ADVERTISEMENT

ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പേയുള്ള കാലഘട്ടത്തില്‍ ഐസ്ക്രീം ഉണ്ടാക്കിയിരുന്നത് എങ്ങനെയായിരുന്നു എന്നറിയാമോ? 1890 കളില്‍ ഐസ്ക്രീം ഉണ്ടാക്കിയിരുന്ന പ്രക്രിയ വിശദീകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലെ @dupageforest എന്ന പേജില്‍ പങ്കിട്ട വീഡിയോയില്‍ അന്നത്തെ ഐസ്ക്രീം നിര്‍മ്മാണം വളരെ വിശദമായിത്തന്നെ കാണിക്കുന്നുണ്ട്.

ഇല്ലിനോയിസിലെ ക്ലൈൻ ക്രീക്ക് ഫാമിൽ, മൂന്നു ഋതുക്കളിലായാണ് ഐസ്ക്രീം നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. മഞ്ഞുകാലമാകുമ്പോള്‍ വലിയ ഐസ് കട്ടകള്‍ മുറിച്ച്, വലിയ ഒരു ഐസ് ഹൗസില്‍ സൂക്ഷിക്കുന്നു. ഉരുകിപ്പോകാതിരിക്കാന്‍ വൈക്കോലും മറ്റും ഉപയോഗിച്ച് ഈ ഐസ് കട്ടകള്‍ സംരക്ഷിച്ചു സൂക്ഷിക്കുന്നു. 

വേനല്‍ക്കാലമാണ് അടുത്ത ഘട്ടം. അപ്പോള്‍ ഐസ് ഹൗസില്‍ നിന്നും ഐസ് എടുക്കുന്നു. കൂടാതെ, ആളുകൾ അവരുടെ തോട്ടത്തിൽ നിന്ന് റാസ്ബെറി വിളവെടുക്കുകയും പശുക്കളെ കറക്കുകയും കോഴികളിൽ നിന്ന് മുട്ട ശേഖരിക്കുകയും ചെയ്യുന്നു.  ശേഷം ഐസ്ക്രീം തയ്യാറാക്കാന്‍ തുടങ്ങുന്നു. 

ആദ്യം തന്നെ ഒരു വുഡന്‍ സ്റ്റൗവില്‍ പാത്രം വെച്ച് പാല്‍ തിളപ്പിക്കുന്നു. ഇതിലേക്ക് ആറ് മുട്ടയുടെ മഞ്ഞക്കരുവും 1/2 lb (ഏകദേശം 227 ഗ്രാം) പഞ്ചസാരയും ഒരുമിച്ച് ചേർക്കുന്നു. ഈ മിശ്രിതം നന്നായി ഇളക്കുന്നു. ഒരു കോലാണ്ടർ ഉപയോഗിച്ച് റാസ്പ്ബെറി നന്നായി മിക്സ് ചെയ്യുന്നു. ഇതില്‍ ക്രീം ചേര്‍ത്ത് നേരത്തെ ഉണ്ടാക്കിയ മിശ്രിതത്തിലേക്ക് ഒഴിച്ച് ഇളക്കുന്നു. എല്ലാ ചേരുവകളും ശരിയായി യോജിപ്പിച്ച് കഴിഞ്ഞാൽ, മിശ്രിതം ചേണ്‍ കാനിസ്റ്ററിലേക്ക് ഒഴിക്കുന്നു. 

അതേ സമയം തന്നെ, നേരത്തെ എടുത്തുവെച്ച ഐസ് ചെറിയ കഷ്ണങ്ങളാക്കുന്നു. ഇതും കാനിസ്റ്ററിലേക്ക് ചേര്‍ത്ത് കൊടുത്ത് തിരിക്കുന്നു. എന്നാല്‍ നേരത്തെ ഉണ്ടാക്കിയ മിശ്രിതം നിറച്ച പാത്രത്തിനു മുകളിലായാണ് ഐസ് ഇടുന്നത്. ഉള്ളിലുള്ള ക്രീം തണുപ്പിക്കാനുള്ള എജന്റ്റ് മാത്രമായാണ് ഐസ് ഉപയോഗിക്കുന്നത്. അല്ലാതെ, ഇതിലേക്ക് ഐസ് നേരിട്ട് ചേര്‍ക്കുന്നില്ല. കുറച്ചു കഴിഞ്ഞ് കണ്ടെയ്നര്‍ തുറക്കുമ്പോള്‍ പിങ്ക് നിറത്തില്‍ ഐസ്ക്രീം കാണാം.

ഈ വീഡിയോ ഇതുവരെ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. 

ഐസ്ക്രീമിന്‍റെ ചരിത്രം

ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. രുചിക്കും രൂപത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിലും ചില രാജ്യങ്ങളിലും പ്രത്യേക ചേരുവളോടു കൂടിയവയെ മാത്രമെ ഐസ്‌ക്രീം എന്നു പറയുന്നുള്ളു. മറ്റുള്ളവയെ ‘’ഫ്രോസൺ ഡെസേർട്ട്‘’എന്നാണ് പറയുന്നത്. നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമുണ്ട് ഐസ്ക്രീമിന്.

പേർഷ്യൻ സാമ്രാജ്യകാലത്ത്, പാത്രത്തില്‍ മഞ്ഞെടുത്ത് അതിനു മുകളില്‍ പഴച്ചാറുകള്‍ ഒഴിച്ച് കഴിക്കുന്നത് വേനല്‍ക്കാലത്ത് പതിവായിരുന്നു. അതിനുവേണ്ട മഞ്ഞ് ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയോ മഞ്ഞുമലകളിൽ നിന്ന് കൊണ്ടുവരികയോ ചെയ്യുമായിരുന്നു. ക്രിസ്തുവിന് 400 വർഷം മുന്‍പേ തന്നെ പേര്‍ഷ്യക്കാര്‍ രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് തണുപ്പിച്ച് വിളമ്പിയിരുന്നു. 

ചൈനയിൽ ക്രിസ്തുവിനും 200 വർഷങ്ങൾക്ക് മുമ്പ് ചോറും പാലും ചേർത്ത് തണുപ്പിച്ച് ഉപയോഗിച്ചിരുന്നത്രേ. 62 ൽ നീറോ ചക്രവർത്തി അടിമകളെക്കൊണ്ട് മലകളിൽ നിന്നും കൊണ്ടുവരുത്തിച്ച മഞ്ഞുകൊണ്ടു ഐസിൽ തേനും കായ്കളും ചേർത്ത് കഴിച്ചിരുന്നത്രെ.

അറബികളായിരിക്കണം പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കിയത് എന്ന് കരുതുന്നു. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് തുടക്കം കുറിച്ചതും അവരായിരുന്നു.

പത്താം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ്, ദമാസ്കസ്, കെയ്‌റോ തുടങ്ങിയ അറേബ്യൻ പട്ടണങ്ങളിൽ ഐസ്‌ക്രീം പ്രചരിച്ചിരുന്നു. 

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ കുതിരക്കാരെ ഉപയോഗിച്ച് ഹിന്ദുക്കുഷിൽ നിന്ന് ഡെൽഹിക്ക് ഐസ് കൊണ്ടുവന്നിരുന്നു. അത് പഴച്ചാറുകളിൽ ഉപയോഗിച്ചിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ റഫ്രിജറേറ്ററുകൾ വിലക്കുറവിൽ കിട്ടിത്തുടങ്ങിയത് ഐസ്‌ക്രീം പ്രചരിക്കാൻ ഒരു കാരണമായി.

English Summary:

Discover the Lost Art of 1890s Ice Cream Making – Watch It Go Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com