കടല കുതിര്‍ക്കാന്‍ മറന്നോ? ഇനി ടെൻഷൻ വേണ്ട, ഇങ്ങനെ ചെയ്താൽ മതി

Mail This Article
രാവിലെ പെട്ടെന്ന് കടലക്കറി കൂട്ടി പുട്ട് കഴിക്കാന്‍ കൊതി തോന്നുമ്പോള്‍ എന്ത് ചെയ്യും. ചെറുപയറും കടലയും പോലുള്ളവ സാധാരണയായി കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് വെള്ളത്തിൽ കുതിർക്കാറുണ്ട്. പാചകം ചെയ്യാൻ വേണ്ടിവരുന്ന സമയം കുറയ്ക്കാന്‍ മാത്രമല്ല, ഇവയിലെ ദോഷകരമായ ചില ഘടകങ്ങള്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും.
പ്രോട്ടീൻ, നാരുകൾ എന്നിവയും ധാരാളം വിറ്റാമിനുകളും ആരോഗ്യകരമായ പോഷകങ്ങളും കടല പോലുള്ള പയര്‍വര്‍ഗ്ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ശരിയായ രീതിയിൽ ഇവ തയ്യാറാക്കിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. മനുഷ്യരിൽ ദഹനപ്രശ്നങ്ങൾക്കും ചില പോഷക കുറവുകൾക്കും കാരണമാകുന്ന ഫൈറ്റിക് ആസിഡ്, പയർവർഗ്ഗങ്ങൾ, നട്സ്, ധാന്യങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇവ ഉള്ളില്‍ എത്തിയാല്‍, ഇരുമ്പ്, സിങ്ക്, കാൽസ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയ്ക്കുന്നു. ഇവ 2 മുതൽ 8 മണിക്കൂർ വരെ കുതിര്‍ത്ത ശേഷം, വേവിച്ച് കഴിക്കണം.

ഇങ്ങനെയൊക്കെയാണെങ്കിലും പെട്ടെന്ന് ഒരു കടലക്കറി കഴിക്കാന്‍ തോന്നിയാല്‍ എന്ത് ചെയ്യും? നേരത്തെ കുതിര്‍ക്കാതെ തന്നെ കടല വേവിച്ചെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ചൂടുവെള്ളവും ഉപ്പും
കടല 2 തവണ കഴുകുക, ഒരു ചൂടുള്ള പാത്രം അല്ലെങ്കിൽ കാസറോൾ എടുത്ത്, അതിലേക്ക് കഴുകിയ കടല ചേർത്ത് ചൂടുവെള്ളമൊഴിക്കുക, ഒരു തരി ഉപ്പും ഇടുക. ഇത് മൂടി ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക, ശേഷം എടുത്ത് കറി വയ്ക്കാം.

തിളപ്പിക്കുക
ആദ്യം തന്നെ കടല നന്നായി കഴുകുക. ഒരു പാത്രത്തിൽ, ഈ കടല ചേർത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഏകദേശം 5-10 മിനിറ്റ് ഇങ്ങനെ തിളയ്ക്കട്ടെ. എന്നിട്ട് തീ ഓഫ് ചെയ്ത് പാത്രം ഒരു മൂടി കൊണ്ട് മൂടുക, ഈ ചൂടുവെള്ളത്തിൽ 1-2 മണിക്കൂർ വയ്ക്കുക. ഇത് രാത്രി മുഴുവന്‍ കുതിർക്കുന്നത് പോലെ ഫലപ്രദമല്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കടല വേവിച്ചെടുക്കാന്‍ സഹായിക്കും.
പ്രഷർ കുക്കറില്‍ വേവിക്കുക
കുതിര്‍ക്കാത്ത കടല, വേഗത്തിലും കാര്യക്ഷമമായും പാകം ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് പ്രെഷര്‍ കുക്കര്‍. ആവിയും ഉയർന്ന മർദ്ദവും ഉപയോഗിക്കുമ്പോള്‍ കടല മയപ്പെടുന്നു. ഒരു പ്രഷർ കുക്കറിൽ, കടലയുടെ അളവിൻ്റെ 3 മടങ്ങ് വെള്ളം ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക. കടലയുടെ സെല്ലുലോസ് ഘടനയെ തകർത്ത് വേഗത്തിൽ മൃദുവാക്കാൻ ബേക്കിംഗ് സോഡ സഹായിക്കുന്നു. പ്രഷർ കുക്കറിൻ്റെ മൂടി അടച്ച് ഉയർന്ന തീയിൽ 4-5 വിസിലുകൾ വരെ വേവിക്കുക. തീ കുറച്ച് 10-15 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക. ആവി പോയ ശേഷം തുറക്കാം.
ഐസ് ക്യൂബ്സ് മാജിക്!
ഐസ് ക്യൂബ് ഉപയോഗിച്ച് കടല വേവിക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതിനായി കടല ആദ്യം കുക്കറില്‍ ഇട്ട് രണ്ടു വിസില്‍ വരുന്ന വരെ വേവിക്കുക. ആവി പോയ ശേഷം തുറക്കുക. ഇതിലേക്ക് ധാരാളം ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ഒഴിച്ച് വീണ്ടും അടുപ്പത്ത് വയ്ക്കുക.
ഇത് ഏഴോ എട്ടോ വിസില്‍ വരുന്നത് വരെ വേവിക്കുക. ഇങ്ങനെ ചെയ്‌താല്‍ കുതിര്‍ത്ത് എടുക്കുന്ന പോലെത്തന്നെ കടല വെന്തുകിട്ടും.
മുന്നേ കുതിര്‍ത്തു വയ്ക്കാം
കടല അതാത് ദിവസങ്ങളില്‍ തന്നെ കുതിര്‍ക്കണം എന്നില്ല. സ്ഥിരമായി കടല ഉപയോഗിക്കുന്ന വീടുകളില്‍, ഇവ ആദ്യമേ കുതിര്‍ത്തു വയ്ക്കാം. കുതിര്‍ത്ത കടല വെള്ളം കളഞ്ഞ് പൂര്‍ണ്ണമായും ഉണക്കിയെടുത്ത ശേഷം, ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്നറിലോ ആക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇത് പിന്നീട് ആവശ്യത്തിനനുസരിച്ച് എടുത്ത് ഉപയോഗിക്കാം. കടല മാത്രമല്ല, പയര്‍, ഗ്രീന്‍പീസ് മുതലായവയെല്ലാം തന്നെ ഇങ്ങനെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാം.