ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ മീൻമുട്ട; ഹോട്ടലുകളില്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍
Mail This Article
ഹോട്ടല്‍ മെനുവില്‍ ഭക്ഷണങ്ങളുടെ വില കണ്ട് ഞെട്ടിയിട്ടുണ്ടോ? എന്നാല്‍, കോടീശ്വരന്മാര്‍ പലപ്പോഴും ഒരുനേരം ഹോട്ടലുകളില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. ഇത്രയും രൂപയ്ക്ക് എന്തു കഴിക്കാനാണ് എന്ന് ആശ്ചര്യപ്പെടേണ്ട, വളരെയധികം വിലയേറിയതും അപൂര്‍വ്വവുമായ ചില ഭക്ഷ്യവിഭവങ്ങള്‍ ഉണ്ട്. ഇവയ്ക്ക് സ്വാഭാവികമായും വില വളരെ കൂടുതലാണ്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്.
കോബി ബീഫ്
ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറിൽ കോബി നഗരത്തിന് ചുറ്റും വളർത്തുന്ന കന്നുകാലികളുടെ മാംസമാണ് കോബി ബീഫ്. ജാപ്പനീസ് ബ്ലാക്ക് , ജാപ്പനീസ് ബ്രൗൺ , ജാപ്പനീസ് പോൾഡ് , ജാപ്പനീസ് ഷോർട്ട്‌ഹോൺ എന്നീ നാല് വാഗ്യു ഇനങ്ങളുടെ മാംസമാണ് ഇങ്ങനെ അറിയപ്പെടുന്നത്.
സ്റ്റീക്ക്, സുകിയാക്കി, ഷാബു-ഷാബു, സാഷിമി, തേപ്പൻയാക്കി എന്നിങ്ങനെ വിവിധ വിഭവങ്ങളായി കോബി ബീഫ് തയാറാക്കാം. മൃദുവായ രുചിയും ഉയർന്ന കൊഴുപ്പിന്റെ ശവുമുള്ള ഈ ബീഫ് വളരെ രുചികരമാണ്. പ്രതിവർഷം ഏകദേശം 3,000 ത്തോളം കന്നുകാലികള്‍ മാത്രമേ കോബി ബീഫ് ഇനത്തില്‍ വരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇത് വളരെ വിലയേറിയതാണ്.
ബെലുഗ കാവിയാർ
സ്റ്റർജൻ മത്സ്യത്തിന്റെ മുട്ടയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ആഡംബര ഭക്ഷണമാണ് കാവിയാർ. കാവിയാര്‍ ഇനങ്ങളിലെ ഏറ്റവും വിലവേറിയ ഇനമാണ് ബെലുഗ കാവിയാർ. ബെലുഗ കാവിയാറിന്റെ ജനപ്രീതി കാരണം, ശുദ്ധജലത്തില്‍ വസിക്കുന്ന ബെലുഗ സ്റ്റർജിയൻ ഇനം മത്സ്യം വ്യാപകമായി വേട്ടയാടപ്പെടുകയും വംശനാശഭീഷണി നേരിടുകയും ചെയ്തു.
ലോകത്തിലെ വിതരണത്തിൻ്റെ 80 ശതമാനവും ഇറക്കുമതി ചെയ്തിരുന്ന അമേരിക്ക 2005 ൽ ഇറക്കുമതി നിരോധിച്ചു. പിന്നീട്, ഇവയെ വളര്‍ത്തുന്ന ഫാമുകള്‍ പലയിടങ്ങളിലും വന്നു. അമേരിക്കയില്‍ കൃഷി ചെയ്യുന്ന ബെലുഗ കാവിയാറിൻ്റെ ഒരു ഔൺസിന് ഏകദേശം 770 ഡോളര്‍ അഥവാ 66,068 രൂപ വിലയുണ്ട്.
വൈറ്റ് ട്രഫിള്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ട്രഫിൾ ഇനങ്ങളിൽ ഒന്നാണ് വൈറ്റ് ട്രഫിൾസ്. ഒരു തരം ഭൂഗർഭ ഫംഗസിൻ്റെ ഭക്ഷ്യയോഗ്യമായ ബീജങ്ങളാണ് ട്രഫിൾസ്. വെളുത്ത ഇനത്തിന് ഓക്ക്, വെളുത്തുള്ളി എന്നിവയുടെ ചെറിയ രുചിയാണ് ഉള്ളത്. പാസ്ത, റിസോട്ടോ പോലെയുള്ള വിഭവങ്ങളില്‍ ഇത് ഉപയോഗിക്കുന്നു.
ഇറ്റലിയിലെ പീഡ്മോണ്ട് മേഖലയിലും അതുപോലെ ക്രൊയേഷ്യ, സ്ലോവേനിയ എന്നിവിടങ്ങളിലും കാണപ്പെടുന്ന വൈറ്റ് ട്രഫിൾസ് ആൽബ ട്രഫിൾസ് എന്നും അറിയപ്പെടുന്നു. ഇവ മരങ്ങളുടെ വേരുകളിലാണ് വളരുന്നത്. മരങ്ങളെ വെള്ളവും വളവും വലിച്ചെടുക്കാന്‍ അവ സഹായിക്കുന്നു. പകരം, മരങ്ങള്‍ അവയ്ക്ക് വേണ്ട ആഹാരം നല്‍കുന്നു. ഈ പ്രത്യേക കോഡിപെൻഡൻ്റ് ബന്ധം നിയന്ത്രിത പരിതസ്ഥിതിയിൽ പുനർനിർമ്മിക്കുന്നത് വളരെ ബുദ്ധിമുട്ടായതു കൊണ്ടുതന്നെ അവ വളരെ അപൂർവമാണ്. അതിനാൽ ഒരു ഔൺസ് വെള്ള ട്രഫിൾസിന് 400 ഡോളറിലധികം വിലവരും.
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ്. ഓരോ പുഷ്പവും കുങ്കുമത്തിൻ്റെ മൂന്ന് ഇഴകൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതിന്റെ സവിശേഷമായ രുചിയും സൌരഭ്യവും ഗുണങ്ങളും കാരണം ഒട്ടേറെ വിഭവങ്ങളില്‍ ഇതൊരു സ്പെഷ്യല്‍ ചേരുവയാണ്. പ്രാഥമികമായി ഇറാനിൽ വളരുന്ന കുങ്കുമം ഇറാനിയൻ, മൊറോക്കൻ, ഇന്ത്യൻ വിഭവങ്ങളിൽ ഉപയോഗിച്ചുവരുന്നു. 2024-ലെ കണക്കനുസരിച്ച്, കുങ്കുമപ്പൂവ് ഗ്രാമിന് ഏകദേശം 1,700 രൂപയാണ് വില.
മാറ്റ്സുടേക്ക് കൂണ്‍
യുറേഷ്യയിലും വടക്കേ അമേരിക്കയിലും വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു കൂൺ ആണ് മാറ്റ്സുടേക്ക്. ഇതിന്‍റെ പ്രത്യേക സുഗന്ധവും രുചിയും ഉറച്ച, മാംസളമായ ഘടനയും കാരണം, ജാപ്പനീസ് പാചകരീതിയിൽ മാറ്റ്സുടേക്ക് കൂൺ ഒരു സവിശേഷ ചേരുവയാണ്. സൂപ്പ്, പായസം, അരി വിഭവങ്ങൾ എന്നിങ്ങനെ വിവിധ വിഭവങ്ങളിൽ പച്ചയ്ക്കോ വേവിച്ചോ ഇത് ഉപയോഗിക്കുന്നു. ഈ വലിയ കൂണുകളുടെ ജന്മദേശം ജപ്പാനാണ്, എന്നാൽ ചില സ്പീഷീസുകൾ ചൈന, കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പസഫിക് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാം. ചുവന്ന പൈൻ മരങ്ങളുടെ വേരുകൾക്കിടയിലാണ് ഇവ വളരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു പൗണ്ടിന് ഏകദേശം $40 മുതൽ വിലയുള്ള ഈ കൂണിന് ജപ്പാനിൽ ഒരു പൗണ്ടിന് $1,000 വരെയാണ് ഈടാക്കുന്നത്.
കോപ്പി ലുവാക്ക് കാപ്പി
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. ഒരുതരം മരപ്പട്ടി അഥവാ സിവെറ്റിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച്, അതിന്‍റെ വിസർജ്യത്തിൽ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ചുവന്ന കാപ്പിക്കുരുവിന്‍റെ മാംസളമായ ഭാഗം മാത്രം സിവെറ്റിന്‍റെ വയറ്റിലെ എൻസൈമുകളുമായി ചേരുന്നതിനാൽ കാപ്പിക്കുരുവിൽ പ്രത്യേക തരം ഫ്ളേവറുണ്ടാകുന്നു.സിവെറ്റ് കോഫി എന്നും ഇതറിയപ്പെടുന്നു.
ഇന്തൊനീഷ്യയാണ് ആഗോളതലത്തിൽ സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകർ. ഇന്ത്യയിലെ കൂർഗിൽ, വനപ്രദേശങ്ങളോടു ചേർന്ന കാപ്പിത്തോട്ടങ്ങളിൽ നിന്ന് സിവെറ്റിന്‍റെ വിസർജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്കരിക്കുന്നുണ്ട്. സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയിൽ സംസ്കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയിൽ ഉയർന്ന വില നൽകേണ്ടിവരുന്നത്. ഒരു പൗണ്ടിന് അര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്‍റെ വില.