സാലഡായും തോരനായും കാബേജ് നിങ്ങൾ കഴിക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ

Mail This Article
ശൈത്യകാലത്ത് ഭക്ഷണരീതികളിൽ നമ്മൾ ചില മാറ്റങ്ങൾ വരുത്താറുണ്ട്. തണുപ്പ് കൂടുന്നതു കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവും ആയിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികൾ. മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കാബേജ്. ശൈത്യകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട വിഭവവും ആണിത്. തോരൻ വെച്ച് കഴിക്കാൻ മാത്രമല്ല സലാഡിലും സൂപ്പുകളിലും ഒക്കെ കാബേജ് ഉപയോഗിക്കാറുണ്ട്.

കാബേജിൻ്റെ രുചിയും ആകൃതിയും എല്ലാം നമ്മെ ആകർഷിക്കാറുണ്ടെങ്കിലും ഉയർന്ന അളവിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പച്ചക്കറി കൂടിയാണ് ഇത്. കൂടാതെ ഉയർന്ന അളവിൽ രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഒക്കെ അടങ്ങിയിരിക്കുന്ന പച്ചക്കറി കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ കാബേജിൻ്റെ ഓരോ പാളിയും കൃത്യമായി വൃത്തിയാക്കേണ്ടതുണ്ട്. വീട്ടിൽ കാബേജ് ഉപയോഗിക്കുന്നതിനു മുമ്പ് അത് നന്നായി വൃത്തിയാക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ.
പുറത്തെ ഇലകൾ നീക്കം ചെയ്യുക
കാബേജിൻ്റെ പുറത്തെ ഇലകൾ നീക്കം ചെയ്യുക എന്നതാണ് ആദ്യഘട്ടമായി ചെയ്യേണ്ടത്. ഈ ഇലകൾ പൊതുവേ കേടായതും അഴുക്കു പുരണ്ടതും ആയിരിക്കും.

പാചകത്തിന് പൊതുവേ കാബേജിൻ്റെ പുറത്തെ ഈ ഇലകൾ ഉപയോഗിക്കാറില്ല. കാബേജിൻ്റെ അകത്തെ ഏതെങ്കിലും ഇലകൾക്ക് കേടുപാടുകൾ ഉണ്ടെന്ന് തോന്നിയാൽ അവയും ഉപേക്ഷിക്കുക.
കാബേജ് മുറിക്കുക

കാബേജ് രണ്ടു കഷണമായോ അല്ലെങ്കിൽ നാലു കഷണമായോ മുറിക്കുക. കാബേജിൻ്റെ വലുപ്പത്തെ ആശ്രയിച്ചാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. ഓരോ കഷണവും എടുത്ത് വൃത്തിയായി കഴുകാൻ ഇത് സഹായിക്കും. വലിയ കാബേജ് ആണെങ്കിൽ അത് ചെറിയ കഷണങ്ങളായി മുറിക്കുമ്പോൾ വൃത്തിയാക്കാൻ കൂടുതൽ എളുപ്പമായിരിക്കും.
തണുത്ത വെള്ളത്തിൽ കഴുകുക
കൈയിൽ ഒതുങ്ങുന്ന പാകത്തിൽ കാബേജ് മുറിച്ചു കഴിഞ്ഞാൽ ടാപ്പ് തുറന്നു വെച്ച് ഒഴുകുന്ന വെള്ളത്തിൽ ഓരോ കഷണവും വൃത്തിയായി കഴുകുക. കൈ ഉപയോഗിച്ച് വൃത്തിയാക്കി കഴുകുക. പാളികൾക്കിടയിൽ അഴുക്കോ മാലിന്യങ്ങളോ ഉണ്ടെങ്കിൽ അത് വൃത്തിയായി കഴുകുക.
ഉപ്പുവെള്ളത്തിൽ മുക്കിവെക്കുക
അണുക്കളെ ശരിയായി നീക്കം ചെയ്ത് വൃത്തിയാക്കണമെന്നുണ്ടെങ്കിൽ ഒരു പാത്രം വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പിട്ട് ആ വെള്ളത്തിൽ കാബേജ് മുക്കി വെക്കുക. 10 മുതൽ 15 മിനിറ്റ് വരെ ഉപ്പുവെള്ളത്തിൽ മുക്കി വെക്കാം. കാബേജിന് ഉള്ളിൽ എന്തെങ്കിലും അഴുക്കോ അണുക്കളോ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഉപ്പുവെള്ളം സഹായിക്കും. ഉപ്പുവെള്ളത്തിൽ മുക്കി വെച്ചതിനു ശേഷം കാബേജ് തെളിഞ്ഞ വെള്ളത്തിൽ നന്നായി കഴുകുക.
കഴുകി കഴിഞ്ഞതിനു ശേഷവും കാബേജ് ഒന്നുകൂടി നോക്കുന്നത് നന്നായിരിക്കും. എന്തെങ്കിലും പ്രാണികളോ ജീവികളോ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ ഇത് സഹായിക്കും.
വെള്ളം വാർന്നുപോകാൻ അനുവദിക്കുക
കാബേജ് ഒരിക്കൽ കഴുകി വൃത്തിയാക്കി കഴിഞ്ഞാൽ പാചകം ചെയ്യുന്നതിനു മുമ്പ് അതിലെ വെള്ളം വാർന്നു പോകാൻ അനുവദിക്കുക. വെള്ളം ഒപ്പിയെടുക്കാൻ കിച്ചൻ ടവലുകളോ പേപ്പർ ടവലുകളോ ഉപയോഗിക്കാവുന്നതാണ്. കാബേജിൽ അമിതമായുള്ള വെള്ളം ഒപ്പിയെടുക്കാൻ ഇത് സഹായിക്കുന്നു. വെള്ളം നീക്കം ചെയ്തതിനു ശേഷം കറിക്കു വേണ്ടിയോ സാലഡിനു വേണ്ടിയോ കാബേജ് അരിയാവുന്നതാണ്.