കൊച്ചിക്കാരുടെ വൈറല്‍ ഉപ്പിറച്ചി! ഈ ബീഫിന് മുളകും മല്ലിയും മസാലയും വേണ്ട

Mail This Article
നല്ല മുളകും മല്ലിയും തേങ്ങാക്കൊത്തുമൊക്കെ ഇട്ട്, എരിവോടെ കഴിക്കുന്ന ബീഫ് കറിയാണ് മലയാളികള്‍ക്ക് പ്രിയം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ പൊറോട്ടയ്ക്കൊപ്പമോ എന്ന് വേണ്ട, പഴംപൊരിക്കൊപ്പം വരെ ബീഫ് കഴിക്കുന്നതാണ് നമ്മുടെ ശീലം. വരട്ടിയും കറിവച്ചും ഫ്രൈ ചെയ്തുമെല്ലാം കഴിച്ചു മടുത്തെങ്കില്‍ ട്രൈ ചെയ്യാനിതാ ബീഫിന്‍റെ ഒരു വൈറല്‍ വകഭേദം.

കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഈ ബീഫ് കറി ഈയിടെയായി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എന്ന് മാത്രമല്ല, മുളക്, മഞ്ഞള്‍, മല്ലി തുടങ്ങിയ മസാലകള്‍ ഒന്നും വേണ്ട. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവത്തിന് എന്നാല്‍ അപാര രുചിയാണ്. ചോറിനെക്കാള്‍, പുട്ടിനൊപ്പമാണ് ഇതിന്‍റെ കോമ്പിനേഷന്‍.

ഉപ്പും ബീഫും വളരെകുറച്ച് മറ്റു ചേരുവകളും മാത്രം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ഉപ്പിറച്ചി ഒന്നു ഉണ്ടാക്കി നോക്കിക്കോളൂ, ചട്ടി കാലിയാകുന്ന വഴി അറിയില്ല!
വേണ്ട സാധനങ്ങള്‍
എല്ലും നെയ്യും ഉള്ള ഒന്നര കിലോ ഇറച്ചി
മുന്നൂറ് ഗ്രാം ചുവന്നുള്ളി
പത്ത് പന്ത്രണ്ട് പച്ചമുളക് കീറിയത്
വലിയ കഷ്ണം ഇഞ്ചി ചതച്ചത്
പത്ത് വെളുത്തുള്ളി ചതച്ചത്
നാലു തണ്ട് കറിവേപ്പില
കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ ആവശ്യത്തിന്
ഒരു പിടി കല്ലുപ്പ്
4 ടേബിള്‍സ്പൂണ്‍ പച്ച വെളിച്ചെണ്ണ
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
ഉണ്ടാക്കുന്ന വിധം
ഇറച്ചി ഒരു വലിയ പാത്രത്തിലിട്ട് അതിലേക്ക് ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ക്കുക. കൈകൊണ്ട് എല്ലാംകൂടി നന്നായി കുഴയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് പാത്രം അടുപ്പത്ത് വെച്ച് വളരെ ചെറിയ തീയില്‍ വേവിക്കുക. സമയം ലഭിക്കാന്‍ കുക്കറില്‍ ഇട്ടും വേവിക്കാവുന്നതാണ്.