പുതുവർഷത്തിൽ ഭാഗ്യം കൊണ്ടുവരും ഈ വിഭവങ്ങൾ

Mail This Article
പുതിയ കാര്യങ്ങളുടെ ആരംഭമായാണ് പുതുവര്‍ഷത്തെ ലോകം മുഴുവനും നോക്കിക്കാണുന്നത്. ഒരു കാര്യം തുടങ്ങാന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതായി എന്താണുള്ളത്? വരും വര്‍ഷം സമ്പല്‍സമൃദ്ധമാകാന്‍ വേണ്ടി, പുതുവര്‍ഷ രാവില്‍ പ്രത്യേക ഭക്ഷണങ്ങള്‍ തയാറാക്കി കഴിക്കുന്ന രീതി പലയിടത്തുമുണ്ട്. വിവിധ രാജ്യങ്ങളിലെ അത്തരം ചില സ്പെഷല്‍ വിഭവങ്ങളെക്കുറിച്ച് അറിയാം.
∙ പന്ത്രണ്ട് മുന്തിരികൾ, സ്പെയിന്‍
മുന്തിരി കഴിക്കുന്നത് ഭാഗ്യം നൽകുമോ? സ്പെയിൻകാർ അങ്ങനെ വിശ്വസിക്കുന്നു. പുതുവത്സര രാവിൽ അർധരാത്രിയിൽ രാജ്യത്തുടനീളം 12 മുന്തിരികള്‍(Twelve grapes)കഴിക്കാനുള്ള തിരക്കാണ്. അത്താഴത്തിന് ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലോ അല്ലെങ്കിൽ രാജ്യത്തെ പ്രധാന സ്ക്വയറുകളിലോ ആളുകള്‍ ഒത്തുകൂടുന്നു. പന്ത്രണ്ടു മണി മുഴങ്ങുമ്പോള്‍, ഓരോ മണിയടിക്കുമൊപ്പം ഓരോ മുന്തിരി കഴിക്കുന്നതാണ് രീതി. മുന്തിരികള്‍ വരാന്‍ പോകുന്ന പന്ത്രണ്ട് മാസങ്ങളെ പ്രതിനിധീകരിക്കുന്നു. ഇങ്ങനെ കഴിക്കുകയാണെങ്കിൽ, വർഷം മുഴുവൻ ഭാഗ്യം കൂടെയുണ്ടാകുമെന്ന് അവര്‍ കരുതുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടങ്ങിയ ഈ രീതി ഇന്നും തുടര്‍ന്നു പോരുന്നു.

∙ തമാലീസ്, മെക്സിക്കോ
മെക്സിക്കോയിൽ പുതുവത്സര ദിനത്തിൽ കഴിക്കുന്ന സ്പെഷല്‍ ഭക്ഷണമാണ് തമാലീസ്(Tamales). വാഴയിലയിലോ ചോളത്തിന്‍റെ പുറംതൊലിയിലോ ഇറച്ചി, ചീസ് എന്നിവയ്‌ക്കൊപ്പം ചോളം ആവിയില്‍ പുഴുങ്ങി തയാറാക്കുന്ന വിഭവമാണ് ഇത്. മെനുഡോ എന്ന സൂപ്പിനൊപ്പമാണ് ഇത് കഴിക്കുക. സ്വർണമഞ്ഞ നിറത്തിലുള്ള ഈ പലഹാരം ഭാവിയിലെ സമൃദ്ധിയെയും ഐശ്വര്യത്തെയും കുടുംബ ഐക്യത്തെയും പ്രതീകപ്പെടുത്തുന്നു.
∙ ഒലീബോൾ, നെതര്‍ലന്‍ഡ്‌സ്
നെതർലാൻഡിലെ പുതുവത്സര ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് ഒലീബോൾ(Oliebol). തെരുവോരങ്ങളിലെ ചെറിയ ഉന്തുവണ്ടികളില്‍ ഇവ വില്‍ക്കുന്നത് സാധാരണമാണ്. ഡോനട്ട് പോലെ, എണ്ണയില്‍ മുക്കിപ്പൊരിച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിത്.

∙ സോബ നൂഡിൽസ്, ജപ്പാൻ
പോയ വർഷത്തോട് വിടപറയാനും വരാനിരിക്കുന്ന വർഷത്തെ സ്വാഗതം ചെയ്യാനും പുതുവർഷ രാവിൽ അർധരാത്രിയിൽ ജാപ്പനീസ് കുടുംബങ്ങൾ സോബ നൂഡിൽസ്(Soba noodles)അല്ലെങ്കിൽ തോഷികോഷി സോബ കഴിക്കുന്നു. ബക്ക് വീറ്റ് മാവ് കനം കുറഞ്ഞ നൂഡിൽസ് ആക്കിയാണ് സോബ ഉണ്ടാക്കുന്നത്. പതിനേഴാം നൂറ്റാണ്ട് മുതല്‍ തുടര്‍ന്നുവരുന്ന പാരമ്പര്യമാണ് ഇത്.
∙ അച്ചാറിട്ട മത്സ്യം - പോളണ്ട്, സ്കാൻഡിനേവിയ
മത്തിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഹെറിങ് എന്ന മത്സ്യമാണ് പോളണ്ടിലും സ്കാൻഡിനേവിയയിലും പുതുവത്സര ആഘോഷ വിരുന്നിലെ പ്രധാന താരം. ഇത് അച്ചാറിട്ടാണ് (Pickled herring)കഴിക്കുന്നത്. പോളണ്ടിലും സ്കാൻഡിനേവിയയുടെ ചില ഭാഗങ്ങളിലും ഈ മീന്‍ ധാരാളമായി കാണപ്പെടുന്നു, അവയുടെ വെള്ളി നിറം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കുന്നു. ഉപ്പിലിട്ട മീന്‍ 24 മണിക്കൂർ മുഴുവൻ വെള്ളത്തിൽ കുതിർത്തു, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, വെളുത്ത വിനാഗിരി എന്നിവ ചേർത്ത് ഒരു പാത്രത്തിൽ നിരത്തിയാണ് പോളണ്ടുകാര്‍ പുതുവര്‍ഷ പലഹാരം തയ്യാറാക്കുന്നത്.
∙ ക്രാൻസെകേജ് - ഡെൻമാർക്ക്, സ്കാൻഡിനേവിയ
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡെൻമാർക്ക്, സ്കാൻഡിനേവിയ തുടങ്ങിയ ഇടങ്ങളില്‍ ഉണ്ടാക്കുന്ന ഒരു കേക്കാണ് ക്രാൻസെകേജ്(Kransekage). ബദാം, പഞ്ചസാര, മുട്ടയുടെ വെള്ള എന്നിവ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. കുഴച്ച മാവ്, പതിനെട്ടോ അതിലധികമോ പാളികളാക്കി ഒന്നിന് മുകളില്‍ ഒന്നായി വയ്ക്കുന്നു. ഇംഗ്ലീഷില്‍ ഇതിനു 'റീത്ത് കേക്ക്' എന്നാണ് പറയുന്നത്.
∙ ഹോപ്പിൻ ജോൺ, യു എസ്
വന്‍പയറും അരിയും പോര്‍ക്കും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു റൈസ് ബൗളാണ് ഹോപ്പിൻ ജോൺ. പുതുവര്‍ഷ രാത്രിയില്‍ ഇത് കഴിച്ചാല്‍ വര്‍ഷം മുഴുവനും ഭാഗ്യം നിലനില്‍ക്കുമെന്നു വിശ്വസിക്കപ്പെടുന്നു. വന്‍പയര്‍ എന്നത് നാണയങ്ങള്‍ക്ക് സമമായാണ് കണക്കാക്കുന്നത്. ഇത് വിളമ്പുന്ന ബൗളിനടിയില്‍ ഒരു നാണയം കൂടി ഒളിപ്പിച്ചു വയ്ക്കുന്ന പതിവുമുണ്ട്. കൂടാതെ സമൃദ്ധിയുടെ പ്രതീകമായി, ഇലക്കറികളും മറ്റും ചേര്‍ക്കുന്നു.