പുതിയ ദോശക്കല്ല് ആണോ? ഒട്ടിപിടിക്കാതെ ദോശ എളുപ്പത്തിൽ ഇളകിവരാൻ ഈ ട്രിക്ക് മതി

Mail This Article
നല്ല മൊരിഞ്ഞ ദോശയും തേങ്ങാ ചമ്മന്തിയും സാമ്പാറും ഉണ്ടെങ്കിൽ സംഗതി ഉഷാറായി. ദോശയും ഇഡ്ഡലിയുമൊക്കെ മിക്കവർക്കും പ്രിയമാണ്. നല്ല ക്രിസ്പിയായ ദോശ നോൺസ്റ്റിക് പാനിൽ മാത്രമല്ല, ദോശക്കല്ലിലും ഉണ്ടാക്കാം. പുതുതായി വാങ്ങുന്ന ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരാൻ പ്രയാസമാണ്.

മാവ് ഒട്ടിപിടിക്കുക പതിവാണ്. പഴമക്കാർ പറയുന്നപോലെ കല്ലിനെ മയക്കി പരുവത്തിന് ആക്കണം. അതിനായി വെളിച്ചെണ്ണ തേച്ചുകൊടുത്തും സവാള മുറിച്ച് ഉരച്ചുമൊക്കെ ചെയ്യാറുണ്ട്. ഇനി സമയം കളയാതെ പെട്ടെന്ന് ദോശക്കല്ല് മയക്കി എടുക്കാൻ ഒരു വഴിയുണ്ട്. എങ്ങനെയെന്ന് നോക്കാം.
∙കുടംപുളി മുന്നാല് അല്ലി എടുക്കാം. അത് വെള്ളത്തിൽ അലിയിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം. ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം. ദോശക്കല്ല് അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഈ അരച്ച കൂട്ട് അതിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കാം. ശേഷം തീ അണയ്ക്കാം. 10 മിനിറ്റ് ദോശക്കല്ലിൽ വച്ചതിന് ശേഷം കഴുകി കളയാം. ഉടൻ തന്നെ ദോശ ഉണ്ടാക്കി നോക്കൂ, നല്ല ക്രിസ്പിയായി ദോശ ഉണ്ടാക്കാം, മാവ് ഒട്ടിപിടിക്കില്ല.

∙ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം തളിച്ച ശേഷം കുറച്ചു നല്ലെണ്ണ കല്ലിൽ തേച്ചു കൊടുക്കുക.ഇനി ദോശ കല്ലിൽ പരത്തി കൊടുക്കാവുന്നതാണ്. ഒട്ടും ഒട്ടിപിടിക്കാതെ ദോശ എടുക്കാൻ സാധിക്കും.
∙സവാള തൊലി കളയാതെ രണ്ടായി മുറിച്ച ശേഷം ഒരു കഷ്ണത്തിൽ ഫോർക് കുത്തി കൊടുക്കുക. ചൂടായ ദോശക്കല്ലിൽ സവാള തേച്ചു കൊടുത്ത ശേഷം ദോശ പരത്തുക. നല്ല ക്രിസ്പിയായ കനം കുറഞ്ഞ ദോശ ഉണ്ടാക്കി എടുക്കുവാൻ സാധിക്കും.
∙ചൂടായ ദോശക്കല്ലിൽ കുറച്ചു വെള്ളം തളിച്ച ശേഷം മാത്രം ദോശ ചുടുക. ഇത് കല്ലിന്റെ ചൂടിനെ ക്രമീകരിച്ചു ദോശ ഒട്ടിപിടിക്കാതെ നന്നായി ഉണ്ടാക്കി എടുക്കുവാൻ സഹായിക്കും.