ADVERTISEMENT

ക്രാഷ് ഡയറ്റുകളുടെയും നൂറായിരം പോഷക സപ്ലിമെന്റുകളുടെയും ഇക്കാലത്ത്, പണ്ടുതൊട്ടേ നമ്മുടെ തടി കാക്കുന്ന പാവം ചോറിനെ തള്ളിപ്പറയുന്നവര്‍ ഒട്ടേറെയാണ്. 'തടി വയ്ക്കുമോ' എന്ന പേടി കാരണം, ചോറിനെ വീടിന്‍റെ പടി കയറ്റാത്ത ആളുകള്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണകരമായ ഒരു ഭക്ഷണമാണ് ചോറ്.

ചോറില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്നു. വിറ്റാമിൻ ബി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും ധാതുക്കളും ചോറിൽ അടങ്ങിയിട്ടുണ്ട്. സ്വാഭാവിക ഡൈയൂററ്റിക് ആയതിനാല്‍ മലബന്ധം കുറയ്ക്കാനും ചോറ് സഹായിക്കും. ഒരു പ്ലേറ്റ് ചോറിൽ 4 മുതൽ 5 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മിതമായ അളവിലും, പ്രോട്ടീന്‍, നാരുകള്‍ എന്നിവയ്ക്കൊപ്പവും കഴിക്കുമ്പോള്‍ ശരീരത്തിന് വളരെയേറെ ഗുണകരമായ ഭക്ഷണമാണ് ചോറ്.

rice
Image Credit:kuppa_rock/Istock

ചോറ് ഇനിയും ആരോഗ്യകരമാക്കാന്‍ വേറെയും വഴികളുണ്ട്. ഏന്‍ഷ്യന്‍റ് ഡിഗ് ഇന്‍ എന്ന ഇന്‍സ്റ്റഗ്രാം ചാനലില്‍ പങ്കുവച്ച ഇതേക്കുറിച്ചുള്ള ഒരു വിഡിയോ കാണാം. 

വെള്ള ചോറ് ആരോഗ്യകരമാക്കാന്‍ അഞ്ചു വഴികളാണ് ഇതില്‍ പറയുന്നത്.

1. കുതിർത്ത ശേഷം കഴുകുക: അഴുക്ക് കളയാനായി, അരി നന്നായി കഴുകി 2 മണിക്കൂർ കുതിർക്കുക. ഇത് അതിന്റെ ഗ്ലൈസെമിക് സൂചിക (ജിഐ) കുറയ്ക്കാൻ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാര കൂടാനുള്ള സാധ്യത കുറയ്ക്കുന്നു.

2. തിളപ്പിച്ച്  പത നീക്കം ചെയ്യുക: ചോറ് തിളച്ചു വരുമ്പോള്‍ മുകളില്‍ ഉള്ള പത മാറ്റുക. ഇത് ചോറില്‍ അടങ്ങിയ അധിക അന്നജം, ഫൈറ്റിക് ആസിഡ്, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാര കൂടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

3. ബേ ലീഫ്  ചേർക്കുക: ഒരു ബേ ലീഫ് ഇല ചേർക്കുന്നത് ചോറിന് പോഷകഗുണം നല്‍കുന്നു എന്ന് മാത്രമല്ല, ചോറ് ദഹിപ്പിക്കാനും എളുപ്പമാക്കുന്നു.

4. വെളിച്ചെണ്ണ ചേർക്കുക: പാചകം ചെയ്യുമ്പോൾ 1 ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് ചേർക്കുന്നത് ഗ്ലൈസെമിക് ഇൻഡക്‌സ് 50% കുറയ്ക്കും, ഇത് ഇൻസുലിൻ പ്രതിരോധമുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.

5. നാരങ്ങ ചേർക്കുക: നാരങ്ങ ചേർക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.

ചോറിലെ അന്നജം ശരീരത്തിലേക്ക് എടുക്കാതിരിക്കാന്‍ പറ്റുമോ?

ദഹിക്കാവുന്ന അന്നജവും റെസിസ്റ്റൻ്റ് സ്റ്റാർച്ച് അഥവാ, പ്രതിരോധശേഷിയുള്ള അന്നജം എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കാർബോഹൈഡ്രേറ്റും ചേർന്നതാണ് അരി.  പ്രതിരോധശേഷിയുള്ള അന്നജം ദഹിപ്പിക്കാനുള്ള എൻസൈമുകൾ മനുഷ്യനില്ല, അതിനാൽ അത് പഞ്ചസാരയായി രൂപാന്തരപ്പെടുകയോ ദഹിക്കാവുന്ന അന്നജം പോലെ രക്തപ്രവാഹത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. അരിയില്‍ അടങ്ങിയിരിക്കുന്ന ദഹിക്കാവുന്ന തരം അന്നജത്തെ ദഹിക്കാത്ത തരത്തിലേക്ക് പരിവർത്തനം ചെയ്യാന്‍ സാധിച്ചാല്‍ കലോറി നന്നായി കുറയ്ക്കാന്‍ സാധിക്കും. 

അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ഒരു ഗവേഷണമനുസരിച്ച്, വെളിച്ചെണ്ണയും റഫ്രിജറേറ്ററും ഉപയോഗിക്കുന്നത്, ചോറിലെ കലോറി 60% വരെ കുറയ്ക്കും. 

ഇതിനായി അരി പാകം ചെയ്യുമ്പോള്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക, തുടർന്ന് അര കപ്പ് നോൺ ഫോർട്ടിഫൈഡ് വെള്ള അരി ചേർക്കുക. അരി ഏകദേശം 40 മിനിറ്റ് വേവിക്കുക. പാകം ചെയ്ത ശേഷം 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

ഈ രീതിയിൽ പാകം ചെയ്ത അരിയിൽ, സാധാരണ രീതിയില്‍  തയ്യാറാക്കിയ ചോറിന്‍റെ 10 മടങ്ങ് പ്രതിരോധശേഷിയുള്ള അന്നജവും 10-15% കുറവ് കലോറിയുമാണ്‌ അടങ്ങിയിട്ടുള്ളത്.

ചൂടുള്ള ചോറിലെ ഗ്ലൂക്കോസ് യൂണിറ്റുകൾക്ക് അയഞ്ഞ ഘടനയാണ് ഉള്ളത്, പക്ഷേ അത് തണുക്കുമ്പോൾ, തന്മാത്രകൾ ദഹനത്തെ കൂടുതൽ പ്രതിരോധിക്കുന്ന വളരെ ഇറുകിയ ബോണ്ടുകളായി പുനഃക്രമീകരിക്കപ്പെടുമെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഒരു രാത്രി മുഴുവന്‍ ഫ്രിജില്‍ വച്ച ശേഷം പിറ്റേന്ന് എടുത്ത് ചൂടാക്കി കഴിക്കുമ്പോള്‍, പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവ് മാറുന്നില്ലെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

English Summary:

Reduce Calories in Rice

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com