ദിവസവും ഏലയ്ക്കയിട്ട ചായ കുടിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ
Mail This Article
നൂറ്റാണ്ടുകളായി മരുന്നായും കറികളിലുമെല്ലാം നമ്മള്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് ഏലയ്ക്ക. "സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏലയ്ക്ക കൃഷി ചെയ്യുന്നത് കേരളത്തിലാണ്.
ചൂടോ തണുപ്പോ ഉള്ള പാനീയങ്ങളുടെ കൂടെയും, മധുരമുള്ള പലഹാരങ്ങളുടെ കൂടെയും എരിവുള്ള കറികളുടെ കൂടെയുമെല്ലാം ഒരേപോലെ യോജിച്ചു പോകും എന്നതാണ് എലയ്ക്കയുടെ ഏറ്റവും വലിയ ഗുണം. ഏലയ്ക്കയിട്ട വെള്ളവും ചായയുമെല്ലാം മലയാളികളുടെ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളില്‍ ചിലതാണ്. വെറും രുചിയ്ക്ക് വേണ്ടി മാത്രമല്ല ഏലയ്ക്ക, ഒട്ടേറെ ഔഷധഗുണങ്ങളും ഇതിനുണ്ട്. ദിവസവും ഏലയ്ക്കയിട്ട ചായ പോലെയുള്ളവ കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.
അണുക്കളെ നശിപ്പിക്കും
ഏലയ്ക്കയ്ക്ക് വിവിധ തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാൻ കഴിവുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളായ സിനിയോൾ (യൂക്കാലിപ്റ്റോൾ), ടെർപിനീൻ, ലിമോണീൻ, ബോർണിയോൾ എന്നിവ രോഗകാരികളായ ബാക്ടീരിയകൾ, ഫംഗസ്, യീസ്റ്റ് എന്നിവയുടെ വളർച്ച തടയുന്നു.
കൂടാതെ, ഏലക്കയിൽ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇവയും സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു.
രോഗാവസ്ഥകള്‍ക്കെതിരെ ഫലപ്രദം
പൊണ്ണത്തടി, ഷുഗര്‍, രക്താതിമർദ്ദം, കൂടിയ ട്രൈഗ്ലിസറൈഡ് അളവ്, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യ അവസ്ഥകള്‍ക്കെതിരെ ഏലം സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഏലയ്ക്ക സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാരോഗ്യം
ഹൃദയാഘാതത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ ഏലയ്ക്ക സഹായിക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൻ്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ഏലയ്ക്കയില്‍ ഉള്ള ആൻ്റി ഓക്‌സിഡന്‍റുകള്‍ ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വായുടെ ആരോഗ്യം
പുതിനയും കറുവപ്പട്ടയും പോലെ ബ്രീത്ത് ഫ്രെഷനറായി ഏലയ്ക്കയും ഉപയോഗിക്കുന്നു. വായ്‌നാറ്റം, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമായ ബാക്ടീരിയകളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കും.
എലയ്ക്കയുടെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ കാരണം, വായുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. മോണരോഗത്തിനോ അണുബാധയ്‌ക്കോ കാരണമാകുന്ന ബാക്ടീരിയകളെ തടസ്സപ്പെടുത്താൻ ഏലക്കായുടെ സത്ത് ഫലപ്രദമാണെന്ന് കണ്ടെത്തലുകൾ തെളിയിച്ചു.
കരളിനെ കാക്കും ഏലയ്ക്ക
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കരളിന്‍റെ പ്രവര്‍ത്തനത്തില്‍ ഏലയ്ക്ക സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ആയുര്‍വേദത്തില്‍, ശരീരത്തിലെ വിഷാശം ഇല്ലാതാക്കാന്‍ ഏലക്ക പണ്ടേ ഉപയോഗിച്ചു വരുന്നുണ്ട്. എന്നിരുന്നാലും, ഈ ഗുണം സ്ഥിരീകരിക്കാൻ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്.
അൾസർ പ്രതിരോധം
ഇഞ്ചിയെപ്പോലെ, അതിൻ്റെ ബന്ധുവായ ഏലയ്ക്കയും ദഹനസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാന്‍ സഹായിക്കും. ആമാശയത്തെ അൾസറിൽ നിന്ന് സംരക്ഷിക്കാനും ഇത് ഉപയോഗപ്രദമാകും.
ഏലയ്ക്ക ചായ ഉണ്ടാക്കാം
എല്ലാദിവസവും ചായ ഉണ്ടാക്കുന്നവരാണ് നമ്മളെല്ലാവരും. ഒരേ അളവിൽ ഒരേ ചേരുവകൾ ഉപയോഗിച്ച് ചായ ഉണ്ടാക്കിയാലും ഓരോ തവണയും ഓരോ രുചിയായിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും രുചി ഏറെയുള്ള ചായ ഒരേ രീതിയിൽ തന്നെ തയാറാക്കാം.
ചേരുവകൾ (മൂന്ന് ഗ്ലാസ്സ് ചായക്ക്)
പാല് - രണ്ട് കപ്പ്
വെള്ളം - ഒരു കപ്പ്
തേയില – 3 ടേബിൾ സ്പൂൺ
പഞ്ചസാര - 2 ടേബിൾസ്പൂൺ
ഇഞ്ചി - ഒരു ചെറിയ കഷണം
ഏലയ്ക്ക - 4
തയാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും ചതച്ച ഏലയ്ക്കയും ചേർത്ത് അടച്ചുവെച്ച് മൂന്നു മിനിറ്റ് തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തേയില ഇട്ട് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക (തേയില ഒരു മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. കൂടുതൽ തിളപ്പിച്ചാൽ തേയിലയുടെ ചവർപ്പ് രുചി ചായയിലേക്ക് ഇറങ്ങും)
മറ്റൊരു പാത്രത്തിൽ പാൽ, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയാറാക്കി വച്ച തേയില വെള്ളം അരിച്ച് പാലിലേക്ക് ഒഴിക്കുക. ചെറിയ ചൂടിൽ 3 മിനിറ്റ് വച്ച ശേഷം തീ ഓഫ് ചെയ്യാം.ചായ നന്നായി പതപ്പിച്ച് ഒഴിക്കുക.രുചികരമായ പാൽചായ തയാർ.