ADVERTISEMENT

നമ്മുടെ മുതുമുത്തശ്ശന്‍മാരുടെ കാലം മുതല്‍ക്കേ ഉള്ള ഒരു ശീലമാണ് ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക എന്നത്. മണ്‍ചട്ടിയും ഇരുമ്പ് പാത്രങ്ങളും ഇല്ലാത്ത അടുക്കളകള്‍ അന്ന് ഇല്ലായിരുന്നു. പിന്നീട് ഇടയ്ക്ക് നോണ്‍ സ്റ്റിക്ക് പാനുകളും മറ്റും വന്നു. അവയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയതിനാല്‍, വീണ്ടും ഇരുമ്പ് പാത്രങ്ങള്‍ അടുക്കളകളിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.  

Image Source: GMVozd | istock
Image Source: GMVozd | istock

നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാനും സൂക്ഷിക്കാനുമെല്ലാം എളുപ്പമാണ്. എന്നാല്‍ ഇവയ്ക്ക് ഒട്ടനേകം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. മാത്രമല്ല, ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഇവ നിലനില്‍ക്കുകയുമില്ല. ഇരുമ്പ് പാത്രങ്ങളുടെ കാര്യം അങ്ങനെയല്ല. ശരിയായി സൂക്ഷിച്ചാല്‍ ഇവ പതിറ്റാണ്ടുകളോളം നിലനില്‍ക്കും. കൂടാതെ, ആരോഗ്യഗുണങ്ങളും ഒട്ടേറെയാണ്.

ഇരുമ്പ് പാത്രങ്ങള്‍ക്ക് നോൺ സ്റ്റിക്ക് കോട്ടിങ് ഉണ്ട്

ഇക്കാര്യം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും സംശയം തോന്നാം. എന്നാല്‍, ശരിയായി ചൂടാക്കിക്കഴിഞ്ഞ ശേഷം ഭക്ഷണങ്ങള്‍ വേവിക്കാന്‍ വയ്ക്കുകയാണെങ്കില്‍ ഇരുമ്പ് പാത്രങ്ങള്‍ നോണ്‍ സ്റ്റിക്ക് ആയി നില്‍ക്കും, ദോശയും ഓംലറ്റുമൊന്നും പറ്റിപ്പിടിക്കില്ല. നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ നിന്നും ഭക്ഷണത്തിലേക്ക് എത്തുന്ന പെർഫ്ലൂറിനേറ്റഡ് സംയുക്തങ്ങൾ കഴിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ഉയർന്ന ഊഷ്മാവിൽ ഇത്തരം നോൺ സ്റ്റിക്ക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ രാസവസ്തുക്കൾ വിഘടിച്ച് ഭക്ഷണത്തിൽ കലരുന്നു. ഏറ്റവും സാധാരണമായ രാസവസ്തുക്കളിൽ ഒന്നാണ് PFOA അല്ലെങ്കിൽ perfluorooctanoic ആസിഡ്. ഈ രാസ സംയുക്തങ്ങളുടെ സ്ഥിരമായ ഉപഭോഗം ആരോഗ്യത്തിന് മാരകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. മറുവശത്ത്,  ഇരുമ്പ് പാത്രങ്ങള്‍ വളരെ സുരക്ഷിതമാണ്, അവയിൽ ഈ വിഷ രാസവസ്തുക്കളൊന്നും ഇല്ല. 

2219917581
Image credit: Akintevs/Shutterstock

ഇരുമ്പ് പാത്രങ്ങളിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ കാണിക്കുന്നു, ഇത് ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. 

കാലം കഴിയുംതോറും ഗുണം കൂടും

പഴകുംതോറും വീര്യവും ഗുണവും കൂടുന്ന വീഞ്ഞ് പോലെയാണ് ഇരുമ്പ് പാത്രങ്ങള്‍. ഇരുമ്പ് പാത്രം എത്ര പഴക്കമുള്ളതാണോ അത്രയും നല്ലത്, ഭക്ഷണം പാകം ചെയ്യാന്‍ അത്രയും എളുപ്പവും സൗകര്യവും ഉണ്ടായിരിക്കും. പ്രായം കൂടുന്നതനുസരിച്ച് അവയുടെ ഉപരിതലം കൂടുതല്‍ മിനുസമാര്‍ന്നതാവുകയും കൂടുതല്‍ നേരം ചൂട് നിലനിര്‍ത്തുകയും ചെയ്യും. കൂടുതല്‍ ഉപയോഗിക്കുന്തോറും പാചകം കൂടുതല്‍ എളുപ്പമാക്കും.

ചൂട് നിലനിര്‍ത്തും, ഇന്ധനം ലാഭിക്കും

ഒരിക്കല്‍ ചൂടാക്കിയാല്‍ പിന്നെ മണിക്കൂറുകളോളം ചൂട് നിലനില്‍ക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ചൂട് എല്ലാ വശത്തും ഒരുപോലെ എത്തുകയും ചെയ്യും. അതേപോലെ കുറഞ്ഞ അളവിലുള്ള എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം.

കൂടുതല്‍ കാലം നിലനില്‍ക്കാന്‍ ശരിയായി സൂക്ഷിക്കാം

ഇരുമ്പ് പാത്രങ്ങള്‍ ശരിയായി പരിപാലിച്ചാല്‍ കൂടുതല്‍ ഈടു നില്‍ക്കും. പാകം ചെയ്ത ശേഷം, പാത്രം ചൂടായി ഇരിക്കുമ്പോള്‍ തന്നെ അതില്‍ അവശേഷിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ചുരണ്ടിക്കളയുക. വൃത്തിയാക്കുന്നതിന് മുമ്പ് തണുപ്പിക്കാൻ വയ്ക്കുക. ചൂടുവെള്ളവും നേര്‍പ്പിച്ച ഡിഷ്‌വാഷും ഉപയോഗിച്ച് കഴുകി എടുക്കുക. ഈ പാത്രം നന്നായി ഉണക്കിയ ശേഷം മാത്രം എടുത്തു വയ്ക്കുക. പ്രത്യേകിച്ച് ഇടയ്ക്കിടെ ഉപയോഗിക്കാത്ത പാത്രങ്ങള്‍ ആണെങ്കില്‍ തുരുമ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഇത് ഉണക്കിയ ശേഷം ഒന്നു ചെറുതായി ചൂടാക്കുക. ശേഷം എണ്ണ പുരട്ടി എടുത്തുവച്ചാല്‍ തുരുമ്പ് പിടിക്കില്ല.

Image Source: Sajesh K | istock
Image Source: Sajesh K | istock

അഥവാ, തുരുമ്പ് പിടിച്ചു പോയാല്‍ വെള്ളവും വെള്ള വിനാഗിരിയും തുല്യ ഭാഗങ്ങളിൽ കലർത്തി അതില്‍ പാത്രം ഒരു മണിക്കൂർ മുക്കിവയ്ക്കുക. അതിനുശേഷം, നല്ല സ്റ്റീൽ വൂള്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക.  ഇത് തുരുമ്പ് നീക്കംചെയ്യുന്നത് എളുപ്പമാക്കുന്നു.

English Summary:

Healthy Cooking Iron Pans

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com