തടി പെട്ടെന്ന് കുറയ്ക്കാൻ ഇനി ഇത് കഴിച്ചോളൂ; സ്പെഷലാണ്
Mail This Article
എന്തൊക്കെ കഴിച്ചിട്ടും തടി കുറയുന്നില്ല, ചോറ് ഒഴിവാക്കി എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും ശരീരത്തിൽ കാണുന്നില്ലെന്നാണ്,ഡയറ്റ് നോക്കുന്ന മിക്കവരുടെയും പ്രധാന പ്രശ്നം. കൃത്യമായ ഡയറ്റ് മാത്രമല്ല വർക്കൗട്ടും ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സാധിക്കൂള്ളൂ. പെട്ടെന്ന് തടി കുറയാനും എന്നാൽ കഴിച്ചാൽ വയറ് നിറഞ്ഞപോലെ തോന്നുകയും ചെയ്യുന്ന ചില റെസിപ്പികൾ പരിചയപ്പെടാം. ഇവ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നതു തന്നെയാണ് പ്രത്യേകത.
ചിക്കൻ വെജ് സാലഡ്
ചിക്കന്റെ ബ്രെസ്റ്റ് ചെറുതായി അരിഞ്ഞ് നന്നായി കഴുകി എടുക്കണം. ശേഷം ഉപ്പും കുരുമുളകും മഞ്ഞപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കണം. പാകമാകുമ്പോൾ അതിലേക്ക് സവാളയും കാരറ്റും കാപ്സിക്കം അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യാം. അടച്ച് വച്ച് വേവിക്കണം. ശേഷം ഒലിവ് ഓയിലും ചേർക്കാം. അവസാനമായി ചീസ് ഗ്രേറ്റ് ചെയ്ത് ചേർക്കാം. ചെറുചൂടോടെ കഴിക്കാം. ടേസ്റ്റിയാണ് ഈ സാലഡ്. ഡയറ്റ് നോക്കുന്നവർക്ക് ഡിന്നറിനും ഈ വിഭവം കഴിക്കാവുന്നതാണ്.
ടേസ്റ്റി സാലഡ്
ചേരുവകൾ
വേവിച്ച വെള്ളക്കടല - 120 ഗ്രാം
ഉള്ളി-40 ഗ്രാം
തക്കാളി - 40 ഗ്രാം
കുക്കുമ്പർ-70 ഗ്രാം
തൈര്-20 ഗ്രാം
മല്ലിയില
പുതിന ഇല
പച്ചമുളക്
ഉപ്പ്
വെള്ളക്കടല പുഴുങ്ങിയതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും കുക്കുമ്പറും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കുക. പുതിനയുടെയും മല്ലിയിലയുടെയും രുചി ഇഷ്ടമുള്ളവർ മല്ലിയിലയും പുതിനയും അൽപം തൈരും പച്ചമുളകും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ഈ അരപ്പ് വെള്ളക്കടലയുടെ കൂട്ടിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച് കഴിക്കാം. ബ്രേക്ക്ഫസ്റ്റായും വൈകിട്ടത്തെ ഭക്ഷണമായും കഴിക്കാവുന്നതാണ്. വെള്ളക്കടലയ്ക്ക് പകരം മുളപ്പിച്ച ചെറുപയറും കടലയും ചേർക്കാവുന്നതാണ്.
സോയ - 50 ഗ്രാം
കടലമാവ് - 40 ഗ്രാം
ഉള്ളി - 40 ഗ്രാം
മല്ലി ഇല
വെളുത്തുള്ളി
മഞ്ഞൾ പൊടി
ഗരം മസാല
ഉപ്പ്
എണ്ണ - ആവശ്യത്തിന്
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് സോയ ചങ്ക്സ് ഇട്ട് 5 മിനിറ്റ് വേവിക്കുക. ശേഷം വെള്ളം ഉൗറ്റി കളയാം. സോയ കഴുകി പിഴിഞ്ഞെടുക്കാം. ചോപ്പറിൽ സോയ ചങ്ക്സ്, മല്ലിയില, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് നന്നായി ചോപ്പ് ചെയ്തെടുക്കുക. ചെറുതായ ചോപ്പ് ചെയ്ത ഈ കൂട്ടിലേക്ക് ആവശ്യത്തിനുള്ള കടലമാവും ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കണം. തവ ചൂടാക്കി ചെറുതായി എണ്ണ തടവിയിട്ട് മാവ് പരത്തി കൊടുക്കാം. തിരിച്ചും മറച്ചുമിട്ട് വേവിച്ചെടുക്കാം. രുചിയൂറും അപ്പം റെഡി.
ബ്രോക്കോളി - വെള്ളക്കടല സ്റ്റിർ ഫ്രൈ
ചേരുവകൾ
ബ്രോക്കോളി ഇതളുകളാക്കിയത് - രണ്ടു കപ്പ്
വെള്ള കടല ( കഴുകി, വേവിച്ചത് ) - 100 ഗ്രാം
ചുവന്ന കാപ്സികം - ഒരെണ്ണം |
ക്യാരറ്റ് ( ഇടത്തരം വലുപ്പമുള്ളത് ) - ഒരെണ്ണം
വെളുത്തുള്ളി - മൂന്നെണ്ണം
ഇഞ്ചി - ഒരു ടേബിൾ സ്പൂൺ ( ചെറുതായി അരിഞ്ഞത് )
സോയ സോസ് - രണ്ടു ടേബിൾ സ്പൂൺ
എള്ളെണ്ണ - ഒരു ടേബിൾ സ്പൂൺ
ആപ്പിൾ സിഡെർ വിനെഗർ - ഒരു ടേബിൾ സ്പൂൺ
ശർക്കര പാനി - ഒരു ടീസ്പൂൺ
സവാള - രണ്ടെണ്ണം ( അരിഞ്ഞത് )
എള്ള് - ഗാർണിഷ് ചെയ്യാൻ
തയാറാക്കുന്ന വിധം
അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന് മുതൽ രണ്ടു മിനിട്ടു വരെ വഴറ്റുക. പച്ചമണം മാറിക്കഴിയുമ്പോൾ ബ്രോക്കോളി, ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവ കൂടി ചേർത്ത് അഞ്ച് മുതൽ ഏഴു മിനിട്ട് വരെ വഴറ്റാവുന്നതാണ്. ഇനി വേവിച്ച വെള്ളക്കടല, സോയ സോസ്, വിനാഗിരി, ശർക്കര പാനി എന്നിവ ചേർക്കാം. ഇനി അഞ്ച് മിനിട്ടു വരെ ചെറു തീയിൽ വെയ്ക്കണം. ഉള്ളി അരിഞ്ഞതും എള്ളും കൂടി ചേർത്ത് അലങ്കരിക്കുന്നത്തോടെ വിഭവം തയാറായി. ക്വിനോവ അല്ലെങ്കിൽ ബ്രൗൺ റൈസ് വേവിച്ചതിനൊപ്പം ഇതും കൂടി ചേർത്ത് കഴിക്കാവുന്നതാണ്.