ലോക രുചിപട്ടികയിൽ ഒന്നാമത് എത്തിയത് ഷവർമ; ഇത്ര ആരാധകർ ഉണ്ടോ?

Mail This Article
ബോംബെ ബർഗർ എന്ന് മഹാരാഷ്ട്രക്കാർ വിളിക്കുന്ന സാധാരണക്കാരുടെ സ്വന്തം സാൻഡ്‍വിച്ച് വടാപാവ് വീണ്ടും രുചി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ലോകത്തെ അമ്പത് പ്രധാനപ്പെട്ട സാൻഡ്‍വിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്താണ് ഇത്തവണ വടാപാവ്. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളിൽ വട പാവ് ഇടംപിടിക്കുന്നത് ഇതാദ്യമല്ല.
അറബ് ഉത്ഭവം ആണെങ്കിലും നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫെയ്മസ് ആയ ഷവര്‍മയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിയറ്റ്‌നാം സ്‌നാക്‌സ് ബാന്‍ മി രണ്ടാം സ്ഥാനത്തും ടര്‍ക്കിഷ് സാന്‍ഡ് വിച്ച് ടോംബിക് ഡോണര്‍ മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വർഷം ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയിൽ 19-ാം സ്ഥാനത്തായിരുന്നു വടാപാവ്. എന്നാൽ ഈ വർഷം റാങ്കിങ് കുറഞ്ഞു. 1960-70 കാലഘട്ടത്തിൽ ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ഈ വിഭവം സൃഷ്ടിച്ചതെന്നാണ് ചരിത്ര പരാമർശം. വടാപാവിനെ കുറിച്ചുള്ള ടേസ്റ്റ് അറ്റ്ലസിന്റെ പരാമർശത്തിലും ഇതു തന്നെയാണ് പറയുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ഭക്ഷണം എന്തെന്ന വൈദ്യയുടെ അന്വേഷണത്തിന് ഒടുവിലാണ് വട പാവ് പിറവിയെടുക്കുന്നത്.
മഹാരാഷ്ട്രയാണ് ശരിക്കും ഈ സ്നാക്സിന്റെ ഉത്ഭവ സ്ഥാനം. ബ്രെഡ് ബണ്ണ് അഥവാ പാവിന് നടുക്ക് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല നിറച്ച് തയാറാക്കുന്നതാണിത്. ഉരുളക്കിഴങ്ങ് ഉടച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് വട. വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും. ഒപ്പം എണ്ണയിൽ മൂപ്പിച്ച വെളുത്തുള്ളിയും.
സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്. മുംബൈയിൽ വിലകുറഞ്ഞ തെരുവ് ഭക്ഷണമായിട്ടാണ് ഇത് ഉത്ഭവിച്ചതെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റെസ്റ്റോറന്റുകളിലും വഴിയോരങ്ങളിലുമെല്ലാം ലഭിക്കും. 'ബോംബെ ബർഗർ' എന്നും ഇതിനെ വിളിക്കുന്നുണ്ട്.