പഴം ഇനി കറുത്തുപോയെന്ന് പരാതി പറയേണ്ട, ഫ്രെഷായി വയ്ക്കാൻ ഈ രീതിയിൽ സൂക്ഷിച്ചോളൂ

Mail This Article
ശരീരത്തിന് ഏറെ ഗുണം നൽകുന്നതാണ് ഏത്തപ്പഴം. കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഒരുപാട് സ്നാക്ക്സ് തയാറാക്കാനും ഏത്തപ്പഴം ഉപയോഗിക്കാറുണ്ട്. സീസണായാൽ ഏത്തപ്പഴം ഒരുപാട് വാങ്ങിവച്ചാലും പെട്ടെന്ന് കറുത്തുപോകും. ഏത്തപ്പഴം മാത്രമല്ല, ചെറുപഴവും റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി വയ്ക്കാന്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പഴം വാങ്ങിയാലുടൻ തുറസായ സ്ഥലത്ത് വയ്ക്കാം. ഫ്രിജിൽ വയ്ക്കേണ്ട, ആവശ്യമെങ്കിൽ പഴം ചെറുതായി നുറുക്കി ഫ്രീസ് ചെയ്ത് വയ്ക്കാവുന്നതാണ്. സ്മൂത്തി തയാറാക്കുമ്പോൾ ഫ്രീസറിൽ വച്ച പഴം എടുക്കാം. അധികം പഴുത്തു പോകുമെന്ന ടെൻഷനും വേണ്ട. കൂടാതെ ഫ്രീസ് ചെയ്ത പഴം ബേക്കിങ് അല്ലെങ്കിൽ ബനാന ബ്രെഡ് ഉണ്ടാക്കാനും അനുയോജ്യമാണ്.
സൂര്യപ്രകാശം അല്ലെങ്കിൽ ചൂടിൽ നിന്ന് നേരിട്ട് വായുസഞ്ചാരമുള്ള സ്ഥലത്ത് പഴം സൂക്ഷിക്കുക. വാഴപ്പഴം സ്വാഭാവികമായും എഥിലീൻ വാതകം പുറത്തുവിടുന്നു, ഇത് പഴുക്കാൻ സഹായിക്കുന്നു, അതിനാൽ വേഗത്തിൽ പാകമാകുന്ന മറ്റ് പഴങ്ങൾക്കൊപ്പം പഴം വയ്ക്കുന്നത് ഒഴിവാക്കാം. വാഴപ്പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് പൊതിയുകയോ വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് ബാഗിൽ വയ്ക്കുകയോ ചെയ്യാം. പെട്ടെന്ന് പഴുത്തുപോകാതിരിക്കാൻ സഹായിക്കും.

ഒരേ കുലയിൽത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങൾ കാണും. പഴുത്ത പഴങ്ങൾ കുലയിൽ നിന്നും വേർപെടുത്തി വയ്ക്കണം, ഇല്ലെങ്കിൽ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും. പഴക്കടകളിൽ കച്ചവടക്കാർ വാഴപ്പഴം തൂക്കിയിടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. വാഴപ്പഴത്തിന്റെ ഉൾഭാഗം പെട്ടെന്ന് കേടാകാതെ ഇരിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ പച്ചക്കായ എങ്കിൽ അവ പെട്ടെന്ന് പാകമാകാനും എളുപ്പമാണ്. കുലയായിട്ടല്ല നമ്മൾ പഴം വാങ്ങുന്നതെങ്കിലും അത് വീട്ടിലെത്തി കഴിയുമ്പോൾ തൂക്കിയിടാൻ ശ്രമിച്ചുനോക്കൂ.
പഴുത്ത പോയ പഴം കൊണ്ട് അടിപൊളി സ്നാക്ക് ഉണ്ടാക്കാം
ആവിയിൽ വേവിച്ചെടുക്കുന്ന ഈ അപ്പം വളരെ ഹെൽത്തിയാണ്. പഴുത്തുപോയ കറുത്ത പഴം ഉണ്ടെങ്കിൽ അതുവച്ചു ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി കൂടിയാണ്. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ
•പച്ചരി - ഒരു കപ്പ്
•ശർക്കര - 200 ഗ്രാം
•വെള്ളം - കാൽ കപ്പ്
•ചോറ് - രണ്ട് ടേബിൾ സ്പൂൺ
•തേങ്ങ ചിരവിയത് - ഒരു കപ്പ്
•ഉപ്പ് - അര ടീസ്പൂൺ
•ഈസ്റ്റ് - അര ടീസ്പൂൺ
•പഴം - രണ്ടെണ്ണം
•ചെറിയ ചൂടുവെള്ളം - അരക്കപ്പ്
•എള്ള് - ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
•പച്ചരി നന്നായി കഴുകിയതിനുശേഷം മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിരാൻ ആയിട്ട് ഇടാം.
•200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ചു മാറ്റിവയ്ക്കാം ഇത് ചൂടാറണം.
•മൂന്നു മണിക്കൂറിനു ശേഷം ഇതിലെ വെള്ളം എല്ലാം കളഞ്ഞിട്ട് മിക്സിയുടെ വലിയ ജാറിലേക്ക് ഇട്ടു കൊടുക്കാം ഇതിൻറെ കൂടെ തന്നെ അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും, രണ്ട് ചെറുപഴം അരിഞ്ഞതും കൂടെ ഇട്ടു കൊടുക്കാം. ശേഷം അരക്കപ്പ് ചെറിയ ചൂടുവെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
നന്നായി അരച്ചതിനുശേഷം ഇതിലേക്ക് ചൂടാറിയ ശർക്കര പാനി കൂടി ഒഴിച്ചു കൊടുക്കാം. വീണ്ടും ഒന്ന് കൂടി അരച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു ടീസ്പൂൺ എള്ള് കൂടി ചേർത്ത് ഒന്നുകൂടി ഇളക്കി എടുക്കുക. ചെറിയ ചൂടുള്ള സ്ഥലത്ത് ഒരു മണിക്കൂർ വയ്ക്കാം. •ഒരു മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പൊങ്ങി വന്നു കാണും. ശേഷം ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ചതിനുശേഷം ഇഡലിത്തട്ടിൽ വെണ്ണ തേച്ച് പൊങ്ങിവന്ന മാവ് കുറേശെയായി ഒഴിച്ചു കൊടുക്കാം. ഇത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.