കഴിച്ചിട്ടുണ്ടോ ഈ മധുരമുള്ള ഉള്ളി; അപൂര്‍വവും രുചികരവുമാണ്

Mail This Article
ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് അവാജി. കോബെ ബീഫിന് പ്രശസ്തമായ കോബെ നഗരത്തെയും ചുഴികളുടെ നാടായ നരൂട്ടോയെയും ബന്ധിപ്പിക്കുന്ന സെറ്റോ ഉൾനാടൻ കടലിലാണ് ഇത്. പതിനാലാം നൂറ്റാണ്ടിലെ സുമോട്ടോ കാസിൽ, ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം, ഗോഡ്‌സില്ല തീം പാർക്ക് എന്നിവയുൾപ്പെടെ ആകർഷകമായ ഒട്ടേറെ കാര്യങ്ങൾ ഇവിടെയുണ്ട്. ഭൂമിക്കടിയിലാകട്ടെ, അപൂര്‍വവും രുചികരവുമായ ഒരു പ്രത്യേകയിനം ഉള്ളി ഇവിടെ വളരുന്നു. അവാജി ഉള്ളി എന്നറിയപ്പെടുന്ന ഈ ഉള്ളിക്ക് നല്ല മധുരമാണ്.
ജപ്പാനിലെ ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് ഹൊക്കൈഡോ. രണ്ടാം സ്ഥാനത്താണ് അവാജി ദ്വീപ്. മധുരം മാത്രമല്ല, നല്ല വലുപ്പവും ഉള്ള ഉള്ളികളാണ് ഇവിടെ വളരുന്നത്. വിളവെടുപ്പു കാലങ്ങളില്‍ ദ്വീപിന്‍റെ തെക്കൻ അറ്റം മുഴുവൻ ഉള്ളിയുടെ ഗന്ധം പരക്കും.
ഈ ഉള്ളിയുടെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നതു തന്നെ. അവാജിയിലെ ഒനാരുട്ടോ ബ്രിജ് മെമ്മോറിയൽ മ്യൂസിയത്തിൽ, ഒട്ടമനേഗി എന്നറിയപ്പെടുന്ന ഒരു ഭീമൻ ഉള്ളി പ്രതിമയുണ്ട്. ദ്വീപിന്‍റെ മുഖമുദ്രകളില്‍ ഒന്നാണ് ഇത്. ഇതിന് 2.8 മീറ്റർ ഉയരവും 2.5 മീറ്റർ വ്യാസവും ഏകദേശം 250 കിലോഗ്രാം ഭാരവുമുണ്ട്. നരുട്ടോ കടലിടുക്കിന്‍റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ ഈ പ്രതിമയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ധാരാളം കാണാം.
പണ്ടുകാലം മുതല്‍ക്കേ ഭക്ഷ്യസമൃദ്ധിയുള്ള പ്രദേശമാണ് അവാജി ദ്വീപ്. എട്ടാം നൂറ്റാണ്ടില്‍ രാജകുടുംബത്തിനു വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം ഇവിടെ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. പിന്നീട് 1880 കളിൽ അവാജിയുടെ ഫലഭൂയിഷ്ഠമായ മണ്ണിലേക്ക് മഞ്ഞ ഉള്ളി ആദ്യമായി എത്തി. ജാപ്പനീസ് പാചകരീതിയിൽ പാശ്ചാത്യ വിഭവങ്ങളുടെ സ്വാധീനം കൂടി വന്ന അക്കാലത്ത്, വിദേശത്ത് നിന്നാണ് ഈ ഉള്ളി എത്തിയത്.
അധികം വൈകാതെ തന്നെ, അത് അവാജിയില്‍ വേരുപിടിച്ചു. അവാജിയിലെ, നല്ല നീർവാർച്ചയുള്ള മണ്ണിൽ ഉള്ളി തഴച്ചുവളരുന്നതായി കർഷകർ കണ്ടെത്തി. ചുറ്റുമുള്ള ഹരിമനാട കടൽ, ഒസാക്ക ഉൾക്കടൽ, കീ ചാനൽ എന്നിവയുടെ സാന്നിധ്യം മൂലം ദ്വീപിലെ മണ്ണ് ധാതുക്കളാല്‍ സമ്പുഷ്ടമാണ്. ഇക്കാരണം കൊണ്ടാണെന്ന് പറയപ്പെടുന്നു-വേനൽക്കാലത്ത് ഉള്ളിപ്പാടങ്ങളിലേക്ക് മിന്നാമിനുങ്ങുകൾ കൂട്ടമായി പറന്നെത്തുന്നു.
അവാജി ഉള്ളികളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ, വര്‍ഷം മുഴുവനും ഇത് എങ്ങനെ വിളവെടുക്കാം എന്ന് കര്‍ഷകര്‍ ചിന്തിച്ചു തുടങ്ങി. അങ്ങനെ വസന്തകാലത്ത് അധികം മൂക്കാത്ത ഉള്ളികള്‍ കൂടി വിളവെടുത്ത് വില്‍ക്കാന്‍ തുടങ്ങി. ജാപ്പനീസ് ഭാഷയിൽ ഷിൻ-തമനേഗി എന്നറിയപ്പെടുന്ന ഈ "പുതിയ" ഉള്ളി പ്രധാനമായും മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ വിളവെടുക്കുന്നു, ഇത് കൂടുതല്‍ മധുരമുള്ള ഉള്ളിയാണ്. കടലാസ്സ് പോലുള്ള നേര്‍ത്ത തൊലിയും വളരെ മൃദുവായ മാംസളഭാഗവുമുള്ള ഈ ഉള്ളി കൂടുതലും പച്ചയ്ക്ക് ആണ് കഴിക്കുന്നത്.
രണ്ടാമത്തെ വിളവെടുപ്പ് സീസണ്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ്. ഇവ വിളവെടുത്ത ശേഷം, മധുരം കൂട്ടാനായി, രണ്ട് മാസത്തേക്ക് ഷെഡുകളിൽ സൂക്ഷിച്ച് ഉണക്കുന്നു. ശരിയായി പഴുത്തു കഴിഞ്ഞാൽ, അവ പാചകത്തിനുള്ള ഉള്ളി ആയി വിൽക്കുന്നു, സ്റ്റ്യൂ, കറി, സോസുകള്‍ മുതലായവയില്‍ ഇത് ഉപയോഗിക്കുന്നു.
ഉണങ്ങിയ അവാജി ഉള്ളിയില്‍, തണ്ണിമത്തനേക്കാൾ ഉയർന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാരയുണ്ട്. മാത്രമല്ല, സാധാരണ ഉള്ളികളെപ്പോലെ എരിവും ഇല്ല. മുന്തിരിപ്പാടങ്ങളില്‍ വൈന്‍ ടേസ്റ്റിങ് ടൂറുകള്‍ ഉള്ളത് പോലെ, അവാജിയില്‍ സഞ്ചാരികള്‍ക്കായി 'ഉള്ളി ടേസ്റ്റിങ്' ടൂറുകള്‍ ഉണ്ട്. പച്ച ഉള്ളിയും ഉള്ളി ഉപയോഗിച്ചുള്ള വിഭവങ്ങളും ഈ യാത്രയില്‍ ആസ്വദിക്കാം.