തടി പെട്ടെന്ന് കുറയ്ക്കാം, ഈ നട്സിനെ കുറിച്ച് നിങ്ങൾക്ക് അറിയുമോ? സാലഡിലും ചേർക്കാം

Mail This Article
ചില പച്ചക്കറികള്‍ കടകളില്‍ കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ലേ, ഇതൊക്കെ എന്താണ് സാധനം, ഇത് വച്ച് എന്താണ് ഉണ്ടാക്കാന്‍ പറ്റുക എന്നൊക്കെ? അങ്ങനെയൊരു ഇനമാണ് വാട്ടര്‍ ചെസ്റ്റ്നട്ട്. പച്ച നിറത്തില്‍ ചെറിയ കായ്കള്‍ പോലെയിരിക്കുന്ന ഈ വിഭവം ഇപ്പോള്‍ നമ്മുടെ നാട്ടിലെ പച്ചക്കറി കടകളിലും സാധാരണമായിക്കഴിഞ്ഞു. ഇവ റോസ്റ്റ് ചെയ്തോ ഗ്രില്‍ ചെയ്തോ അച്ചാര്‍ ഇട്ടോ അല്ലെങ്കില്‍ ഫ്രൈകൾ, ഓംലെറ്റുകൾ, കറികൾ, സലാഡുകൾ എന്നിവ പോലെയുള്ള വിഭവങ്ങളിലോ ഉപയോഗിക്കാവുന്നതാണ്.
ശരിക്കും നട്ട് അല്ല
ചെസ്റ്റ്നട്ട് എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, വാട്ടർ ചെസ്റ്റ്നട്ട് ശരിക്കും നട്ട് അല്ല. ചതുപ്പുകൾ, കുളങ്ങൾ, നെൽവയലുകൾ, ആഴം കുറഞ്ഞ തടാകങ്ങൾ എന്നിവിടങ്ങളിൽ വളരുന്ന ജല കിഴങ്ങുവർഗ്ഗ പച്ചക്കറികളാണ് അവ.

തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണ ചൈന, തായ്‌വാൻ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ ദ്വീപുകൾ എന്നിവിടങ്ങളിലാണ് വാട്ടർ ചെസ്റ്റ്‌നട്ട് കൂടുതലായി വളരുന്നത്. ഇരുണ്ട തവിട്ട് നിറമാകുമ്പോൾ അവ വിളവെടുക്കുന്നു. ഉള്ളിലെ വെളുത്ത മാംസളഭാഗം വേവിച്ച് വേണം കഴിക്കാന്‍. കാരണം ഇതില്‍ ഫാസിയോലോപ്സിയാസിസ് എന്ന രോഗകാരിയായ പരാദം ഉണ്ടായേക്കാം, അതിനാല്‍ ചെസ്റ്റ്നട്ട് കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകി തൊലി കളയുക.
കാലറി കുറവാണ്
ധാരാളം പോഷകങ്ങൾ നിറഞ്ഞതാണ് വാട്ടര്‍ ചെസ്റ്റ്നട്ട്. പച്ച ചെസ്റ്റ്നട്ടില്‍ 74% വെള്ളമാണ്. 100 ഗ്രാം വാട്ടർ ചെസ്റ്റ്നട്ടില്‍ വെറും 97 കാലറി മാത്രമേ ഉള്ളു.
കൊഴുപ്പ് അടങ്ങിയിട്ടില്ല. കൂടാതെ, അവയിൽ ധാരാളം വിറ്റാമിനുകളും ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 6, റൈബോഫ്ലേവിൻ, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ് തുടങ്ങിയവയുടെ മികച്ച ഉറവിടമാണ് വാട്ടർ ചെസ്റ്റ്നട്ട്.
ശരീരഭാരം കുറയ്ക്കും
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ മികച്ച ഓപ്ഷനാണ് വാട്ടര്‍ ചെസ്റ്റ്നട്ട്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. വാട്ടര്‍ ചെസ്റ്റ്നട്ട് പോലെ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വാട്ടര്‍ ചെസ്റ്റ്നട്ട് ഫ്രൈ ഉണ്ടാക്കാം
ചേരുവകള്‍
200 ഗ്രാം വാട്ടര്‍ ചെസ്റ്റ്നട്ട്
1/2 കപ്പ് കോൺഫ്ലോർ
1 ഇഞ്ച് കഷണം ഇഞ്ചി
8-10 വെളുത്തുള്ളി അല്ലി
2 പച്ചമുളക്
1/4 ചുവന്ന ക്യാപ്സിക്കം, ചെറുതായി അരിഞ്ഞത്
1/4 മഞ്ഞ ക്യാപ്സിക്കം, ചെറുതായി അരിഞ്ഞത്
1 സവാള, ചെറുതായി അരിഞ്ഞത്
ഒരുപിടി സ്പ്രിംഗ് ഒണിയന്‍, ചെറുതായി അരിഞ്ഞത്
1 ടീസ്പൂൺ എണ്ണ
ഉപ്പ്
1/2 ടീസ്പൂൺ കുരുമുളക്
1 ടീസ്പൂൺ അരോമാറ്റ് പൊടി
ഉണ്ടാക്കുന്ന വിധം
- വാട്ടര്‍ ചെസ്റ്റ്നട്ട് തൊലി കളഞ്ഞ് കഴുകി ഒരു വലിയ പാത്രത്തിൽ ഇടുക. ഇതിനു മുകളിൽ കോൺഫ്ലോർ വിതറി എല്ലാ വാട്ടർ ചെസ്റ്റ്നട്ടും നന്നായി പോതിഞ്ഞെടുക്കുക. മുകളില്‍ കുറച്ച് എണ്ണ തളിക്കുക, 180 ഡിഗ്രി സെൽഷ്യസിൽ 12-15 മിനിറ്റ് എയർ ഫ്രൈ ചെയ്യുക.
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ക്യാപ്സിക്കങ്ങള്‍, ഉള്ളി, സ്പ്രിംഗ് ഒണിയന്‍ എന്നിവ ചെറുതായി അരിഞ്ഞത് മാറ്റി വയ്ക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് 30-40 സെക്കൻഡ് വഴറ്റുക. ഉള്ളിയും ക്യാപ്സിക്കങ്ങളും ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് എയർ ഫ്രൈ ചെയ്ത വാട്ടർ ചെസ്റ്റ്നട്ട് ചേർത്ത് നന്നായി ഇളക്കുക.
- ഉപ്പ്, കുരുമുളക്, അരോമാറ്റ് പൊടി എന്നിവ ചേർത്ത് 1-2 മിനിറ്റ് വേവിക്കുക. മുകളിൽ സ്പ്രിംഗ് ഒണിയന്‍ ചേർക്കുക. ചൂടോടെ വിളമ്പുക.