വയറു ചാടിയതാണോ നിങ്ങളുടെ പ്രശ്നം? പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയം മതി
Mail This Article
പലർക്കും തടിയേക്കാൾ പ്രശ്നം പലപ്പോഴും ബെല്ലി ഫാറ്റ് അല്ലെങ്കിൽ അടിവയറിലെ കൊഴുപ്പ് ആണ്. തടി കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിൽ പലരും തോറ്റുപോകുന്നതും ഈ ബെല്ലി ഫാറ്റിനോട് ആണ്. എന്നാൽ ഒരു സിമ്പിൾ ഡ്രിങ്ക് കുടിച്ചാൽ ബെല്ലി ഫാറ്റിനെ നമുക്ക് പമ്പ കടത്താം. അതിനു വേണ്ടത് കുറച്ച് ഓറഞ്ചും നെല്ലിക്കയും മഞ്ഞളും ഇഞ്ചിയും മാത്രം. എന്നാൽ, ഇതിനെക്കാളുപരി പ്രധാനപ്പെട്ട ഒന്നു കൂടി വേണം. മറ്റൊന്നുമല്ല, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഈ പാനീയം ഉണ്ടാക്കി കുടിക്കാനുള്ള മനസ്സ്.
ശരീരഭാരം കുറയ്ക്കുന്നതിലെ ആദ്യഘടകമാണ് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുക എന്നുള്ളത്. വ്യായാമം ശീലമാക്കുന്നതിന് ഒപ്പം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതും സമ്മർദ്ദം നിയന്ത്രിക്കുന്നതും നീർക്കെട്ട് കുറയ്ക്കാൻ മാത്രമല്ല ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. എന്നാൽ, ചില പാനീയങ്ങൾക്ക് ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. അത്തരത്തിലൊരു പാനീയം പരിചയപ്പെടുത്തുകയാണ് ന്യൂട്രിഷ്യനിസ്റ്റ് ആയ നേഹ പരിഹാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് നേഹ ഈ അടിപൊളി ഡ്രിങ്ക് പരിചയപ്പെടുത്തിയത്.
നെല്ലിക്ക, മഞ്ഞൾ, കുരുമുളക്, ഇലക്കറികൾ, ബെറികൾ, ഒലിവ് ഓയിൽ, ഫാറ്റി ഫിഷ്, നട്സ് എന്നിവയെല്ലാം നമ്മുടെ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നല്ലതാണ്. കാരണം, അവയെല്ലാം ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്ന ആഹാരപദാർത്ഥങ്ങളാണ്. ഏതായാലും, ബെല്ലി ഫാറ്റ് മുഴുവനായും നീക്കം ചെയ്യാൻ കഴിയുന്ന പാനീയം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
പാനീയം ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ
ഒരു കഷണം ഇഞ്ചി - തൊലി കളഞ്ഞ് ചെറുതായി മുറിക്കുക
ഒരു കഷണം മഞ്ഞൾ - തൊലി കളഞ്ഞ് ചെറുതായി മുറിക്കുക
(മഞ്ഞൾപ്പൊടി ആണെങ്കിൽ ഒരു ചെറിയ നുള്ള്)
ഓറഞ്ച് - തൊലിയും കുരുവും കളഞ്ഞ് എടുക്കുക
നെല്ലിക്ക - കുരു കളഞ്ഞ് കഷണങ്ങളായി മുറിക്കുക
കുരുമുളക് പൊടി
ഇത് അരച്ചു കിട്ടാൻ ആവശ്യമായ വെള്ളം
ഇവയെല്ലാം ചേർത്ത് ഒരു മിക്സി ബ്ലെൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം അരിപ്പയിൽ അരിച്ചെടുക്കുക. തുടർന്ന് ഒരു ഗ്ലാസിലേക്ക് പകരുക. അടിച്ചെടുക്കുമ്പോൾ തന്നെ കുടിക്കുന്നതാണ് നല്ലത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ശക്തമായ ആന്റി - ഇൻഫ്ലമേറ്ററി ആണ്. ഇത് നന്നായി ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കുകയും ചെയ്യുന്നു. ഇഞ്ചി ദഹനത്തിന് സഹായിക്കുകയും വയർ വീർക്കുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിൻ സി കൊണ്ട് സമൃദ്ധമാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഓറഞ്ച് പാനീയത്തിന് ചെറുമധുരം നൽകുകയും വിറ്റാമിൻ സിയാൽ സമ്പന്നമായതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.