സവാള രണ്ടുവർഷം വരെ കേടുകൂടാതെയിരിക്കും; ഇങ്ങനെ പൊടിച്ച് സൂക്ഷിച്ചോളൂ

Mail This Article
കറിയുടെ രുചി വർധിപ്പിക്കുന്നതിൽ സവാളയുടെ പങ്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതൊരു കറിയുടെയും രുചി പതിന്മടങ്ങു വർധിപ്പിക്കാൻ ഈ പച്ചക്കറിക്ക് സാധിക്കും. എന്നാൽ തൊലികളഞ്ഞു, അരിഞ്ഞെടുക്കുക എന്നതും കറികളിൽ ചേർക്കാനായി ഏറെ നേരം വഴറ്റുക എന്നതുമൊക്കെ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ച് ജോലിക്കു പോകാനുള്ള തിരക്കിനിടയിൽ എളുപ്പത്തിൽ എങ്ങനെ ഭക്ഷണം തയാറാക്കാമെന്നുള്ള ആലോചനകൾക്കിടയിൽ ഇതൊരു ടാസ്ക് തന്നെയാണ്. എന്നാലിനി അക്കാര്യത്തെ കുറിച്ച് ഓർത്ത് അധികം ടെൻഷൻ അടിക്കേണ്ട. അവധി ദിവസങ്ങളിൽ കുറച്ച് സമയമെടുത്ത് സവാള തൊലികളഞ്ഞെടുത്തു ഉണക്കി പൊടിച്ചു സൂക്ഷിച്ചാൽ ഏകദേശം രണ്ടുവർഷം വരെ കേടുകൂടാതെയിരിക്കും. ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം.

സവാള തൊലി കളഞ്ഞു, നന്നായി കഴുകി, ഉണങ്ങിയതിനു ശേഷം അല്പം വലുപ്പത്തിൽ തന്നെ മുറിച്ചെടുക്കാം. ഇനി ഇത് ഒരു മിക്സിയുടെ ജാറിലേക്കു മാറ്റി അരച്ചെടുക്കണം. കൂടെ കുറച്ച് ഉപ്പ് കൂടി ചേർക്കാൻ മറക്കണ്ട. അരച്ചെടുത്ത ഈ സവാള പേസ്റ്റ് ഒട്ടും ജലാംശമില്ലാത്ത ഒരു സിലിക്കൺ മാറ്റിലേക്കു ഒഴിച്ച്, വെയിലത്തു വെയ്ക്കണം. ഓരോ ദിവസവും ഇളക്കി നന്നായി മിക്സ് ചെയ്യാം. അടിഭാഗം മുകളിലേക്ക് വരുന്നത് പോലെ മറിച്ചും തിരിച്ചുമൊക്കെ ഇടണം.

രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ ഈ സവാള പേസ്റ്റ് ഉണങ്ങി കിട്ടും. ഇനി മിക്സിയുടെ ജാറിലേക്കിട്ടു പൊടിച്ചെടുക്കാം ഒട്ടും തരികളില്ലാതിരിക്കാൻ ശ്രദ്ധിക്കണം. ജലാംശമില്ലാത്ത, വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കാവുന്നതാണ്. ഏറെ നാളുകൾ കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, തിരക്കുള്ള ദിവസങ്ങളിൽ വളരെ എളുപ്പത്തിൽ കറികളിൽ ചേർത്ത് രുചിയോടെ തയാറാക്കുകയും ചെയ്യാം. സവാളയ്ക്കു വില കുറഞ്ഞിരിക്കുന്ന സമയത്തു കുറച്ചേറെ വാങ്ങി ഇത്തരത്തിൽ ചെയ്യാവുന്നതാണ്. ജോലി ഭാരം കുറയ്ക്കാൻ ഇതേറെ സഹായകരമാകും.