സാധാരണ തൈരും ഗ്രീക്ക് യോഗര്‍ട്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?

Mail This Article
ചോറിന്‍റെ കൂടെയാവട്ടെ, ചപ്പാത്തിയുടെ കൂടെയാവട്ടെ, അല്ലെങ്കില്‍ ബിരിയാണിക്കൊപ്പമാവട്ടെ, കറിയൊന്നുമില്ലെങ്കിലും രുചികരമായി കഴിക്കാന്‍ തൈര് മതി. നട്ടുച്ചയ്ക്ക് നല്ല തൂവെള്ള ചോറില്‍ തണുത്ത കട്ടത്തൈര് ചേര്‍ത്ത് കുഴച്ചു കഴിക്കുന്നത് പലര്‍ക്കും എന്നും ഓര്‍ക്കുന്ന ഗൃഹാതുരത്വങ്ങളില്‍ ഒന്നാണ്. വയറിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നിറഞ്ഞ തൈര് വളരെ ആരോഗ്യകരവുമാണ്.
തൈരിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തൈര് ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തൈരിലെ പ്രോബയോട്ടിക്സിനും ആന്‍റി ഓക്സിഡൻറുകൾക്കും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങളും തൈരില്‍ അടങ്ങിയിട്ടുണ്ട്.

ചിലപ്പോഴൊക്കെ തൈരിനു പകരം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഫിറ്റ്നസ് പ്രേമികള്‍ക്കാവട്ടെ, പണ്ടേ പ്രിയപ്പെട്ടതാണ് ഗ്രീക്ക് യോഗര്‍ട്ട്. സാധാരണ തൈരും ഗ്രീക്ക് യോഗര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചിന്തിച്ചിട്ടുണ്ടോ?
രുചിയുടെയും ഘടനയുടെയും ആരോഗ്യഗുണങ്ങളുടെയും കാര്യത്തില്‍, ഗ്രീക്ക് യോഗര്‍ട്ടിന് സാധാരണ തൈരില്‍ നിന്നും വ്യത്യാസമുണ്ട്. പലതവണ അരിച്ചെടുത്ത് അവശേഷിക്കുന്ന 'വേ' നീക്കം ചെയ്യുന്നു, പാൽ തൈര് ആക്കിയതിനു ശേഷം ശേഷിക്കുന്ന ദ്രാവകമാണ് വേ(Whey). ഇങ്ങനെ ചെയ്യുമ്പോള്‍ തൈര് കൂടുതല്‍ കട്ടിയുള്ളതും ക്രീമിയുമായി മാറുന്നു. സാധാരണ തൈരില്‍ ഈ ദ്രാവകം നീക്കം ചെയ്യാറില്ല.

അരിച്ചെടുക്കുമ്പോള്‍ ലാക്ടോസ് നീക്കം ചെയ്യപ്പെടുന്നതിനാല്‍ ഗ്രീക്ക് യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. എന്നാല്‍ പ്രോട്ടീന്‍ വളരെ കൂടുതലാണ്. സാധാരണ തൈരില്‍ ഉള്ളതിന്‍റെ ഏകദേശം ഇരട്ടിയോളം പ്രോട്ടീന്‍ ഗ്രീക്ക് യോഗര്‍ട്ടില്‍ ഉണ്ട്.
ഗ്രീക്ക് യോഗര്‍ട്ട് ഉണ്ടാക്കാൻ കൂടുതൽ പാൽ ആവശ്യമാണ്, ഇത് ഉൽപാദനച്ചെലവ് വർദ്ധിപ്പിക്കുന്നു.
ഗ്രീസില്‍ മാത്രമല്ല
പേര് ഗ്രീക്ക് യോഗര്‍ട്ട് എന്നാണെങ്കിലും മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇത് ഉണ്ടാക്കുന്ന പ്രക്രിയ ആരംഭിച്ചത്. പിന്നീട് അമേരിക്കയില്‍ പ്രചാരത്തിലാകാന്‍ തുടങ്ങിയപ്പോള്‍, ഗ്രീക്ക് ഭക്ഷണങ്ങളുടെ രുചിയും ഗുണമേന്മയും ജനപ്രിയതയും കണക്കിലെടുത്ത് ഒരു കോർപ്പറേറ്റ് മാര്‍ക്കറ്റിംഗ് തന്ത്രമായി ഇതിനെ ഗ്രീക്ക് യോഗര്‍ട്ട് എന്ന് വിളിച്ചു തുടങ്ങി.

യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇത്തരം യോഗര്‍ട്ട് പലപ്പോഴും കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പശുവിൻ പാലിൽ നിന്നാണ് നിർമ്മിക്കുന്നത്. ഐസ്‌ലാൻഡിൽ 'സ്കൈർ' എന്ന പേരിൽ സമാനമായ ഒരു ഉൽപ്പന്നം നിർമ്മിക്കുന്നു. അർമേനിയയിൽ ഇതിനെ 'കാമറ്റ്സ് മാറ്റ്സൂൺ' എന്ന് വിളിക്കുന്നു. അൽബേനിയയിലാകട്ടെ, ഇത് 'സാൽകോ കോസി' എന്ന് അറിയപ്പെടുന്നു. ടർക്കിഷ് വിപണികളിൽ, 'ലാബ്‌നെ' എന്ന പേരില്‍ കിട്ടുന്ന ഉല്‍പ്പന്നവും അരിച്ചെടുത്ത തൈരാണ്.
ഇന്ത്യയിലെ ഗ്രീക്ക് യോഗര്‍ട്ട്
തൈര് മസ്ലിന്‍ തുണിയിലാക്കി വെയിലത്ത് തൂക്കിയിടുന്ന ഒരു വിദ്യ ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രചാരത്തിലുണ്ട്. ഈ തൈര് തൈര് ഒരു പാത്രത്തിലേക്ക് മാറ്റുന്നു, പഞ്ചസാര, കുങ്കുമപ്പൂവ്, ഏലം എന്നിവ ചേർക്കുന്നു. ഇത് നന്നായി അടിച്ചെടുത്ത ശേഷം, മണിക്കൂറുകളോളം തണുപ്പിച്ച് വിളമ്പുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള 'ശ്രീഖണ്ഡ്' എന്ന യോഗര്‍ട്ട് ഈ വിഭവത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതായി ചരിത്രകാരന്മാര്‍ പറയുന്നു. മാമ്പഴം, റോസ് എന്നിങ്ങനെയുള്ള രുചികള്‍ ചേര്‍ത്ത് ഇത് ഉണ്ടാക്കുന്നു. നോര്‍ത്തിന്ത്യന്‍ താലിക്കൊപ്പവും പൂരിക്കൊപ്പവും ഇത് കഴിക്കാറുണ്ട്.