ADVERTISEMENT

പോഷകസമൃദ്ധമായ അവോക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. അല്‍പ്പം വിലക്കൂടുതലുള്ള ഒരു ഫലമാണ് അവോക്കാഡോ. എത്ര വിലകൂടിയാലും പതിനായിരത്തിന് മുകളില്‍ ഒരു അവോക്കാഡോ വിഭവത്തിന് വിലയുണ്ടാകുമോ? ഗുജറാത്തിലെ സൂറത്തില്‍ ഈയിടെ വിറ്റ ഒരു  അവോക്കാഡോ ടോസ്റ്റിന് 13,000 രൂപയാണ് വില. ഇന്ത്യയില്‍ ഇതുവരെ വിറ്റതില്‍ വച്ച് ഏറ്റവും വിലകൂടിയ അവോക്കാഡോ ടോസ്റ്റാണിത്. 

ഇൻസ്റ്റാഗ്രാമിൽ 'foodie_addicted_' എന്ന യൂസര്‍നെയിം ഉള്ള സുർത്തി മയൂർകുമാർ വസന്ത്‌ലാൽ എന്ന ബ്ലോഗർ അടുത്തിടെ ത പങ്കിട്ട തന്റെ വിഡിയോയിലാണ് ഈ ടോസ്റ്റ്‌ കാണിക്കുന്നത്.

കുറച്ച് ഒലിവ് ഓയിൽ, സീസണിംഗ്, നാരങ്ങ നീര്, അരിഞ്ഞ അവോക്കാഡോകൾ എന്നിവ ചേർത്ത് ഷെഫ് മിക്സ് തയ്യാറാക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നിരുന്നാലും, ടോസ്റ്റിൻ്റെ ഹൈലൈറ്റ് അവോക്കാഡോ അല്ല, ഇറക്കുമതി ചെയ്ത ചീസ് ആണ്. പ്യൂള്‍ എന്ന് പേരുള്ള ഈ അപൂര്‍വ്വയിനം ചീസ് ആണ് ടോസ്റ്റിന് ഇത്രയും വില കൂടാന്‍ കാരണം. ബാൾക്കൻ കഴുതകളുടെ പാലില്‍ നിന്നാണ് പ്യൂള്‍ ഉണ്ടാക്കുന്നത്.

ടോസ്റ്റിന് മുകളിലേക്ക് പ്യൂള്‍ചീസ് വയ്ക്കുന്നു. ഇതിനു മുകളില്‍ നേരത്തെ ഉണ്ടാക്കിയ അവോക്കാഡോ മിക്സ് വയ്ക്കുന്നു. മുകളില്‍ അല്‍പ്പം എള്ള് വിതറുന്നു. ഇതോടെ അവോക്കാഡോ ടോസ്റ്റ്‌ റെഡി.

ഏകദേശം, 60% ബാൾക്കൻ കഴുതപ്പാലിൽ നിന്നും 40% ആട്ടിൻ പാലിൽ നിന്നും നിർമ്മിച്ച ഒരു സെർബിയൻ ചീസ് ആണ് പ്യൂൾ ചീസ് അല്ലെങ്കിൽ മഗരെകി സർ. ലോകത്തിലെ ഏറ്റവും വിലകൂടിയ ചീസ് എന്നറിയപ്പെടുന്ന ഈ ചീസിന്  ഒരു കിലോഗ്രാമിന് ഏകദേശം 1300 യുഎസ് ഡോളർ വിലയുണ്ട്‌. സെർബിയയിലെ സസാവിക്ക നേച്ചർ റിസർവിലാണ് ചീസ് ഉത്പാദിപ്പിക്കുന്നത്.

ഏകദേശം നൂറോളം പെണ്‍കഴുതകള്‍ മാത്രമേ ഈ വിഭാഗത്തില്‍ ഉള്ളൂ. ഇതാകട്ടെ, പ്രതിദിനം ഏകദേശം 1.5-2 ലിറ്റർ പാൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ദിവസത്തില്‍ മൂന്നു പ്രാവശ്യം ഇവയെ കറക്കാം. 

പശുവിന്‍പാലിനേക്കാള്‍ കട്ടി കുറവായതിനാല്‍ ഇതുപയോഗിച്ച് കട്ടിയുള്ള ചീസ് ഉണ്ടാക്കാൻ കൂടുതൽ പാൽ ആവശ്യമാണ്. ഒരു കിലോഗ്രാം ചീസ് ഉണ്ടാക്കണമെങ്കില്‍ 25 ലിറ്റർ പാല്‍ ആവശ്യമാണ്. ഇത് കറക്കാനാകട്ടെ, പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികളും ആവശ്യമാണ്. ചീസിന് വില കൂടാന്‍ ഇതും ഒരു കാരണമാണ്.

വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ കഴുതപ്പാൽ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, പുരാതന കാലം മുതൽ ബാൾക്കൻ പ്രദേശങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ക്ലിയോപാട്ര കഴുതപ്പാലില്‍ കുളിച്ചതായും കഥകളുണ്ട്.

English Summary:

Most Expensive Avocado Toast India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com