തടി കുറയ്ക്കാന്‍ ഫ്ലാക്സ് സീഡ്സ് കഴിക്കേണ്ടത് ഇങ്ങനെ

Mail This Article
കണ്ടാല്‍ മുതിര പോലെ ഇരിക്കുന്ന വിത്താണ് ഫ്ലാക്സ് സീഡ്സ്. ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ വളരെ പ്രിയമേറിയ ഒരു പോഷകാഹാരമാണ് ഇതെന്ന് പറയാം. ഹോര്‍മോണുകള്‍ സന്തുലിതമാക്കുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം ഫ്ലാക്സ് സീഡ്സ് കഴിക്കുന്നത് നല്ലതാണ്.
നിറയെ നാരുകൾ
നാരുകളാൽ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡുകൾ. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടും. ശരീരഭാരം കുറയ്ക്കാൻ കലോറി കുറയ്ക്കുന്നവര്‍ക്ക് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാന്‍ ഇത് സഹായിക്കും.

കൂടാതെ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനനാളത്തെ ഉത്തേജിപ്പിക്കുന്നു. കുടലിലൂടെ ഭക്ഷണം ചലിപ്പിക്കുന്നതിനും വൻകുടലിലെ തടസ്സങ്ങള്‍ നീക്കുന്നതിനും നാരുകൾ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും ഇത് സഹായകമാണ് .
ഒമേഗ 3 ഫാറ്റി ആസിഡുകള്‍
ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇവയ്ക്ക് വീക്കം കുറയ്ക്കാൻ കഴിയും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. അതേപോലെ, സ്വയം രോഗപ്രതിരോധ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

ലിഗ്നിന്റെ ഉറവിടം
പല സസ്യങ്ങളുടെയും കോശഭിത്തികളിൽ കാണപ്പെടുന്ന സങ്കീർണ്ണമായ പോളിമറാണ് ലിഗ്നിൻ. ഇത് തടിക്ക് കടുപ്പമുള്ള ഘടന നൽകുന്നു. ഈ ലിഗ്നിനുകൾ രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് സമീപകാലപഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫ്ളാക്സ് സീഡുകളില്‍ ലിഗ്നിനുകൾ ധാരാളമുണ്ട്.
ഫ്ളാക്സ് സീഡുകൾ എങ്ങനെ കഴിക്കാം?
ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡുകൾ ഉപയോഗിക്കാം, പക്ഷേ, ഓരോ ആളുകളുടെയും ശരീരം ഫ്ളാക്സ് സീഡ് സപ്ലിമെൻ്റുകളോട് വ്യത്യസ്‌തമായാണ് പ്രതികരിക്കുക.

മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഇല്ലാതെ ഫ്ലാക്സ് സീഡ്സ് മാത്രം കഴിച്ചതുകൊണ്ട് കാര്യമില്ല എന്നും ഓര്‍ക്കുക.
ശരീരഭാരം കുറയ്ക്കാൻ, ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം. ഈ പാനീയം കൂടുതൽ നേരം വിശപ്പില്ലാതെ നിലനില്‍ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ഇതിനായി ഒരു ടീസ്പൂണ്‍ ഫ്ളാക്സ് സീഡ് പൊടിച്ച് ചൂടുവെള്ളവുമായി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം. അതല്ലെങ്കില്‍ വിപണിയില്‍ ഫ്ലാക്സ് സീഡ്സ് സപ്ലിമെന്റുകള്‍ ലഭ്യമാണ്, വൈദ്യനിര്‍ദ്ദേശപ്രകാരം ഇവ കഴിക്കാം.
ഏതെങ്കിലും രൂപത്തിൽ ഫ്ളാക്സ് സീഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫ്ളാക്സ് സീഡ് സപ്ലിമെൻ്റുകൾ ഉപയോഗിക്കുമ്പോൾ വേണ്ടത്ര ജലാംശം ഇല്ലെങ്കിൽ, ഈ അധിക നാരുകൾ ശരിയായി ദഹിപ്പിക്കാൻ ശരീരത്തിന് കഴിയില്ല. ഇത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.
ഫ്ളക്സ് സീഡ് ചപ്പാത്തി
ഫ്ളക്സ് സീഡിന്റെ പൊടി ഗോതമ്പ് പൊടിയുടെ കൂടെ ചേർത്ത് ചപ്പാത്തി ഉണ്ടാക്കാവുന്നതാണ്. ഒരു ചെറിയ ബൗളിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പു ചേർത്ത് അലിയിപ്പിക്കുക. ഇനി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് ഫ്ലാക്സ് സീഡ് ഇടുക, ഇതിലേക്ക് ഉപ്പുവെള്ളം ഒഴിച്ചുകൊടുത്ത് ഇളക്കി യോജിപ്പിക്കുക.6-7 മിനിറ്റ് കഴിഞ്ഞാൽ ഫ്ലാക്സ്സീഡ് നന്നായി പൊട്ടും ഇതാണ് ഫ്ലാക്സ്സീഡ് തയാറായതിന്റെ പാകം. ചൂടാറിയ ശേഷം കുപ്പിയിൽ ഇട്ട് ദിവസങ്ങളോളം കഴിക്കാം. ഇത് വെറുതെ കഴിക്കാൻ ഏറെ രുചികരമാണ്. അതുകൂടാതെ സാലഡിനും ലഡുവിലുമൊക്കെ ചേർക്കാവുന്നതാണ്.