വിമാനത്തിൽ അച്ചാർ കൊണ്ടുപോകാറുണ്ടോ? ഇത്തരം മിഠായിയും പറ്റില്ല, അറിയാം ഇക്കാര്യങ്ങൾ
Mail This Article
അവധിക്കാല യാത്രകള്‍ക്ക് പോകുമ്പോള്‍ മിക്കവാറും ഫ്ലൈറ്റ് യാത്ര വേണ്ടി വരും. ഇന്ത്യക്കകത്ത് ഡൊമസ്റ്റിക്ക് യാത്രകള്‍ക്ക് പോകുമ്പോള്‍ ക്യാബിന്‍ ബാഗിനകത്ത് അനുവദനീയമായതും കൊണ്ടുപോകാന്‍ പാടില്ലാത്തതുമായ നിരവധി ഭക്ഷണ സാധനങ്ങളുണ്ട്. അനുവദനീയമായ ഇനങ്ങളിൽ സാധാരണയായി നട്സ്, ബിസ്‌ക്കറ്റ്, ചിപ്‌സ്, വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ പോലുള്ള ഉണങ്ങിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുന്നു. കുപ്പിവെള്ളം, ശീതളപാനീയങ്ങൾ തുടങ്ങിയ സീൽ ചെയ്ത പാനീയങ്ങളും നിഷ്കര്‍ഷിച്ചിരിക്കുന്ന അളവില്‍ കൊണ്ടുപോകാം.
എന്നാല്‍, യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനുള്ളിലെ ശുചിത്വവും കണക്കിലെടുത്ത് ചില ഭക്ഷണങ്ങൾ നിരോധിച്ചിരിക്കുന്നു. കറികളും ഗ്രേവികളും സൂപ്പുകളും തൈരും സോസുകളും പോലുള്ള, ദ്രാവകങ്ങളോ അർദ്ധ ദ്രാവകങ്ങളോ ആയ വസ്തുക്കള്‍ ഇങ്ങനെ കൊണ്ടുപോകാന്‍ പാടില്ലാത്തതാണ്. കൂടാതെ, അസംസ്കൃത മാംസം, സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പെട്ടെന്ന് കേടാവുന്ന ഭക്ഷണങ്ങളും പൊതുവെ അനുവദനീയമല്ല.
ആഭ്യന്തരവിമാനയാത്രകളില്‍ ക്യാബിൻ ബാഗിൽ കൊണ്ടുപോകാൻ അനുവദനീയമല്ലാത്തതും കൂടെ കൊണ്ടുപോകാവുന്നതുമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് അറിയാം.
മധുരപലഹാരങ്ങളും കേക്കുകളും
യാത്രകള്‍ ചെയ്യുന്ന സമയത്ത് പ്രിയപ്പെട്ടവര്‍ക്കായി മധുരപലഹാരങ്ങളും ചോക്ലേറ്റുമെല്ലാം വാങ്ങുന്നത് സാധാരണയാണ്. എന്നാല്‍, ഡ്രൈ ആയിട്ടുള്ള കേക്കുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കൂ എന്ന കാര്യം ശ്രദ്ധിക്കുക. അലിഞ്ഞുപോകുന്ന തരം കേക്കുകള്‍, മിഠായികള്‍ എന്നിവ പറ്റില്ല.
ക്യാന്‍ഡ്, പാകം ചെയ്ത ഭക്ഷണങ്ങള്‍
ക്യാനില്‍ ഉള്ളതോ അല്ലെങ്കില്‍ പാകം ചെയ്തതോ ആയ ഭക്ഷണ സാധനങ്ങളുടെ പരമാവധി 100 മില്ലി മാത്രമേ ബാഗേജില്‍ പാടുള്ളൂ. ഇവ ഒരു പ്ലാസ്റ്റിക് ബാഗില്‍ നന്നായി പാക്ക് ചെയ്യേണ്ടതുണ്ട്. ജാം, ന്യൂട്ടല്ല മുതലായവ ചില വിമാനങ്ങളില്‍ അനുവദനീയമാണ്. ഇവ കൊണ്ടുപോകാന്‍ ഉദ്ദേശമുള്ളവര്‍ അതാതു വിമാന സര്‍വീസുകളുടെ ലിസ്റ്റ് പരിശോധിക്കുക.
നെയ്യ്, ഓയില്‍
യാത്ര ചെയ്യുന്ന എയര്‍ലൈന്‍ അനുസരിച്ച് ഇതും മാറാം. ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ നെയ്യ് ചെക്ക്-ഇൻ ബാഗേജില്‍ കൊണ്ടുപോകാൻ അനുവദിക്കുന്നു. എയര്‍ ഇന്ത്യയിലാകട്ടെ, നെയ്യ് പരിമിതമായ അളവില്‍ ചെക്ക് ഇന്‍ ലഗേജിലും ക്യാരി ബാഗിലും അനുവദനീയമാണ്. എന്നാല്‍, എണ്ണ, എണ്ണമയമുള്ള ഭക്ഷണം എന്നിവ ഇൻഡിഗോ ഫ്ലൈറ്റിൽ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. അതേസമയം പരിമിതമായ അളവില്‍ കൊണ്ടുപോകാൻ എയർ ഇന്ത്യ അനുവദിക്കുന്നു.
പഴങ്ങളും പച്ചക്കറികളും
സീസണല്‍ പഴങ്ങളും പച്ചക്കറികളും ഫ്രെഷായി നാട്ടിലെത്തിക്കാന്‍ ആഗ്രഹമുണ്ടോ? ഉദാഹരണത്തിന് കാശ്മീരില്‍ പോയാല്‍, ഹിമാലയത്തിലെ മഞ്ഞുവീണ നല്ല ഫ്രഷ് ആപ്പിള്‍ കുറച്ചു കൊണ്ടു പോരാതെ എങ്ങനാ! അങ്ങനെയുള്ളപ്പോള്‍ ക്യാരി ബാഗില്‍ ഇവ കൊണ്ടുവരാം. നന്നായി പാക്ക് ചെയ്യണമെന്ന് മാത്രം. ഡ്രൈ ഫ്രൂട്സും കൊണ്ടുവരാം.
ബേബി ഫുഡ്
എയർ ഇന്ത്യ ഫ്ലൈറ്റിൽ ഒരു കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയാണെങ്കിൽ, ക്യാരി-ഓൺ ബാഗിൽ ഭക്ഷണവും ഫീഡിംഗ് ബോട്ടിലുകളും കൊണ്ടുപോകാൻ അനുവാദമുണ്ട്. മിക്ക എയർലൈനുകളും സുരക്ഷയും എയർലൈൻ നിയന്ത്രണങ്ങളും അനുസരിച്ച് ചില ബേബി ഫുഡ് ഇനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നു. എന്നാല്‍, ഇവ സുതാര്യമായ പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
തേയില, കാപ്പിപ്പൊടി
ടീ ബാഗുകളും ചായപ്പൊടിയും കാപ്പിപ്പൊടിയും പോലുള്ളവ ക്യാബിൻ ബാഗിൽ കൊണ്ടുപോകാം.
ചീസ്
കട്ടിയുള്ള ഭക്ഷണമായതിനാൽ, ചീസ് ഹാന്‍ഡ് ലഗേജിൽ കൊണ്ടുപോകാൻ കഴിയുന്ന ഒന്നാണ്.
മത്സ്യവും സീഫുഡും
എന്നാൽ മിക്ക എയർലൈനുകളും മത്സ്യം, സീഫുഡ്, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാംസം എന്നിവ വിമാനത്തിൽ കൊണ്ടുപോകുന്നത് വിലക്കുന്നുണ്ട്. ഉണക്കിയതോ പാകം ചെയ്തതോ ഫ്രീസ് ചെയ്തതോ ആയ മത്സ്യവിഭവങ്ങള്‍ക്ക് ഇത് ബാധകമാണ്. ലഗേജിലും ഇത് കൊണ്ടുപോകാൻ അനുവാദമില്ല.
തേങ്ങ
തേങ്ങയുടെ മാംസളമായ ഭാഗത്ത് ഗണ്യമായ അളവില്‍ എണ്ണ അടങ്ങിയിട്ടുണ്ട്, ഉയർന്ന താപനിലയില്‍ ഇത് കത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ മിക്ക വിമാനങ്ങളിലും ചെക്ക്-ഇൻ ബാഗേജിൽ ഉണങ്ങിയ തേങ്ങ, കൊപ്ര എന്നിവ കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. എയര്‍ ഇന്ത്യ പച്ച തേങ്ങ ചതച്ചത് ചെക്ക് ഇന്‍ ലഗേജിലും ക്യാരി ഓണ്‍ ബാഗിലും കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നുണ്ട്.
അച്ചാര്‍
വീട്ടില്‍ നിന്നു ദൂരെ പോകുമ്പോള്‍ കണ്ണിമാങ്ങ അച്ചാറും മീനച്ചാറുമൊക്കെ കൊണ്ടു പോകാന്‍ തോന്നിയേക്കാം. എന്നാല്‍, ഇവയൊന്നും എല്ലാ വിമാനങ്ങളിലും കൊണ്ടുപോകാന്‍ പറ്റില്ല എന്ന കാര്യം ശ്രദ്ധിക്കുക. എയര്‍ ഇന്ത്യയില്‍ അച്ചാര്‍ കൊണ്ടുപോകാം, എന്നാല്‍ ചില്ലി അച്ചാർ ചെക്ക്-ഇൻ ബാഗേജിൽ മാത്രമേ അനുവദിക്കൂ.
സുഗന്ധവ്യഞ്ജനങ്ങള്‍
എയര്‍ ഇന്ത്യ വിമാനത്തില്‍ ക്യാരി ഓണ്‍ ബാഗില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അനുവദനീയമല്ല, എന്നാല്‍ ചെക്കിന്‍ ബാഗില്‍ കൊണ്ടുപോകാം. മറ്റേതെങ്കിലും എയർലൈൻ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിൽ, അവരുടെ നിയമങ്ങളും നിയന്ത്രണങ്ങളും മുൻകൂട്ടി പരിശോധിക്കുന്നത് ഉറപ്പാക്കുക.
ബിരിയാണി
ഇന്‍ഡിഗോ വിമാനത്തില്‍ ബിരിയാണി കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ഇവ നന്നായി പൊതിയണം എന്ന് മാത്രം.
മദ്യം, വെള്ളം, എയ്റേറ്റഡ് ഡ്രിങ്കുകള്‍
ഇന്‍ഡിഗോ വിമാനത്തില്‍ 100 മില്ലി വരെ അളവില്‍ വെള്ളക്കുപ്പികളും എയ്റേറ്റഡ് ഡ്രിങ്കുകളും കൊണ്ടുപോകാം. അതേപോലെ തേനും 100 മില്ലി വരെ കൊണ്ടുപോകാം.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു വ്യക്തിക്ക് ചെക്കിന്‍ ലഗേജില്‍ മൊത്തം 5 ലിറ്റര്‍ മദ്യം കൊണ്ടുപോകാം. കുപ്പി യഥാർഥ റീട്ടെയിൽ പാക്കേജിങ്ങിലായിരിക്കണം, കൂടാതെ ആല്‍ക്കഹോള്‍ കണ്ടന്‍റ് 24% മുതൽ 70% വരെ ആയിരിക്കണം.