കൃത്യമായ ഡയറ്റ് പിന്തുടരും, മുകേഷ് അംബാനിയുടെ ഇഷ്ട വിഭവം വെളിപ്പെടുത്തി നിത
Mail This Article
ചില ഭക്ഷണശാലകളിൽ നിന്നുമുള്ള വിഭവങ്ങൾ ചിലരുടെ മനസുകീഴടക്കാറുണ്ട്. അത്തരത്തിൽ മുകേഷ് അംബാനിയുടെ ഹൃദയം കവർന്ന രുചിയേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ നിത. മകൻ ആകാശിന്റെ വിവാഹ ക്ഷണപത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട ആലൂ ചാട്ട് വാങ്ങി രുചിച്ചതിനു ശേഷമാണ് ഭർത്താവിന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസുതുറന്നത്.
സസ്യാഹാരികളാണ് അംബാനി കുടുംബം. വീട്ടിൽ തയാറാക്കുന്ന വിഭവങ്ങൾക്കാണ് എപ്പോഴും മുൻഗണന എങ്കിലും മുകേഷ് അംബാനിക്ക് ഏറെ ഇഷ്ടമാണ് ചാട്ട്, മുബൈയിലെ സ്വാതി സ്നാക്സിൽ നിന്നും ചാട്ടുകൾ വാങ്ങി കഴിക്കാറുണ്ടെന്നും നിത പറയുന്നു. വാരാണസിയിലെ ചാട്ട് ഷോപ്പിൽ നിന്നും ആലൂ ചാട്ട് വാങ്ങി കഴിച്ചു കൊണ്ട് അവിടെയുള്ളവരോട് സംസാരിക്കുന്നതിനിടയിലാണ് നിത അംബാനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കൃത്യമായ ഡയറ്റ് പിന്തുടരുകയും സസ്യാഹാരം മാത്രം കഴിക്കുകയും ചെയ്യുന്ന മുകേഷ് അംബാനി ആഴ്ചയിലൊരിക്കൽ മാത്രമാണ് പുറത്തു നിന്നും ഭക്ഷണം കഴിക്കുക. സ്വാതി സ്‌നാക്‌സിൽ നിന്നുമുള്ള പാൻകിയാണ് ഇഷ്ട വിഭവം. കൂടെ സേവ് പൂരി, പാനി പൂരി, ദാഹി ബടാട്ട പൂരി എന്നിവയും ഇവിടെ നിന്നും വാങ്ങുന്ന പതിവുണ്ട്. 230 രൂപയാണ് പാൻകിയ്ക്ക് വില വരുന്നത്. മുംബൈയിലെ അതിപ്രശസ്തമായ ഭക്ഷണശാലകളിൽ ഒന്നാണ് സ്വാതി സ്നാക്ക്സ്. പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് ഇവിടെ തയാറാക്കി വിൽക്കുന്നത്. അംബാനി കുടുംബത്തിലെ ഈ തലമുറ മാത്രമല്ല, മുൻതലമുറയും ഇവിടുത്തെ രുചികളുടെ വലിയ ആരാധകനായിരുന്നു.
കുറച്ചു നാളുകൾക്കു മുൻപ് വരെ മുകേഷ് അംബാനിയും ഭാര്യയും സ്വാതി സ്നാക്സിലെത്തി രുചികൾ ആസ്വദിക്കാറുണ്ടായിരുന്നു. തിരക്ക് അധികമാണെങ്കിൽ വരി നിന്നുപോലും ഇഷ്ടപ്പെട്ട വിഭവം വാങ്ങി കഴിക്കാറുണ്ടെന്നും എന്നാൽ ഇപ്പോൾ ഓർഡർ ചെയ്തതിനു ശേഷം ആരെങ്കിലും ഇവിടെയെത്തി വാങ്ങി കൊണ്ട് പോകുകയാണ് പതിവെന്നും കടയുടമ ആശ ജാവേരി പറയുന്നു. 1963 ൽ ആശയുടെ മാതാവ് മീനാക്ഷി സ്ഥാപിച്ചതാണ് ഈ ഭക്ഷണശാല. ഒരിക്കൽ രുചിയറിഞ്ഞവർ വീണ്ടും വീണ്ടും എത്തിയത് കൊണ്ടുതന്നെ സ്വാതി സ്നാക്സ് ഇപ്പോൾ മുംബൈയുടെ രുചിയുടെ മുഖം കൂടിയാണ്.