ADVERTISEMENT

മത്തി കിട്ടിയാല്‍ നന്നായി മുളകിട്ട് കറി വയ്ക്കണം, അതും നല്ല മണ്‍ചട്ടിയില്‍. അങ്ങനെതന്നെ വച്ച് അടുത്ത ദിവസം കഴിക്കണം, ഹോ... അത്രയും രുചിയും മണവുമുള്ള മീന്‍കറി ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ പോലും കിട്ടില്ല! കറി വയ്ക്കാന്‍ മാത്രമല്ല,  ആരോഗ്യത്തിനും ബെസ്റ്റാണ് മണ്‍ചട്ടിയിലെ പാചകം. നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ ഉള്ളതുപോലെയുള്ള ദോഷകരമായ കെമിക്കലുകള്‍ ഇതിലില്ല. 

എങ്ങനെയാണ് ചട്ടി ആദ്യമായി ഉപയോഗിക്കേണ്ടത്?

മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്. ഇത് സീസണ്‍ ചെയ്തെടുക്കാന്‍ എളുപ്പമാണ്. പുതുതായി വാങ്ങിയ ചട്ടി ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകുക.  ആദ്യത്തെ ദിവസം വെള്ളം ഒഴിച്ച് വയ്ക്കുക. അടുത്ത ദിവസം കഴുകി കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക. രണ്ടു ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. നാലാം ദിവസം കഴുകി ഉണക്കുക. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. എണ്ണ പൂർണ്ണമായും ആഗിരണം ചെയ്ത് ഉണങ്ങുന്നത് വരെ 2-3 മണിക്കൂർ വെയിലത്ത് ഉണക്കുക. ശേഷം ചട്ടി അടുപ്പത്ത് വച്ച്, 1-2 ടേബിൾസ്പൂൺ അരച്ച തേങ്ങ ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് അല്‍പ്പം മഞ്ഞള്‍പ്പൊടി ഇട്ടു നിറയെ വെള്ളം ഒഴിക്കുക. ഇത് തിളപ്പിച്ച ശേഷം, സ്റ്റൗ ഓഫ് ചെയ്ത് ചട്ടി വെയിലത്ത് ഉണക്കുക. ഇനി ഇത് നേരിട്ട് ഉപയോഗിക്കാം.

ചട്ടി ഉപയോഗിക്കുന്നവര്‍ക്ക് ചില ടിപ്സ്

- മൺ പാത്രങ്ങളിൽ പാചകം ചെയ്യുന്നതിന് ക്ഷമയും പരിശീലനവും ആവശ്യമാണ്, കാരണം അത് ചൂടാകാൻ സമയമെടുക്കും. സ്റ്റൗ ഓഫ് ചെയ്തതിന് ശേഷവും അത് തിളച്ചുമറിയുന്നത് കാണാം, അതാണ് കളിമൺ പാത്രങ്ങളുടെ പ്രധാന പ്രത്യേകത.

- ഇത് ഗ്യാസ് സ്റ്റൗവിൽ ഉപയോഗിക്കാം. വെജ്, നോൺ വെജ് എന്നിവയ്ക്ക് വെവ്വേറെ കളിമൺ പാത്രങ്ങൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്.

- ചട്ടി കഴുകാൻ സോപ്പ്, മെറ്റല്‍ സ്ക്രബ്ബര്‍ എന്നിവ ഉപയോഗിക്കരുത്. ചകിരി ഉപയോഗിച്ച് കഴുകാം.

- സീസണ്‍ ചെയ്ത ശേഷം ആദ്യമായി പാചകം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക. ഒഴിഞ്ഞ പാത്രം ചൂടാക്കരുത്.

പാത്രം അമിതമായി ചൂടാക്കുന്നത് വിള്ളലുകള്‍ ഉണ്ടാക്കും. അതിനാൽ ഇടത്തരം തീയില്‍ പാചകം ചെയ്യുക. 

- പാചകം ചെയ്‌തതിന് ശേഷം ഒറ്റയടിക്ക് ചട്ടിയിലേക്ക് തണുത്ത വെള്ളം ഒഴിക്കരുത്, ഇത് വിള്ളലുകള്‍ ഉണ്ടാക്കും. അതിനാൽ ഇത് തണുക്കാൻ കുറച്ച് സമയം കാത്തിരിക്കുക, എന്നിട്ട് മാത്രം കഴുകുക.

English Summary:

Clay pot Cooking Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com