സ്റ്റീൽവൂൾ കൊണ്ട് ഉരച്ച് കഴുകേണ്ട, ഈ ട്രിക്ക് മതി പാനിന്‍റെ അടിയിലെ എണ്ണമെഴുക്കും കരിയും കളയാം
Mail This Article
അടുക്കളയിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ് കരി പിടിച്ച പാന്‍. ഉള്ളില്‍ മാത്രമല്ല, പാനിന്‍റെ അടിവശത്തും എണ്ണയും കരിയുമെല്ലാം പറ്റിപ്പിടിക്കാറുണ്ട്. ഇത് കളയാനായി സ്റ്റീല്‍ വൂള്‍ ഉപയോഗിച്ച് സര്‍വ്വശക്തിയും ഉപയോഗിച്ച് ഉരച്ച് മടുത്തോ? എങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കൂ...
ബേക്കിങ് സോഡ ഉപയോഗിച്ച്
ഹൈഡ്രജൻ പെറോക്സൈഡും ബേക്കിംഗ് സോഡയും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ്, പാനിൻ്റെ അടിയിൽ നല്ല കനത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ പേസ്റ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം, ഒരു ടൂത്ത് ബ്രഷും സ്‌ക്രബ്ബിംഗ് പാഡും ഉപയോഗിച്ച് ഇത് ഉരച്ചു കഴുകി കളയുക.
വിനാഗിരി ഉപയോഗിച്ച്
ഒരു പാത്രത്തില്‍ വിനാഗിരി ഒഴിക്കുക. അടിവശം പൂര്‍ണ്ണമായും മുങ്ങുന്ന രീതിയില്‍ പാന്‍ ഇതില്‍ വയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്, സ്‌ക്രബ്ബിംഗ് പാഡും ടൂത്ത് ബ്രഷും ഉപയോഗിച്ച് ഉരച്ചു കഴുകാം.
ഉപ്പും വിനാഗിരിയും ഉപയോഗിച്ച്
വെളുത്ത വിനാഗിരിയില്‍ പാൻ ഒരു മണിക്കൂർ മുക്കിവയ്ക്കുക. ശേഷം പാന്‍ പുറത്തെടുത്ത് അടിയില്‍ ഉപ്പു പുരട്ടുക. ഒരു സ്ക്രബ്ബിംഗ് പാഡില്‍ അല്‍പ്പം ഡിഷ്‌വാഷ് ചേര്‍ത്ത് അടിവശം ഉരയ്ക്കുക. നല്ല വെള്ളത്തില്‍ കഴുകുക.
ബേക്കിങ് സോഡ, ഡിഷ്‌വാഷ്, വിനാഗിരി എന്നിവ ഉപയോഗിച്ച്
പാനിന്‍റെ അടിയില്‍ ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ വിതറുക. ഒരു പാത്രത്തില്‍ അല്‍പ്പം ബേക്കിംഗ് സോഡ എടുത്ത്, അതിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കുക. ഈ മിശ്രിതം 5 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം, ഇത് ഒരു സ്ക്രബ്ബിംഗ് പാഡിലാക്കുക, ഒന്നോ രണ്ടോ തുള്ളി ഡിഷ്‌വാഷ് കൂടി ഇതിലേക്ക് ചേര്‍ത്ത ശേഷം, പാനിന്‍റെ അടിവശത്ത് ഉരയ്ക്കുക.