നയന്‍താരയുടെ സൗന്ദര്യത്തിന്റെ രഹസ്യം; ഡയറ്റ് ഇങ്ങനെ

Mail This Article
ജയറാമിന്‍റെ നായികയായി 'മനസ്സിനക്കരെ' എന്ന സിനിമയിലൂടെയാണ് നയന്‍താര ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീടങ്ങോട്ട്, തെന്നിന്ത്യയുടെ താരറാണിയായി വാഴും വരെയുള്ള നയന്‍സിന്‍റെ വളര്‍ച്ചയില്‍ കഠിനാധ്വാനവും പരിശ്രമവും ഒട്ടേറെയുണ്ട്. കൃത്യമായ ഡയറ്റും വര്‍ക്കൌട്ടുമെല്ലാം, നയന്‍താര അടക്കമുള്ള അഭിനേതാക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ഇവ കൂടിയേ തീരൂ. ഇപ്പോഴിതാ, തന്റെ ഭക്ഷണരീതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടി.
"സ്നേഹവും അറിവും പങ്കിടാന്‍ ഇപ്പോഴും നല്ല സമയമാണെന്ന് കരുതുന്നു. എനിക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കിൽ, മറ്റെല്ലാവർക്കും ഞാൻ അങ്ങനെ തന്നെയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിന് ഒരു നല്ല ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് വിവിധ വേഷങ്ങളില്‍ നന്നായി പ്രത്യക്ഷപ്പെടേണ്ട എന്നെപ്പോലെയുള്ള ഒരാൾക്ക്" നയന്‍താര എഴുതുന്നു.
വർഷങ്ങളായി ഭക്ഷണക്രമത്തെക്കുറിച്ചുള്ള തന്റെ ധാരണ എങ്ങനെ മാറിയെന്ന് നയൻതാര കൂട്ടിച്ചേർത്തു. “എന്നെ സംബന്ധിച്ചിടത്തോളം, സന്തുലിതമായ ഭക്ഷണം, സ്ഥിരത, ശരീരത്തെ കേൾക്കൽ എന്നിവയാണ് ശരീരം ആകൃതിയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍. 'ഡയറ്റ്' എന്നാൽ എന്നെത്തന്നെ പരിമിതപ്പെടുത്തുകയും എനിക്ക് ഇഷ്ടപ്പെടാത്തവ കഴിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് ഞാൻ കരുതിയിരുന്നു. ഇപ്പോൾ, എനിക്കറിയാം കാലറി നോക്കുക എന്നതല്ല; പോഷകങ്ങളും ശരിയായ അളവിൽ വിവിധതരം ഭക്ഷണങ്ങൾ കഴിക്കുന്നതുമാണ് അതെന്ന്. ഇതൊരു ജീവിതശൈലിയാണ്, താൽക്കാലിക പരിഹാരമല്ല,” നടി പറഞ്ഞു.
ഒപ്പം നടി തന്റെ പോഷകാഹാര വിദഗ്ധയെ പരിചയപ്പെടുത്തുകയും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം താൻ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് പരാമർശിക്കുകയും ചെയ്തു. "ഇപ്പോൾ, വീട്ടില്‍ ഉണ്ടാക്കുന്ന രുചികരവും പോഷകപ്രദവുമായ ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കുന്നു, ജങ്ക് ഫുഡിനോടുള്ള ആർത്തിയില്ല ഇപ്പോള്‍. ഇത് ഞാൻ ഭക്ഷണത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറ്റി, അത് എനിക്ക് കൂടുതല്‍ ഊര്‍ജ്ജവും സന്തോഷവും നല്‍കി" നയന്‍താര പറയുന്നു.
കഴിക്കുന്ന ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി സ്വാധീനിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് നടി പറഞ്ഞു, "എൻ്റെ യാത്ര പങ്കിടുന്നതിലൂടെ, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കാനും നിങ്ങളെ സഹായിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വരും ആഴ്‌ചകളിൽ, എൻ്റെ തിരക്കേറിയ ദിവസങ്ങള്‍ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് ഞാന്‍ പങ്കിടും. നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെയും ഭക്ഷണവുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിലൂടെയും ലഭിക്കുന്ന സന്തോഷത്തിലും പോഷണത്തിലും നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം" കൂടാതെ, എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ എന്നുള്ള ആശംസയും നടി നേര്‍ന്നു.