോലി തീർക്കാനും സാധിക്കും. കൂടാതെ ചില അടുക്കള നുറുങ്ങുകൾ പാചകം കൂടുൽ എളുപ്പമാക്കുവാനും സഹായിക്കും. അങ്ങനെയുള്ള ചില ടിപ്പുകളാണ് Moms Gup Shup എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

∙പൂരി എണ്ണയിൽ വറുത്തു കോരുമ്പോൾ ഒരുപാട് എണ്ണ ആകുമെന്ന ടെൻഷൻ ഇനി വേണ്ട, എണ്ണമയം പൂരിയിൽ പറ്റിപിടിച്ചിരിക്കില്ല. വറുക്കുവാനുള്ള എണ്ണയിൽ അല്പം ഉപ്പ് ചേർത്താൽ ഫ്രൈ ചെയ്യുന്ന പൂരിയിൽ അധികം എണ്ണ ഉണ്ടാവില്ല.
∙മുട്ട പുഴുങ്ങാനായി ഇനി വെള്ളത്തിലിടേണ്ട, പൊട്ടിപോകാതെ പാനിൽ വച്ചും പുഴുങ്ങിയെടുക്കാം. പാൻ ചൂടാകുമ്പോൾ മുട്ട പാനിൽ വയ്ക്കാം. ശേഷം ചുറ്റും ഐസ്ക്യൂബ് വച്ച് മൂടിവയ്ക്കാം. നിമിഷനേരം കൊണ്ട് വെള്ളം വറ്റി മുട്ടയുടെ തോട് പൊട്ടാതെ പുഴുങ്ങിയെടുക്കാം.

∙ കാരറ്റ് ഫ്രിജിൽ സൂക്ഷിച്ചാലും പെട്ടെന്ന് ചീഞ്ഞു പോകാറുണ്ട്. വായുകടക്കാത്ത പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് കാരറ്റ് അതിലിട്ട് അടച്ച് ഫ്രിജിൽ വച്ചാൽ കുറച്ചധികം ദിവസം ഫ്രെഷായി വയ്ക്കാം.
∙ വെളുത്തുള്ളി അടർത്തിയെടുക്കന്‍ ഒരുപാട് സൂത്രവിദ്യകൾ സമൂഹമാധ്യമത്തിൽ കാണാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി വെളുത്തുള്ളി അല്ലികളായി അടർത്തി ഒരു പാനിലിട്ട് ഒരു സ്പൂൺ ഉപ്പും ചേര്‍ത്ത് ചെറുതായി ചൂടാക്കി, ടൗവലിൽ ഇട്ട് തിരുമ്മിയാൽ വെളുത്തുള്ളിയുടെ തൊലി അടർന്നുവരുന്നത് കാണാം.

∙പരിപ്പോ അരിയോ മറ്റോ അടുപ്പിൽ വച്ച് തിളച്ച് തൂവാതിരിക്കാൻ രണ്ട് ഐസ്ക്യൂബ്സ് ചേർത്താൽ മതി പതഞ്ഞ് പൊങ്ങി തൂവിപോകില്ല.
∙മിക്സിയുടെ ബ്ലെഡിന്റെ മൂർച്ച കൂട്ടുവാനായി ഫോയിൽ പേപ്പർ ചെറുതായി മുറിച്ച് മിക്സിയിലിട്ട് രണ്ടുമൂന്ന് തവണ അടിച്ചാൽ മതി.
∙വെള്ളത്തിലിട്ട് തിളപ്പിക്കതെ തന്നെ കിഴങ്ങ് പുഴുങ്ങിയെടുക്കാം. അതിനായി കിഴങ്ങിൽ കത്തികൊണ്ട് വരഞ്ഞിട്ട് ഒരു കാൽ കപ്പ് വെള്ള് തളിച്ച് മൈക്രോവേവ് ഒവനിൽ വച്ചാല്‍ മതി. നല്ലതയി പുഴുങ്ങിയെടുക്കാം.
∙മുറിച്ച് വച്ചാൽ ആപ്പിൾ കഷണങ്ങള്‍ പെട്ടെന്ന് കറുത്തുപോകും. അത് ഒഴിവാക്കാനായി ഒരു ബൗളിൽ വെള്ളം നിറച്ച് അതിൽ ഒരു സ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്തിട്ടു മുറിച്ച ആപ്പിൾ ഇട്ടുവയ്ക്കാം. ശേഷം എടുക്കാം, ആപ്പിള്‍ കഷണങ്ങൾ കറുത്തുപോകില്ല.