കറിയില്‍ കുളിക്കാം, ഒപ്പം ചിക്കനും കഴിക്കാം; ഇതെന്ത് ട്രെൻഡ്!
Mail This Article
ചൈനീസ് ഭാഷയിൽ "വെൻക്വാൻ" എന്നറിയപ്പെടുന്ന ചൂടുനീരുറവകൾ ചൈനാക്കാര്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഒരു വിനോദമാണെന്ന് പറയാം, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഈ സമയത്ത് കുടുംബവും സുഹൃത്തുക്കളുമെല്ലാമൊന്നിച്ച് അവര്‍ ആഘോഷപൂര്‍വം, ചുടുനീരുറവകളിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. ഇവയില്‍ തന്നെ പ്രകൃതിദത്തമായതും മനുഷ്യനിര്‍മിതമായവയുമെല്ലാമുണ്ട്. ഹുവാക്കിങ് പാലസ്, ക്രസന്‍റ് മൂണ്‍ പൂള്‍, സുഹായ് ഇംപീരിയൽ ഹോട്ട് സ്പ്രിങ് റിസോർട്ട്, റോങ്ഹുയി ഹോട്ട് സ്പ്രിങ്ങ്സ്, ഹെയ്ഹു തുടങ്ങിയവയെല്ലാം വളരെ പ്രശസ്തമായ ചുടുനീരുറവകളാണ്.
എന്നാല്‍ ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി, വളരെ 'രുചികരമായ കുളി' അനുഭവം നല്‍കുന്ന ചുടുനീരുറവകള്‍ ഈയിടെയായി ട്രെന്‍ഡാണ്. ചൂടുള്ള വെള്ളത്തില്‍ ഭക്ഷണസാധനങ്ങള്‍ കലക്കി അതില്‍ ഇറങ്ങി കുളിക്കുന്ന രീതിയാണിത്. കുളിയും കഴിപ്പും ഒരുമിച്ച് കഴിയും!
ചുടുനീരുറവകൾക്ക് പേരുകേട്ടതാണ് ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗ. 2018 ൽ, ഹാങ്‌ഷൗവിലുള്ള ഫസ്റ്റ് വേൾഡ് ഹോട്ടൽ ആണ് ഇത്തരമൊരു ആശയം ആദ്യമായി കൊണ്ടുവരുന്നത്. ഹോട്ട് പോട്ട് ഹോട്ട് സ്പ്രിങ് എന്ന പേരില്‍ ഒരു ചെറിയ പൂള്‍ ഇവര്‍ ക്രമീകരിച്ചു. ഇവയെ പല അറകളാക്കി വിഭജിച്ച ശേഷം, ഓരോന്നിലും ആപ്പിൾ, വാഴപ്പഴം, ചോളം, ലെട്ട്യൂസ് എന്നിവ നിറച്ചു.
പരമ്പരാഗത ചൈനീസ് ഹോട്ട് പോട്ട് സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന ഈ രീതി അതിഥികള്‍ക്കിടയില്‍ പെട്ടെന്ന് ഹിറ്റായി. അതോടെ, പച്ചക്കറികള്‍ക്ക് പകരം, വിവിധ തരം മാംസവിഭവങ്ങളും ഇതിനുള്ളില്‍ വിളമ്പാന്‍ തുടങ്ങി. ആളുകള്‍ക്ക് പൂളില്‍ ഇറങ്ങി നിന്ന ശേഷം ഇവ പാത്രത്തിലാക്കി കഴിക്കാം.
ഈ ആശയം ക്രമേണ ചൈനയിലെ മറ്റു റിസോര്‍ട്ടുകളും ഏറ്റെടുത്തു. സിചുവാൻ പ്രവിശ്യയിലെ ചോങ്‌കിംഗിലുള്ള റോങ്‌ഹുയി ഹോട്ട് സ്പ്രിംഗ് വില്ലേജില്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ട്രെന്‍ഡിംഗായി മാറിയിരുന്നു. മസാലകൾ നിറഞ്ഞ സിചുവാൻ പാചകരീതിയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഹോട്ട് സ്പ്രിംഗ് പൂളില്‍, ചുവന്ന വെള്ളം നിറച്ചിരിക്കുന്നു, അതേസമയം വിവിധ പച്ചക്കറി മോഡലുകൾ ചുറ്റും പൊങ്ങിക്കിടക്കുന്നു. ഭീമാകാരമായ തടി ചോപ്സ്റ്റിക്കുകളുടെ മോഡലുകള്‍ക്കൊപ്പം സെല്‍ഫി എടുക്കാം. ശീതകാലത്ത് ആവി പറക്കുന്ന ഈ ചൂടുനീരുറവ, തിളയ്ക്കുന്ന ചൂടുള്ള പാത്രത്തിന് സമാനമാണ്.
ഹാർബിനിലെ ഫൈവ് സ്റ്റാർ മേപ്പിൾ ലീഫ് വില്ലേജ് ഹോട്ട് സ്പ്രിംഗ് റിസോർട്ടിൽ ഇത്തരം ഒരു ഇൻഡോർ ഹോട്ട് സ്പ്രിങ് ഉണ്ട്. ഒരാള്‍ക്ക് 40,000 വോൺ അഥവാ 2951 രൂപ ആണ് ഈ അനുഭവത്തിനായി ഈടാക്കുന്നത്.ഇങ്ങനെ ചെയ്യുന്നത് ഭക്ഷണം പാഴാക്കലല്ലേ, കുളിക്കുന്ന വെള്ളത്തില്‍ നിന്നു കഴിക്കാന്‍ തോന്നുമോ എന്നെല്ലാമുള്ള രീതിയില്‍ ഒട്ടേറെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ പൂളിനുള്ളില്‍ കാണുന്ന പല സാധനങ്ങളും വെറും മോഡലുകള്‍ മാത്രമാണ് എന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, ഇവയില്‍ നിന്നുള്ള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതിനാല്‍ അവ പാഴാക്കപ്പെടുന്നില്ല എന്നും ഇവര്‍ വിശദീകരിക്കുന്നു.